കണ്ണൂർ: ശരീരഭാരം കുറയ്ക്കാനുള്ള പുതുതലമുറ മരുന്നിനെ നെഞ്ചേറ്റിയവർക്ക് നിരാശ പകരുന്ന വാർത്തയുമായി ഗവേഷകർ. ലോകമെമ്പാടും മരുന്ന് വിപണിയിൽ തരംഗമായി മാറിയ ഗ്ലൂക്കഗോൺ ലൈക്ക് പെപ്റ്റൈഡ്-1 (ജിഎൽപി-1) മരുന്നുകൾ നിർത്തിയാൽ കുറഞ്ഞ ഭാരം വേഗം തിരിച്ചുവരുമെന്നാണ് പഠനഫലം. ബ്രിട്ടനിലെ ഗവേഷകരുടെ പഠന റിപ്പോർട്ട് ബ്രിട്ടീഷ് മെഡിക്കൽ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. വ്യായാമം, ഭക്ഷണക്രമീകരണം എന്നിവ വഴി ഭാരം നിയന്ത്രിക്കുന്നവരെ അപേക്ഷിച്ച് ജിഎൽപി-1 വിഭാഗം മരുന്ന് നിർത്തുന്നവരിൽ ഒരുവർഷംകൊണ്ട് നാലിരട്ടി ശരീരഭാരം കൂടുമെന്നാണ് റിപ്പോർട്ട്.
വിശപ്പ് കുറയ്ക്കുന്നതിലൂടെയാണ് ഭാരം കുറയാൻ മരുന്ന് സഹായിക്കുന്നത്. ഒരുവർഷം കൊണ്ട് 15 കിലോയൊക്കെ ഭാരം കുറയ്ക്കാൻ പറ്റിയിരുന്നു പലർക്കും. എന്നാൽ മരുന്ന് നിർത്തി ഒരുവർഷം കഴിയുമ്പോൾ 10 കിലോ കൂടി. 18 മാസം കൊണ്ട് ശരീരഭാരം അവരുടെ പഴയനിലയിൽ എത്തുമെന്നാണ് ഗവേഷകരുടെ പ്രവചനം. വ്യായാമം, ഭക്ഷണക്രമീകരണം എന്നിവയിലൂടെ ഭാരം നിയന്ത്രിച്ചവരിൽ ഇത്രവേഗം പഴയ ശരീരഭാരത്തിൽ എത്തുന്നില്ലെന്നാണ് മറ്റൊരു കണ്ടെത്തൽ. മരുന്ന് നിർത്തുമ്പോൾ വിശപ്പ് തിരിച്ചുവരും, ഭക്ഷണശീലങ്ങൾ പഴയതുപോലാകും ഇതുവഴി ഭാരവുംകൂടും .
പ്രമേഹം, അമിതഭാരം എന്നിവ നിയന്ത്രിക്കുന്നതിന് കണ്ടെത്തിയതാണ് ജിഎൽപി-1 വിഭാഗം മരുന്നുകൾ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നതിനാൽ വലിയ സ്വീകാര്യത വന്നു. വിലകൂടിയ മരുന്നായിട്ടും വിപണിയിൽ വില്പന കുതിച്ചുകയറി.
രക്തത്തിലെ പഞ്ചസാരയുടെ അളവും വിശപ്പും നിയന്ത്രിക്കാൻ സഹായിക്കുന്ന ജിഎൽപി-1 എന്ന സ്വാഭാവിക ഹോർമോണിനെ അനുകരിക്കുന്ന വിധത്തിലാണ് മരുന്ന് പ്രവർത്തിക്കുന്നത്.
മരുന്ന് ഉപയോഗിക്കുന്നവരിൽ വലിയൊരു ശതമാനവും ഒരുവർഷംകൊണ്ട് ഉപയോഗം നിർത്തുന്നതായാണ് പഠനത്തിൽ തെളിഞ്ഞത്. താത്പര്യം നഷ്ടമാകൽ, വലിയ വില എന്നിവയാണ് ഇതിന് പ്രധാന കാരണം.
ജീവിതശൈലി മാറ്റലാണ് നല്ലത്
ജിഎൽപി-1 മരുന്നുകൾ മസ്തിഷ്കത്തിൽ പ്രവർത്തിച്ചാണ് വിശപ്പ് കുറയ്ക്കുന്നത്. ഇതുവഴി താത്കാലികമായി ഭക്ഷണത്തോടുള്ള ചോദന ഇല്ലാതാക്കുന്നു. മരുന്ന് നിർത്തുമ്പോൾ ആളുകൾ പഴയ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് തിരികെപ്പോകുന്നു എന്നതാണ് കാര്യം. മരുന്ന് പെട്ടെന്ന് നിർത്തുന്നവരിൽ വേഗത്തിൽ ശരീരഭാരം വർധിക്കുന്നതായാണ് കാണുന്നത്. കുറുക്കുവഴികൾ തേടാതെ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ശരീരഭാരം കുറയ്ക്കുക എന്നതാണ് ആരോഗ്യകരമായ രീതി.
ഡോ. ബി. പദ്മകുമാർ, പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ
Content Highlights: New research suggests weight lost with GLP-1 drugs may return quickly after stopping. Discover the study`s implications for long-term weight management.
Published: 09 Jan 2026, 09:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented