വൈകീട്ട് ഒരു നാലാകുന്നതോടെ ലഘുഭക്ഷണങ്ങൾ എന്തെങ്കിലും കഴിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ ഭൂരിഭാ​ഗവും. വേഗത്തിൽ കഴിക്കാവുന്നതും രുചികരവും ആശ്വാസം നൽകുന്നതുമായ പാക്കറ്റ് ചിപ്‌സിലേക്കോ ചോക്ലേറ്റ് ബാറിലേക്കോ വളരെവേ​ഗത്തിൽ നമ്മുടെ കൈയ്യെത്തും. എന്നാൽ, ആരോ​ഗ്യത്തെ ബാധിക്കുന്ന പ്രിസർവേറ്റീവുകളും കൃത്രിമ ചേരുവകൾ ഞെട്ടിപ്പിക്കുന്ന അളവിൽ അടങ്ങിയിട്ടുള്ള ഈ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് കാൻസർ അടക്കമുള്ള ​ഗുരുതര രോ​ഗങ്ങൾക്ക് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

To advertise here,

'ഏറ്റവും പ്രചാരമുള്ള ലഘുഭക്ഷണങ്ങളിൽ പലതും ഉയർന്ന അർബുദ സാധ്യതയുള്ള ചേരുവകളാൽ നിറഞ്ഞതാണ്. എന്നാൽ, ഇവ ഒറ്റനോട്ടത്തിൽ വ്യക്തമാകണമെന്നില്ല. സംസ്കരിച്ച ഭക്ഷണങ്ങളുടെയും പ്രിസർവേറ്റീവുകളുടെയും ഉപയോഗം വലിയ ആശങ്കയായി മാറിയിട്ടുണ്ട്. പാക്ക് ചെയ്തെത്തുന്ന മിക്ക ഭക്ഷണങ്ങളിലും കൃത്രിമ നിറങ്ങളും മോണോസോഡിയം ഗ്ലൂട്ടമേറ്റ് പോലുള്ള രുചി വർധക വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇവ കാർസിനോജനുകളായി പ്രവർത്തിച്ചേക്കാമെന്ന് ചില ​ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു', ഓങ്കോളജിസ്റ്റ് ഡോ. തിരത്ത്റാം കൗശിക്ക് ഇടിവി ഭാരതിനോട് പറഞ്ഞു. 

'ആരോഗ്യകരം' എന്ന്  അവകാശപ്പെടുന്ന ലഘുഭക്ഷണങ്ങളുടെ കാര്യത്തിലും ശ്രദ്ധവേണം. പല ഗ്രാനോള ബാറുകളിലും, ഫ്ലേവർ അടങ്ങിയ യോ​ഗർട്ടിലും, വെജ് ചിപ്സുകളിലുമെല്ലാം പഞ്ചസാരയും എണ്ണയുമെല്ലാം അടങ്ങിയിട്ടുണ്ട്. ലേബലുകളിൽ ഒരുപക്ഷേ ഓർഗാനിക് എന്നായിരിക്കാം രേഖപ്പെടുത്തിയത്. എന്നാൽ, ഈ ചേരുവകൾ അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.