ദുബായ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ സ്വാധീനത്തിൽ വേണ്ടത്ര പരിശോധനകളില്ലാതെ തടി കുറക്കാനുള്ള പെപ്‌റ്റൈഡ് കുത്തിവെപ്പുകൾ സ്വീകരിക്കുന്നവർക്കെതിരേ യു.എ.ഇ.യിലെ ആരോഗ്യ വിദഗ്ധരുടെ കർശന മുന്നറിയിപ്പ്. അനധികൃതമായി പെപ്‌റ്റൈഡ് ഉത്പന്നങ്ങൾ വിറ്റഴിച്ച 71 സ്ഥാപനങ്ങൾക്കെതിരേ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇ.ഡി.ഇ.) നടപടിയെടുക്കുകയും 14 ഇൻഫ്ലുവൻസർമാരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ശരീരഭാരം കുറയ്ക്കുക, ഊർജം വർധിപ്പിക്കുക, പേശികൾ വളർത്തുക, പ്രായം കുറച്ചു തോന്നിക്കുക തുടങ്ങിയ പെട്ടെന്നുള്ള ഫലങ്ങൾ ലക്ഷ്യമിട്ടാണ് പലരും സോഷ്യൽ മീഡിയ വഴിയും സുഹൃത്തുക്കളുടെ ശുപാർശ വഴിയും പെപ്‌റ്റൈഡുകൾ വാങ്ങുന്നത്. എന്നാൽ ’പ്രകൃതിദത്തം’ എന്ന് പരസ്യം ചെയ്യപ്പെടുന്ന പല ഉത്പന്നങ്ങളും വേണ്ടത്ര ക്ലിനിക്കൽ പരിശോധനകൾക്ക് വിധേയമായിട്ടില്ലാത്തവയാണ്. സ്വന്തം ശരീരത്തിന് അനുയോജ്യമാണോ എന്ന് പരിശോധിക്കാതെ ഇത്തരം വസ്തുക്കൾ സ്വയം കുത്തിവെക്കുന്നത് മൂലം വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
ലിവർ ഫംഗ്ഷൻ, ഗ്ലൂക്കോസ് അല്ലെങ്കിൽ ഹോർമോൺ പരിശോധനകളില്ലാതെയാണ് പലരും ഇവ ഉപയോഗിക്കുന്നത്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ, അപ്രതീക്ഷിത ഹോർമോൺ വ്യതിയാനങ്ങൾ, രക്തസമ്മർദത്തിലെ വ്യത്യാസങ്ങൾ എന്നിവയ്ക്ക് പുറമെ ഗുണനിലവാരമില്ലാത്തതോ കൃത്യമല്ലാത്ത അളവിലുള്ളതോ ആയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. വേഗത്തിലുള്ള മാറ്റങ്ങളും വാർധക്യത്തോടുള്ള ഭയവുമാണ് ആളുകളെ ഇത്തരം എളുപ്പവഴികളിലേക്ക് നയിക്കുന്നതെന്ന് സൈക്കോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു.
സുഹൃത്തുക്കളെപ്പോലെ പെരുമാറുന്ന ഇൻഫ്ലുവൻസർമാരുടെ വാക്കുകൾ കണ്ണടച്ചു വിശ്വസിച്ച് ആളുകൾ സ്വന്തം ആരോഗ്യം അപകടത്തിലാക്കുകയാണ്. ലൈസൻസുള്ള ഫാർമസികൾ ഒഴികെയുള്ള ഓൺലൈൻ സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന ഇത്തരം ഉത്പന്നങ്ങൾ യഥാർഥമാണോ എന്ന് ഉറപ്പുവരുത്താൻ മാർഗമില്ല. അതിനാൽ ഡോക്ടർമാരുടെ കുറിപ്പടിയും ശരിയായ വൈദ്യപരിശോധനയും ഇല്ലാതെയുള്ള ഇത്തരം ചികിത്സകളിൽനിന്ന് വിട്ടുനിൽക്കണമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
Content Highlights: Emirates Drug Establishment (EDE) took action against 71 illegal peptide distributors., 14 social media influencers referred to authorities for promoting unverified health products., Dangers include hormonal imbalances, liver function issues, and blood pressure fluctuations., Medical experts advise against self-administering products without clinical screening
Published: 04 Aug 2026, 11:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented