
നിപ ബാധയുടെ ജീവിക്കുന്ന രക്തസാക്ഷിയായി കോമാവസ്ഥയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകൻ. മംഗലാപുരം സ്വദേശിയായ ടിറ്റോ തോമസ് ആണ് നിപയ്ക്ക് ശേഷമുള്ള ലേറ്റന്റ് എൻസഫലൈറ്റിസ് (നിപ എൻസഫലൈറ്റിസ് ) ബാധിച്ച് 8 മാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചലനമറ്റ് കിടക്കുന്നത്. ഇതേ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ നഴ്സായിരുന്ന ടിറ്റോയ്ക്ക് ഇവിടെ എത്തിയ നിപ രോഗിയിൽ നിന്നാണ് രോഗം പിടിപെട്ടത്. നിപയിൽ നിന്നും മുക്തി നേടിയെങ്കിലും അധികം വൈകാതെ പാർശ്വഫലമായി ലേറ്റന്റ് എൻസഫലൈറ്റിസ് ബാധിക്കുകയായിരുന്നു. ഇപ്പോൾ തൊണ്ടയിൽ ഘടിപ്പിച്ച ട്യൂബിലൂടെയാണ് ഈ 24 വയസ്സുകാരൻ ശ്വാസോച്ഛാസം നിലനിർത്തുന്നത്. ഇതുവരെ കണ്ണ് തുറന്നിട്ടില്ല.
മംഗലാപുരം മർദ്ദാല സ്വദേശിയായ ടിറ്റോ ജോസഫ് നഴ്സിങ് പഠനം കഴിഞ്ഞ് 2023 ഏപ്രിൽ 23നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി എത്തുന്നത്. ആഗസ്റ്റ് അവസാനം ഇതേ ആശുപത്രിയിൽ കടുത്ത പനിയുമായി എത്തുകയും ഇവിടെ വച്ച് മരിക്കുകയും ചെയ്ത രോഗിക്ക് മരണ ശേഷം നിപ സ്ഥീരീകരിച്ചിരുന്നു. ഇതേ രോഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോഗബാധ ഉണ്ടായത്. രോഗ മുക്തിനേടി ക്വാറന്റൈൻ പൂർത്തിയാക്കി നവംബറിൽ വീട്ടിൽ എത്തിയ ടിറ്റോയ്ക്ക് ആ സമയം മുതൽ തലവേദനയും കഴുത്തുവേദനയും ഉണ്ടായിരുന്നുവെന്ന് ടിറ്റോയുടെ സഹോദരൻ ഷിജോ തോമസ് പറയുന്നു.
അന്ന് തലവേദന അത്രകാര്യമായി എടുത്തിട്ടില്ല. വീണ്ടും ജോലിയിൽ പ്രവേശിച്ച ടിറ്റോയ്ക്ക് ഡിസംബറിൽ ശക്തമായ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധയിലാണ് ലേറ്റന്റ് എൻസഫലൈറ്റിസ് ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സ തുടങ്ങി. ചികിത്സ തുടരുന്നതിനിടെ ടിറ്റോ അബോധാവസ്ഥയിലാവുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാവാൻ സാധ്യതയില്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ അഭിപ്രായം.
എന്നാൽ കൂടുതൽ സൗകര്യങ്ങൾ ഉള്ള ഏതെങ്കിലും ആശുപത്രിയിൽ ടിറ്റോയുടെ ചികിത്സ തുടരണമെന്നാണ് ടിറ്റോയുടെ കുടുംബം പറയുന്നത്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയാണ് പ്രധാന തടസ്സം. ജോലി ഉപേക്ഷിച്ച് കോഴിക്കോട്ട് ആശുപത്രിയിൽ ടിറ്റോയ്ക്ക് കൂട്ടിരിക്കുകയാണ് ഏക സഹോദരൻ ഷിജോ തോമസും അമ്മ ലിസിയും. ഇതുവരെയുള്ള ചികിത്സ പൂർണമായും സ്വകാര്യ ആശുപത്രി മാനേജ്മെൻറ് ഏറ്റെടുത്തിട്ടുണ്ട്. ഇതിനകം 40 ലക്ഷത്തോളം രൂപ ചികിത്സക്കായി മാനേജ്മെൻറ് ചെലവഴിച്ചു. തുടർചികിത്സയക്കായി സർക്കാരിൽ നിന്നും സാമ്പത്തിക സഹായം വേണം എന്നാണ് ടിറ്റോയുടെ കുടുംബം പറയുന്നത്. ടിറ്റോയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരോഗ്യവകുപ്പിനറിയാമെന്നും സാമ്പത്തിക സഹായം ലഭിച്ചാൽ ടിറ്റോയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാവും എന്നും കുടുംബം പറയുന്നു.
നിപ വൈറസ് മൂലം പിന്നീട് മസ്തിഷ്കജ്വരമുണ്ടാകുന്നതാണ് നിപ എൻസഫലൈറ്റിസ്. ഇത് രോഗബാധിതനെ അബോധാവസ്ഥയിലേക്ക് നയിക്കുകയും അപസ്മാരത്തിനും കോമയ്ക്കും കാരണമാവുകയും ചെയ്യും. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നിപ എൻസഫലൈറ്റിസിന് നിലവിൽ നൽകിവരുന്നത്.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
Content Highlights: titto thomas in coma due to latent encephalitis after nipah
Published: 24 Jul 2024, 12:34 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented