
വൈക്കം: മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനായി ഒരു കുടുംബത്തിലെ മൂന്നുപേരുടെ ശരീരം മരണാനന്തരം മെഡിക്കല്‍ കോളേജിന് നല്‍കാന്‍ ധാരണാപത്രം ഒപ്പുവെച്ചു. പ്രഭാഷകനും പരിശീലകനുമായ ഡോ. പ്രീത് ഭാസ്‌കറും കുടുംബവുമാണ് ശരീരങ്ങള്‍ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് വിട്ടുനല്‍കാന്‍ തീരുമാനം കൈക്കൊണ്ടത്. സമ്മതപത്രം കോട്ടയം മെഡിക്കല്‍ കോളേജിന് കൈമാറി.
വൈക്കം വടക്കേനടയില്‍ പ്രീതാലയം വീട്ടില്‍ ഡോ. പ്രീത് ഭാസ്‌കര്‍ (52), മാതാവ് വസുമതിയമ്മ (75), ഭാര്യ സ്മിത (42) എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ. മഞ്ജു മാധവന് സമ്മതപത്രം കൈമാറിയത്. പഠനത്തിന് മൃതദേഹം കിട്ടാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു.
ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ കണക്കനുസരിച്ച് പത്ത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാന്‍ കുറഞ്ഞത് ഒരു മൃതദേഹം വേണമെന്നാണ് കണക്ക്. ഇതനുസരിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രം ഒരു വര്‍ഷം ഇരുപത് ശരീരങ്ങള്‍ ആവശ്യമുണ്ടെന്നാണ് തങ്ങള്‍ മനസ്സിലാക്കിയതെന്ന് പ്രീത് ഭാസ്‌കര്‍ പറയുന്നു.
വൈക്കം നഗരസഭ മുന്‍ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, ടി.വി.പുരം പഞ്ചായത്ത് മുന്‍ അംഗം ജോഷി പരമേശ്വരന്‍ എന്നിവരെ സാക്ഷികളാക്കിയാണ് സമ്മതപത്രം നല്‍കിയിരിക്കുന്നത്.
പരിശീലനരംഗത്ത് 25 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഡോ. പ്രീത് ഭാസ്‌കര്‍, വൈക്കം 'സെല്‍റ്റ്' പരിശീലനകേന്ദ്രത്തിന്റെ ഡയറക്ടറാണ്. ഭാര്യ സ്മിത തെക്കേനടയിലുള്ള ഫേമസ് ബേക്കറി നടത്തുന്നു.
മകള്‍ അമൃതഭാസ്‌കര ശിവപ്രിയ തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. മകന്‍ ആദിഭാസ്‌കര ശിവസ്വരൂപ് വൈക്കം ആശ്രമം സ്‌കൂളിലെ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു.
Content Highlights: three members of a family exchanged an agreement for cadaver donation
Published: 18 Feb 2025, 07:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented