തിരുവനന്തപുരം : ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം കോളറ മരണം സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് തലസ്ഥാന നഗരം. കവടിയാർ സ്വദേശിയായ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ അജയ് ആർ. ചന്ദ്രയാണ് ഏപ്രിൽ 20-ന് കോളറ ബാധിച്ചു മരിച്ചത്.
പനിയടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചാണ് ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷമാണ് രക്തപരിശോധനാഫലം പുറത്തുവന്നത്. ഏപ്രിൽ 22-നാണ് മരണകാരണം കോളറയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂലായിൽ നെയ്യാറ്റിൻകരയിലാണ് ഒരു കോളറ മരണം സ്ഥിരീകരിച്ചത്.
എന്നാൽ, ഇപ്പോഴത്തെ കോളറബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
രോഗം ബാധിച്ചു മരിച്ച അജയ് ആർ. ചന്ദ്രയുടെ ബന്ധുക്കൾക്കോ സമീപവാസികൾക്കോ രോഗലക്ഷണങ്ങളൊന്നുമില്ല.
പനിബാധിക്കുന്നതിനു മുൻപ് അജയ് ആർ. ചന്ദ്രയും കുടുംബവും കേരളത്തിനു പുറത്ത് യാത്രപോയതായി വിവരമുണ്ട്. ഈ സമയത്ത് കഴിച്ച ആഹാരപദാർഥങ്ങളിൽനിന്നോ മറ്റോയാകാം രോഗം ബാധിച്ചതെന്നാണ് സൂചന.
എന്നാലിത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കവടിയാറിൽ ഇവർ താമസിച്ചിരുന്ന പ്രദേശത്ത് കോർപ്പറേഷന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ നടപടികളും ആരംഭിച്ചിട്ടുണ്ട്.
കോളറ നിസ്സാരനല്ല സൂക്ഷിക്കണം
:മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെയാണ് കോളറ പകരുന്നത്. വൈബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് രോഗകാരി.
പൊതുജനാരോഗ്യത്തിന് ആഗോളതലത്തിൽത്തന്നെ ഒരു ഭീഷണിയാണിത്. ഓരോവർഷവും ലോകമെമ്പാടും നാല് മില്യണിലധികം കോളറ കേസുകളും ഒരുലക്ഷത്തിലേറെ മരണങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷണങ്ങൾ കാണിക്കാൻ 12 മണിക്കൂർമുതൽ 5 ദിവസംവരെ എടുക്കാം.
ലക്ഷണങ്ങൾ
കഠിനമായതും വേദനയില്ലാത്തതുമായ വയറിളക്കമാണ് കോളറയുടെ രോഗലക്ഷണം. മിക്കപ്പോഴും ഛർദിയുമുണ്ടായിരിക്കും. തുടർന്ന് രോഗി നിർജലീകരണത്തിലേക്കും കുഴഞ്ഞ അവസ്ഥയിലേ ക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതര മാകും. നിർജ്ജലീകരണം സംഭവിക്കുന്നതിനാൽ ഒആർഎസ് ലായനി യും ഉപയോഗിക്കണം.
പ്രതിരോധം
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
- ഭക്ഷണവും വെള്ളവും തുറന്നു വെക്കരുത്
- ഭക്ഷ്യവസ്തുക്കൾ നന്നായി വേവിച്ചുമാത്രം കഴിക്കുക
- ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും ശേഷവും കൈകൾ നന്നായി കഴുകുക
- പഴങ്ങളും പച്ചക്കറികളും ശുദ്ധ ജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക
- മലമൂത്ര വിസർജനത്തിനുശേഷവും ആഹാരം കഴിക്കുന്നതിനു മുൻപും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക
- പരിസരശുചീകരണം ഉറപ്പാക്കുക
- വയറിളക്കമോ ഛർദിയോ ഉണ്ടായാൽ ധാരാളം വെള്ളം കുടിക്കുക
Content Highlights: Cholera Death in Thiruvananthapuram
Published: 29 Apr 2025, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented