'നിശ്ശബ്ദ ഭീഷണി'യായി കണക്കാക്കുന്ന രോഗങ്ങളിൽ ഒന്നാണ് ഉദരത്തിലെ അർബുദം. രോഗത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും നിരുപദ്രവകരവും ദഹനക്കേടാണെന്ന് കരുതി എളുപ്പത്തിൽ അവഗണിക്കാവുന്ന അത്ര ലഘുവായിരിക്കുമെന്നതാണ് ഇതിന് കാരണം. അതിനാൽ, ഉദരത്തിലെ അർബുദത്തെക്കുറിച്ച് അവബോധമുണ്ടാകേണ്ടത് വളരെ പ്രധാനമാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് ചികിത്സയേയും സഹായിക്കും. ഇപ്പോഴിതാ, ആമാശയ അർബുദത്തിന്റെ വളരെ നേരത്തെയുള്ളതും അവഗണിക്കരുതാത്തതുമായ ചില ലക്ഷണങ്ങൾ പരിശോധിക്കാം.
ഏർലി സറ്റൈറ്റി (Early Satiety)
കുറഞ്ഞ അളവിൽ മാത്രം ഭക്ഷണം കഴിച്ചതിന് ശേഷവും വയറു നിറഞ്ഞതായി തോന്നുന്നതിനെയാണ് early satiety എന്ന് പറയുന്നത്. ഉദരത്തിൽ ട്യൂമർ വളരുന്നെങ്കിൽ അത് ആമാശയത്തെ സാധാരണ രീതിയിൽ വികസിക്കുന്നതിൽ നിന്ന് തടഞ്ഞേക്കാം. രോഗികൾക്ക് പലപ്പോഴും വിശപ്പില്ലായ്മയും നേരത്തെ വയറുനിറഞ്ഞതായി അനുഭവപ്പെടുന്നതും ഇതിനാലാണെന്ന് നേരത്തെ പഠനങ്ങളിൽ വ്യക്തമായ കാര്യമാണ്. കാലക്രമേണ, ഇത് അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതിനും ക്ഷീണത്തിനും കാരണമാകും.
വിട്ടുമാറാത്ത നെഞ്ചെരിച്ചിൽ
വിട്ടുമാറാത്ത ദഹനക്കേട്, നെഞ്ചെരിച്ചിൽ, അല്ലെങ്കിൽ സാധാരണ ചികിത്സകൾ കൊണ്ട് ഭേദമാകാത്ത വയറിന്റെ മുകൾഭാഗത്തെ അസ്വസ്ഥത എന്നിവ ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാകാം. ഈ ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
വയറുവേദന
നേരിയ ഓക്കാനം, കാരണമില്ലാത്ത വയറുവേദന, എപ്പോഴും വയർ നിറഞ്ഞതുപോലെയുള്ള തോന്നൽ എന്നിവയും ഉദരസംബന്ധമായ അർബുദത്തിന്റെ പ്രാരംഭ സൂചനയാകാം. ഈ ലക്ഷണങ്ങൾ മാനസിക സമ്മർദ്ദം, ഭക്ഷണത്തിന്റെ പ്രശ്നങ്ങൾ, അല്ലെങ്കിൽ വയറ്റിലെ അണുബാധ എന്നിങ്ങനെ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളവയാണ്. ഇവ വിട്ടുമാറാതെ നിൽക്കുകയോ ആവർത്തിച്ചു വരികയോ ചെയ്യുകയാണെങ്കിൽ ഒട്ടും വൈകാതെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
വിശപ്പില്ലായ്മ
മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കുമ്പോഴും ക്രമേണ വിശപ്പ് കുറയുന്നത് കാൻസറിന്റെ ലക്ഷണമാകാം. Anorexia എന്നാണ് ഈ അവസ്ഥയെ പറയുന്നത്. കാൻസർ മൂലമാണ് ഈ അവസ്ഥയെങ്കിൽ അതിനെ Cachexia എന്നാണ് പറയുക. കാൻസർ രോഗികൾക്ക് പൂർണ്ണമായും വിശപ്പ് നഷ്ടപ്പെടുമ്പോഴാണ് Cachexia ഉണ്ടാകുന്നത് എന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റി വ്യക്തമാക്കുന്നത്.
എപ്പോഴും ക്ഷീണം
വ്യക്തമായ കാരണമില്ലാതെ അസാധാരണമായ ക്ഷീണം അനുഭവപ്പെടുന്നെങ്കിൽ ശ്രദ്ധവേണം. ആന്തരിക രക്തസ്രാവമാകാം ഇതിന് കാരണമാകാം. വയറ്റിലെ മറ്റ് ലക്ഷണങ്ങളോടൊപ്പം ഈ ക്ഷീണം അനുഭവപ്പെടുന്നെങ്കിൽ അത് അവഗണിക്കരുത്.
കാൻസറുമായി ബന്ധപ്പെട്ട ക്ഷീണം സാധാരണയുണ്ടാകുന്ന ക്ഷീണത്തിൽ നിന്ന് വ്യത്യസ്തമാണെന്നാണ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്. ഉറങ്ങിയാലോ വിശ്രമിച്ചാലോ ഇത് മാറില്ല. കാര്യമായ ജോലികളൊന്നും ചെയ്യാതിരിക്കുമ്പോഴും ഇത് ഉണ്ടാകാം.
(മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ മറ്റ് രോഗങ്ങളുടെ ഭാഗമായുമുണ്ടായേക്കാം. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)
Content Highlights: Stomach Cancer: Recognizing Early Warning Signs and Seeking Timely Treatment
Published: 26 Aug 2025, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented