
തൃശ്ശൂർ: ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ ഷിഗല്ല രോഗബാധ. ഇതുവരെ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും മുപ്പതോളം പേർക്ക് ലക്ഷണങ്ങളുണ്ട്. രോഗം പടർന്നിട്ടും അധികൃതർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് വിദ്യാർഥികൾക്ക് പരാതിയുണ്ട്.
വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളാണ് വിദ്യാർഥികൾക്കുള്ളത്. ഹോസ്റ്റൽ അടച്ചിട്ടുമില്ല. ആരോഗ്യവകുപ്പ് അധികൃതർ കഴിഞ്ഞദിവസം ഹോസ്റ്റൽ സന്ദർശിച്ചിരുന്നു. കർശന പരിശോധന ഇല്ലാത്തതിനാൽ എത്രപേർക്ക് രോഗലക്ഷണങ്ങളുണ്ട് എന്ന് കൃത്യമായി മനസ്സിലാക്കാനായിട്ടില്ല.
സാധാരണ വയറിളക്കത്തെക്കാൾ ഗുരുതരം
സാധാരണ വയറിളക്കത്തെക്കാൾ ഗുരുതരമാണിത്. മലിനജലം, കേടായ ഭക്ഷണം, കഴുകാതെ പഴങ്ങൾ പച്ചക്കറികൾ എന്നിവ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗബാധിതരുണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെ ഷിഗല്ലോസിസ് പകരും. രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മരണസാധ്യത കൂടുതലാണ്. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാകുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ടുമുതൽ ഏഴുവരെ ദിവസം രോഗലക്ഷണങ്ങൾ കാണാം. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും.
മുൻകരുതലുകൾ
പനി, രക്തംകലർന്ന മലവിസർജനം, നിർജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക. രോഗലക്ഷണമുള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക.
പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണം മൂടിവെക്കുക. ഈച്ചശല്യം ഒഴിവാക്കുക, പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക, വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക. വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക, കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക. രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗലക്ഷണമുള്ളവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കഴിക്കുക. കുടിവെള്ളസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുകയും വേണം.
Content Highlights: shigella virus reported thrissur govt engineering college, shigella virus symptoms
Published: 26 May 2022, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented