കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസുള്ള കുട്ടികൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

To advertise here,

പെരുമണ്ണ പഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള കുട്ടികൾക്കാണ് ഷിഗല്ല ബാധയുണ്ടായത്. ലക്ഷണങ്ങളുണ്ടായതോടെ ഇരുവരേയും പെരുമണ്ണ ഹെൽത്ത് സെന്ററിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകിയശേഷം കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടികൾക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും അറിയിച്ചു. അണുബാധ കൂടുതൽ പടരാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്.

നേരത്തേ കോഴിക്കോട്ടെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ വ്യാപകമായി ഷിഗല്ല രോഗം പടർന്നിരുന്നു. രോഗം ബാധിച്ച് ഇവിടെ ഒരു കുട്ടി മരിക്കുകയും ചെയ്തിരുന്നു. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് അന്ന് ഷിഗല്ലയെ നിയന്ത്രിച്ചത്. ഇതേ രീതിയിലാണ് പെരുമണ്ണയിലും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.

എന്താണ് ഷിഗെല്ല ബാക്ടീരിയ?

ഷിഗെല്ല വിഭാഗത്തിൽ പെട്ട ബാക്ടീരിയകൾ കുടലുകളെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് എന്ന് അറിയപ്പെടുന്നത്. ഷിഗെല്ല ബാധ എന്ന് പൊതുവേ പറയും. പെട്ടെന്ന് പടർന്നുപിടിക്കുന്നതാണ് ഈ രോഗം. എന്നാൽ, ഷിഗെല്ല എന്നത് ഒരു പുതിയ ബാക്ടീരിയ അല്ല. ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോൾ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും.

നിർജ്ജലീകരണമാണ് ഈ രോഗത്തെ മാരകമാക്കുന്നത്. നിർജ്ജലീകരണം നിയന്ത്രിക്കാൻ സാധിക്കാതെ പോയാൽ ഗുരുതരാവസ്ഥയും മരണവും ഉണ്ടാകും. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കാൻ സാധ്യത കൂടുതൽ. എന്നാൽ കൃത്യമായ ചികിത്സയിലൂടെ രോഗത്തെ നിയന്ത്രിക്കാം എന്നതാണ് അറിയേണ്ട പ്രധാനപ്പെട്ട കാര്യം.

ഷിഗെല്ല ബാധിച്ചാൽ

ഷിഗെല്ല ബാക്ടീരിയ കുടലിന്റെ സ്തരങ്ങളെ ബാധിക്കുമ്പോൾ ഷിഗെല്ല ടോക്‌സിൻ എന്ന വിഷവസ്തു ഉണ്ടാകുന്നു. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ സാധാരണയായി ഒന്നു മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാവാറുണ്ട്. ഇവ വലിയ തോതിലെത്താൻ ഒരാഴ്ചയെടുക്കും. പ്രധാന ലക്ഷണങ്ങൾ ഇവയാണ്.

വയറിളക്കം: രക്തവും, കഫവും കലർന്ന മലമാണ് ഷിഗെല്ല മൂലമുണ്ടാകുന്ന വയറിളക്കമുള്ളവരിൽ സാധാരണയായി കാണാറുള്ളത്.

  • വയറുവേദന
  • ഓക്കാനമോ ഛർദിയോ
  • പൂർണമായും വയർ ഒഴിഞ്ഞു പോവാത്ത പോലെയുള്ള തോന്നൽ
  • ഷിഗെല്ല ബാധിച്ചവരിൽ ചില ന്യൂറോളജിക്കൽ തകരാറുകളും കാണാറുണ്ട്. അപസ്മാരമാണ് ഇതിൽ പ്രധാനപ്പെട്ട സങ്കീർണത. കുട്ടികളിൽ ഇത് മരണത്തിനുള്ള സാധ്യത കൂട്ടും.

തിരിച്ചറിയാൻ വൈകുന്നതാണ് ഷിഗെല്ല ഗുരുതരമാകാൻ ഇടയാക്കുന്നത്. അതിനാൽ തന്നെ ആശുപത്രിയിലെത്തുമ്പോഴേക്കും രോഗം ഗുരുതരമായിട്ടുണ്ടാകും. നിർജ്ജലീകരണം സംഭവിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ജലാംശവും ലവണങ്ങളും വേണ്ടത്ര ലഭിക്കാതാവുന്നു. ഇതോടെ രോഗിക്ക് തളർച്ച ബാധിക്കുന്നു. ഇതോടൊപ്പം രക്തസമ്മർദം താഴ്ന്നുപോവുകയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ചികിത്സ

നിർജ്ജലീകരണം തടയാനാണ് പ്രധാനമായും ചികിത്സ. ശരീരത്തിൽ നിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതിന് അനുസരിച്ച് അത് ശരീരത്തിലെത്തിക്കണം. ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ ധാരാളം നൽകണം. ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ഡ്രിപ് നൽകേണ്ടി വരും. വയറിളക്ക രോഗങ്ങളിൽ ആന്റിബയോട്ടിക് ചികിത്സ പൊതുവേ ആവശ്യമായി വരാറില്ല. പക്ഷേ, ഷിഗെലോസിസ് ചികിത്സിക്കാൻ ആന്റിബയോട്ടിക്കുകൾ വേണ്ടിവരും. രോഗതീവ്രത കുറച്ച് നിയന്ത്രണത്തിൽ നിർത്താൻ ഇത് ആവശ്യമാണ്.