കണ്ണൂര്‍: ഗര്‍ഭിണിയാവുന്ന സമയംമുതല്‍ മധുരം കുറയ്ക്കുക. രണ്ടുവയസ്സ് പിന്നിടുന്നതുവരെ കുഞ്ഞിനും നേരിട്ടുള്ള മധുരംചേര്‍ത്ത ഭക്ഷണം നല്‍കാതിരിക്കുക. 1000 ദിവസത്തെ കരുതല്‍ എന്ന രീതി പിന്തുടര്‍ന്നാല്‍ ഗുണം വലുതാണ്. ഇത്തരം കുട്ടികള്‍ക്ക് ഭാവിയില്‍ ടൈപ്പ് രണ്ട് പ്രമേഹം വരാനുള്ള സാധ്യത 35 ശതമാനം കുറയും. അമിത രക്തസമ്മര്‍ദം വരാനുള്ള സാധ്യത 20 ശതമാനവും.

To advertise here,

ആദ്യനാളുകളിലെ പഞ്ചസാര നിയന്ത്രണങ്ങള്‍ ഭാവിയില്‍ നല്ല ആരോഗ്യത്തിന് വഴിയൊരുക്കുമെന്ന പഠനറിപ്പോര്‍ട്ട് 'സയന്‍സ്' മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗര്‍ഭകാലത്തും കുഞ്ഞിന്റെ ആദ്യവര്‍ഷങ്ങളിലും അമിതമായി പഞ്ചസാര അകത്തെത്തുന്നത് പാന്‍ക്രിയാസ് ഗ്രന്ഥിയുടെ വളര്‍ച്ചയെയും വികാസത്തെയും ബുദ്ധിമുട്ടിലാക്കും. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന ഹോര്‍മോണായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത് പാന്‍ക്രിയാസിലാണ്. പഞ്ചസാര അമിതമായാല്‍ ഇന്‍സുലിന്‍ ഉത്പാദനം കൂടുകയും ഗ്ലൂക്കോസ് ഉപാപചയത്തില്‍ വ്യത്യാസം വന്നുതുടങ്ങുകയും ചെയ്യും.

മധുരത്തിന്റെ അളവുകുറച്ചാല്‍ ഇന്‍സുലിന്‍ പ്രതിരോധം എന്ന അവസ്ഥയ്ക്ക് സാധ്യത കുറയുന്നു. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് യു.കെ.യിലെ ബയോബാങ്ക് ഡേറ്റ ഉപയോഗപ്പെടുത്തി പഠനം നടത്തിയത്.

രണ്ടുവയസ്സുവരെ നേരിട്ടുള്ള മധുരം വേണ്ടാ

'ഗര്‍ഭിണികള്‍ ദിവസത്തെ ആകെ ഊര്‍ജത്തിന്റെ 10 ശതമാനത്തില്‍ കുറവുമാത്രമേ നേരിട്ടുള്ള മധുരത്തില്‍നിന്ന് കഴിക്കാവൂ. 30 ഗ്രാമില്‍ ഒതുക്കുന്നതാണ് നല്ലത്. മധുരപാനീയങ്ങള്‍ ഒഴിവാക്കുക. മധുരപലഹാരങ്ങള്‍ക്കുപകരം പഴവര്‍ഗങ്ങള്‍, നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കാം.

രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ നേരിട്ടുള്ള മധുരം ഒഴിവാക്കണം. ആറുമാസംവരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍മാത്രം മതി. പിന്നീട് കട്ടിയാഹാരം കൊടുത്തുതുടങ്ങുമ്പോഴും മധുരം ചേര്‍ക്കരുത്. സംസ്‌കരിക്കാത്ത ഭക്ഷ്യവസ്തുക്കളും പഴവര്‍ഗങ്ങളും മതി. രണ്ടുവയസ്സിനുമുകളില്‍ ആകെ ഊര്‍ജത്തിന്റെ അഞ്ചുശതമാനത്തില്‍ കൂടുതല്‍ മധുരത്തില്‍നിന്നാകരുത്.' - ഡോ. ശ്രീദേവി ജയരാജ്, റിട്ട. സീനിയര്‍ ഡയറ്റീഷ്യന്‍, ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍.