കാൻസർ എന്ന് കേൾക്കുന്നത് പോലും ഭൂരിഭാഗം ആളുകൾക്കും ഭയമാണ്. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 30-50% കാൻസർ കേസുകളും തടയാൻ കഴിയുന്നവയാണ്. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ നാം വിചാരിച്ചാൽ തടയാൻ പ്രയാസമാണെങ്കിലും ഈ ഗുരുതര രോഗത്തിൽ നിന്ന് രക്ഷനേടാനാകുന്ന ചില ഘടകങ്ങൾ ഇപ്പോഴും നിയന്ത്രിക്കാവുന്നവയാണ്. അനാരോഗ്യകരമായ ജീവിതശൈലി പലതരം കാൻസർ കേസുകളുടേയും വർധനവിന് കാരണമാകുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കാൻസർ സാധ്യത വർധിപ്പിക്കുന്ന നാല് ഘടകങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
പുകയില
കാൻസറിനും കാൻസർ മൂലമുള്ള മരണങ്ങൾക്കും പ്രധാന കാരണങ്ങളിൽ ഒന്നാണ് പുകയില എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പുകയിലയിൽ നിന്നുള്ള പുകയിൽ 7000-ൽ അധികം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഇവയിൽ ആരോഗ്യത്തിന് ഹാനികരമായ നിരവധി വസ്തുക്കളുണ്ട്. കൂടാതെ, ചിലത് കാൻസറിന് കാരണമാകുന്നവയുമാണ്.
പുകയില ഉത്പ്പന്നങ്ങൾ ശ്വാസകോശം, വായ, തൊണ്ട എന്നിവിടങ്ങളിലെ കാൻസറിന് കാരണമാകുന്നു. പുകയില കാരണം കാൻസർ ബാധിച്ചും മറ്റ് രോഗങ്ങളാലും 80 ലക്ഷം പേർ മരിക്കുന്നുവെന്നാണ് കണക്കുകൾ.
മദ്യം
ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ മദ്യം ഗ്രൂപ്പ് 1 അർബുദകാരിയായി തരംതിരിച്ചിരിക്കുന്നു. അന്നനാളം, കരൾ, വൻകുടൽ, സ്തനാർബുദം എന്നിവയുൾപ്പെടെ ഏഴ് തരം അർബുദങ്ങൾക്ക് മദ്യം കാരണമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാൻക്രിയാസ്, പ്രോസ്റ്റേറ്റ്, ആമാശയം എന്നിവിടങ്ങളിലെ അർബുദങ്ങൾക്കുള്ള അപകടസാധ്യത മദ്യം വർധിപ്പിക്കുമെന്ന് പഠനങ്ങൾ നേരത്തെ തെളിയിച്ച കാര്യമാണ്. ചെറിയ അളവിൽ പോലും മദ്യം സുരക്ഷിതമല്ല.
വ്യായാമം ഒഴിവാക്കരുത്
വ്യായാമത്തിന്റെ അഭാവം അർബുദത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. അമിതഭാരം അന്നനാളം, വൻകുടൽ, സ്തനങ്ങൾ, ഗർഭാശയം, വൃക്ക എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങളിൽ നിന്ന് വ്യക്തമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2012-ലെ 3.4% അർബുദങ്ങൾക്കും കാരണം ഉയർന്ന ബിഎംഐ ആയിരുന്നു. ഈ അപകടസാധ്യത കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം പതിവായുള്ള വ്യായാമമാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ശ്രദ്ധിക്കണം.
ഡയറ്റ് ശ്രദ്ധിക്കാം
നമ്മുടെ ഡയറ്റിന് ആരോഗ്യത്തിൽ കാര്യമായ സ്വാധീനമുണ്ട്. അമിതമായി സംസ്കരിച്ച ഭക്ഷണം, റെഡ് മീറ്റ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണക്രമം വൻകുടലിലെ കാൻസർ പോലുള്ള അർബുദങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. കുറഞ്ഞ അളവിലല്ലേ എന്ന് കരുതി നാം കഴിക്കുന്ന ലഘുഭക്ഷണങ്ങളിലും ശ്രദ്ധവേണം. അതിനാൽ, അമിതമായി സംസ്കരിച്ച ഭക്ഷണത്തിന് പകരം ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
Content Highlights: Reduce Cancer Risk: Four Lifestyle Choices to Avoid
Published: 13 Aug 2025, 06:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented