എക്സിമ എന്ന ചർമരോ​ഗത്തെ നിയന്ത്രിക്കുന്നതിൽ കുളിക്കും വലിയ പങ്കുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. ദീർഘസമയം ഷവറിനുകീഴിൽ നിന്ന് കുളിക്കുന്നതിനേക്കാൾ ഒരു ബക്കറ്റ് വെള്ളത്തിൽ മാത്രമുള്ള കുളിയാണ് ഈ ചർമരോ​ഗത്തിന് അഭികാമ്യമെന്നും വിദ​ഗ്ധർ പറയുന്നു. 

To advertise here,

ഇതുസംബന്ധിച്ച ഒരു ട്വീറ്റും പങ്കുവെച്ചിരിക്കുകയാണ് ബെം​ഗളൂരു ആസ്ഥാനമായുള്ള ചർമരോ​ഗവിദ​ഗ്ധ ഡോ. ദിവ്യ ശർമ. ഷവറിനു കീഴിൽ ദീർഘസമയം നിന്നുള്ള കുളിയേക്കാൾ നല്ലത് ഒരു ബക്കറ്റ് വെള്ളത്തിൽ പെട്ടെന്നുള്ള കുളിയാണെന്ന് ദിവ്യ കുറിക്കുന്നു. 

സമയം ഏറെയെടുത്തുള്ള കുളി ചർമത്തെ പെട്ടെന്ന് വരണ്ടതാക്കുകയും എക്സിമ ലക്ഷണങ്ങൾ കൂട്ടുകയും ചെയ്യുമെന്ന് ദിവ്യ പറയുന്നു. ഇതിലൂടെ എക്സിമയെ പ്രതിരോധിക്കാം എന്നുമാത്രമല്ല വെള്ളം പാഴാക്കേണ്ടി വരില്ലെന്നും ദിവ്യ പറയുന്നു. 

എന്താണ് എക്സിമ?

ചർമത്തിലുണ്ടാകുന്ന നീർക്കെട്ടാണ് എക്സിമ. ഇത് അക്യൂട്ട് എക്സിമ, സബ് അക്യൂട്ട് എക്സിമ, ക്രോണിക് എക്സിമ എന്നിങ്ങനെ മൂന്നുവിധത്തിലാണുള്ളത്. പെട്ടെന്നുണ്ടാകുന്ന വിധത്തിലുള്ളതാണ് അക്യൂട്ട് എക്സിമ. ചുവപ്പ്, കുമിളകൾ, പുകച്ചിൽ, നീരൊലിപ്പ് തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ചൊറിച്ചിലോടുകൂടിയ മൊരിച്ചിൽ, പൊറ്റ തുടങ്ങിയവയാണ് സബ് അക്യൂട്ട് എക്സിമയിലെ ലക്ഷണങ്ങൾ. ക്രോണിക് എക്സിമ അൽപംകൂടി തീവ്രമാണ്. ഇവിടെ ചൊറിച്ചിലിനൊപ്പം ചർമത്തിൽ കറുപ്പുനിറത്തിൽ കട്ടിയോടെ കാണപ്പെടും. 

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എക്സിമ പകരില്ല. ഏതു പ്രായത്തിലുള്ളവരേയും എക്സിമ ബാധിക്കാം. കുട്ടിക്കാലത്താണ് പൊതുവേ ലക്ഷണങ്ങൾ പ്രകടമാവുക, ഇത് പ്രായപൂർത്തിയാകുംവരെ നീണ്ടുനിൽക്കുകയും ചെയ്യാം. ഡെർമറ്റൈറ്റിസ്, വിവിധ തരത്തിലുള്ള അലർജികൾ ഉള്ളവർ, ആസ്ത്മ രോ​ഗികൾ തുടങ്ങിയവരിൽ എക്സിമ വരാനുള്ള സാധ്യത കൂടുതലാണ്. 

ചർമത്തിൽ എവിടെയും എക്സിമയുടെ ലക്ഷണങ്ങൾ പ്രകടമാകാം. എങ്കിലും കൈകൾ, കഴുത്ത്, കൈകാൽ മുട്ടുകൾ, കാൽപാദം, കവിളുകൾ, ചെവിക്ക് ചുറ്റും, ചുണ്ടുകൾ, സ്തനം, ലൈം​ഗികാവയവങ്ങൾ എന്നിവയിൽ കൂടുതൽ പ്രകടമാകാം. 

കാരണങ്ങൾ

ശരീരത്തിന്റെ പ്രതിരോധസംവിധാനം എക്സിമയിലേക്ക് നയിക്കുന്ന പ്രധാന ഘടകമാണ്. ചെറിയ അസ്വസ്ഥതകളോ, അലർജികളോ ഉണ്ടാകുമ്പോൾ പ്രതിരോധസംവിധാനം അവയെ മറികടക്കാൻ വീക്കമുണ്ടാക്കും, ഇതൊരു കാരണമാണ്. കൂടാതെ ഇത്തരത്തിലുള്ള ചർമരോ​ഗങ്ങൾ കുടുംബത്തിലാർക്കെങ്കിലും ഉണ്ടെങ്കിലും വരാനുള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷത്തിനും എക്സിമയുണ്ടാകുന്നതിൽ വലിയ പങ്കുണ്ട്. പൊടി, പുക, ചിലയിനം സോപ്പുകൾ, തുണിത്തരങ്ങൾ,  സ്കിൻ കെയർ ഉത്പന്നങ്ങൾ തുടങ്ങിയവയൊക്കെ കാരണമാകാം. അന്തരീക്ഷത്തിൽ ഈർപ്പം കുറയുന്നത് ചർമം വരണ്ട് ചൊറിയാനിടയാക്കും. ചൂടും ​ഹ്യുമി‍ഡിറ്റിയും വിയർപ്പ് ഉണ്ടാക്കുകയും ഇത് ചൊറിച്ചിൽ കൂട്ടുകയും ചെയ്യും. കൂടാതെ മാനസികനിലയ്ക്കും പ്രധാന പങ്കുണ്ട്. സമ്മർദം, ഉത്കണ്ഠ, വിഷാദം എന്നിവയിലൂടെ കടന്നുപോകുന്നവരിൽ എക്സിമയുടെ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. 

പരിഹാരം

അലർജി വരാനും ചൊറിച്ചിലുണ്ടാക്കാനും ഇടയാക്കുന്ന പദാർഥങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുക എന്നതാണ് പ്രധാനം. സോപ്പുകളുടെ അമിതോപയോ​ഗം കുറയ്ക്കുകയും ശരീരം വരണ്ടതാകാതിരിക്കാൻ മോയ്സചറൈസർ ഉപയോ​ഗിക്കുകയും ചെയ്യുക. ചർമരോ​ഗവിദ​ഗ്ധനെ കണ്ട് എക്സിമയുടെ തോതിനനുസരിച്ച ലേപനങ്ങളും മരുന്നുകളും സ്വീകരിക്കുകയും വേണം.