താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ(ലാപ്പറോസ്കോപ്പി) 4.420 കിലോ​ഗ്രാം ഭാരമുള്ള ​ഗർഭാശയം നീക്കം ചെയ്തു ലോക റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോ.സിറിയക് പാപ്പച്ചൻ. നീണ്ട ആറുമണിക്കൂർ എടുത്ത് നാല് താക്കോൽ ദ്വാരങ്ങൾ വഴിയാണ് ശ്രമകരമായ ഈ ശസ്ത്രക്രിയ നടത്തിയത്. സാധാരണ ​ഗർഭപാത്രത്തിന്റെ വലിപ്പം 60-70 ​ഗ്രാം മാത്രമേ വരികയുള്ളു എന്നിരിക്കെയാണ് ഇത്രയും ഭാരമുള്ളത് നീക്കം ചെയ്യാനായത്. 

To advertise here,

റിപ്പോർട്ടുകൾ പ്രകാരം ഡൽഹിയിലെ സർ ​ഗം​ഗാറാം ആശുപത്രിയിൽ 2009ൽ ലാപ്പറോസ്കോപ്പി വഴി നീക്കം ചെയ്ത 3.96 കിലോ​ഗ്രാമിന്റെ ​ഗർഭപാത്രം നീക്കം ചെയ്തതാണ് നിലവിലെ ലോക റെക്കോഡ്. അഞ്ചു മണിക്കൂറെടുത്ത് ആറു താക്കോൽ ദ്വാരങ്ങൾ വഴിയാണ് സർജറി നടത്തിയത്. അതുവരെ 2008ൽ രണ്ട് അമേരിക്കൻ സർജൻമാർ നീക്കം ചെയ്ത 3.2 കിലോ​ഗ്രാമിന്റെ ​ഗർഭപാത്രം ആണ് ​ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചിരുന്നത്. 

2022 ഡിസംബർ മാസം 29ാം തീയതിയാണ് ഈ അത്യപൂർവ ശസ്ത്രക്രിയ നടത്തിയത്. മൂത്രമൊഴിക്കാൻ തടസ്സവുമായി അടുത്തുള്ള ആശുപത്രിയിൽ പോവുകയും തുടർന്ന് മൂത്രം പോകുവാൻ ട്യൂബ് ഇട്ട നിലയിലായിരുന്നു തലേദിവസം 45 വയസ്സുള്ള പത്തനംതിട്ട ജില്ലക്കാരിയായ ഷാന്റി ജോസഫ് എന്ന യുവതി ഡോ.സിറിയക്കിനെ സമീപിച്ചത്. 

തുടർന്നുള്ള പരിശോധനയിലാണ് യുവതിയുടെ വയറ്റിൽ ഒമ്പതുമാസം വരുന്ന ​ഗർഭസ്ഥ ശിശുവിന്റെ വലിപ്പമുള്ള ഫൈബ്രോയ്ഡ് യൂട്രസ് ആണെന്ന കാര്യം കണ്ടെത്തിയത്. വയറുകീറി ശസ്ത്രക്രിയ ചെയ്യുകയാണെങ്കിൽ നെഞ്ചിൻകൂടിന്റെ അടിഭാ​ഗം മുതൽ അടിവയർ വരെ കീറിമുറിച്ചു മാത്രമേ ഇത്രയും വലിപ്പമുള്ള യൂട്രസ് നീക്കം ചെയ്യുവാൻ സാധ്യമാവൂ. അത്തരത്തിലുള്ള ഒന്ന് ഒഴിവാക്കിയാണ് ഡോ.സിറിയക്കിന്റെ നേതൃത്വത്തിൽ ഇത്രയും വലിപ്പമുള്ള യൂട്രസ് കീ ഹോൾ വഴി നീക്കം ചെയ്തത്. യുവതി സർജറിക്ക് ശേഷം പൂർണ ആരോ​ഗ്യവതിയായിരിക്കുന്നു. 

വളരെ ചെറിയ മുറിവുകളേ ഉണ്ടാകുന്നുള്ളു എന്നതിനാൽ രക്തസ്രാവം ഉണ്ടാകുന്നില്ല എന്നതും ചുരുങ്ങിയ ആശുപത്രിവാസമേ വേണ്ടി വരുകയുള്ളു എന്നതും ഹോൾ സർജറിയുടെ പ്രധാന പ്രത്യേകതകളാണ്. അതിവേ​ഗം ദൈനംദിന ജോലികളിൽ തിരികെ ഏർപ്പെടാം എന്നതും ഡയബറ്റിസ്, ഹെർണിയ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് ഏറ്റവും ഉത്തമമാണ് എന്നതും താക്കോൽദ്വാര ശസ്ത്രക്രിയയെ മികച്ചതാക്കുന്നു. 

ഡോ. റോഷിനി സുഭാഷ്, ഡോ.കൂതൻ യു.ടി., ഡോ.നിർപിൻ ക്ലീറ്റസ്, ഡോ. സബീന സാവന്ത്, ഡോ.ശ്രീലത, ഡോ. മാത്യു കുഞ്ഞുമ്മൻ എന്നിവരും സ്റ്റാഫ് നഴ്സുമാരായ ഷീനാ മാത്യു, സാംസി സെബാസ്റ്റ്യൻ എന്നിവരും സർജറിയിൽ പങ്കാളികളായി.