മുമ്പുണ്ടായിരുന്ന പനിയുടെ സ്വഭാവത്തിൽനിന്ന് ഇപ്പോൾ ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്.

Representative Image| Photo: Canva.com
കോട്ടയം: സാധാരണ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പനിബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും കോവിഡനന്തരം പനി അത്ര നിസ്സാരമായി കണേണ്ടതല്ലെന്ന് ഓർമ്മപ്പെടുത്തിയാണ് ഇക്കുറിയും മഴക്കാലം കടന്നുപോയത്. ജൂലായ് മുതൽ കോട്ടയം ജില്ലയും പനിക്കിടക്കയിലായിരുന്നെന്ന് കണക്കുകൾ പറയുന്നു. ജൂണിനുശേഷം എച്ച്1 എൻ1 ഇൻഫ്ളുവൻസ പനി സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും ജൂണിൽ മാത്രം 18 പേർക്ക് രോഗമുണ്ടായി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നാല് പനിമരണവും റിപ്പോർട്ടുചെയ്തു.
മഴക്കാലത്തിന്‍റെ തുടക്കം മുതൽ പനി ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു. മഴ കുറഞ്ഞ സമയത്തും ഇടവേളയ്ക്കുശേഷം വീണ്ടും പനി അടക്കമുള്ള രോഗങ്ങൾ മാറിമാറി പിടികൂടിയിരുന്നു. പനി പിടിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായിരുന്നെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എങ്കിലും ജാഗ്രത കൈവിടരുത്.
പനി കൂടിയത് ജൂലായിൽ
ജൂലായ് മാസം സാധാരണ വൈറൽപ്പനി പിടികൂടി 11684-പേർ ജില്ലയിൽ ചികിത്സതേടി. ഫ്ളൂ ബാധിതരുണ്ടായിരുന്നില്ല. 13-പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഓഗസ്റ്റിൽ പനിബാധിതരിൽ നേരിയ കുറവുണ്ടായി. 11051-പേർ. ഫ്ളൂ പിടികൂടിയത് രണ്ട് പേർക്കും ഡെങ്കി ബാധിച്ചത് എട്ട് പേരിലുമാണ്. സെപ്റ്റംബറിൽ പനിബാധിതരുടെ എണ്ണം 7784-പേർ. കഴിഞ്ഞ നാല് മാസത്തിനിടയിൽ ഡെങ്കി എട്ട് പേർക്ക് ബാധിച്ചു.
ലക്ഷണങ്ങളിൽ മാറ്റം
മുമ്പുണ്ടായിരുന്ന പനിയുടെ സ്വഭാവത്തിൽനിന്ന് ഇപ്പോൾ ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പലർക്കും പനി വിട്ടുപോകാതെ ആഴ്ചകളോളം തുടരുന്നു. അതോടൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളും. പനി ബാധിച്ചവരിൽ പ്രതിരോധശേഷി കുറയുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു. പലർക്കും ദിവസങ്ങളുടെ ഇടവേളകളിൽ പനി ആവർത്തിച്ച് പിടിപെടുന്നു. അഞ്ച് ദിവസംകൊണ്ട് മാറിയാലും ക്ഷീണം ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ തുടരും. ചുമ നാളുകൾ നീണ്ടുനിൽക്കാം. സാധാരണയായി ജലദോഷത്തിനൊപ്പം ശരീരവേദനയുണ്ടായാലും ശക്തമായ പനിയുണ്ടാകാറില്ല. എന്നാൽ അഞ്ച് ദിവസത്തിനുള്ളിൽ ഭേദമാകാത്ത പനി ഫ്ളൂ വിഭാഗത്തിലുള്ളതാകാം. ശക്തമായ തൊണ്ടവേദന, മൂക്കടപ്പ്, ശരീരവേദന പോലെയുള്ള ലക്ഷണങ്ങൾ സാധാരണ പനിക്കെന്നപോലെ ഫ്ളൂവിന്റെയും ലക്ഷണമാണ്. അതിന് തുടർ പരിശോധനകൾ ആവശ്യമാണ്. ഏറെ ജാഗ്രത പാലിക്കേണ്ട രോഗമാണ് എച്ച്1 എൻ1 പനി. ഇതിന് വൈറൽപ്പനിയുടെ സമാനമായ ലക്ഷണങ്ങളായതിനാൽ ജാഗ്രത പാലിക്കണമെന്നുമാത്രം.
സൂക്ഷിക്കണം എച്ച്1 എൻ1 ഇൻഫ്ളുവൻസ
പെട്ടെന്നുണ്ടാകുന്ന പനി, ചുമ, തലവേദന, പേശീവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. സാധാരണക്കാരിൽ രോഗലക്ഷണങ്ങൾ ഒന്നുമുതൽ രണ്ടാഴ്ചയ്ക്കകം കുറയുമെങ്കിലും ഗർഭിണികൾ, പ്രസവം കഴിഞ്ഞു രണ്ടാഴ്ചയ്ക്കുള്ളിലുള്ള അമ്മമാർ, രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾ, 65 വയസ്സിനുമുകളിലുള്ള മുതിർന്നവർ, മറ്റു ഗുരുതരരോഗമുള്ളവർ എന്നിവരിൽ കൃത്യമായി ചികിത്സ നേടാതിരുന്നാൽ ഗുരുതരമാകാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറയുന്നു. എച്ച്1 എൻ1 ഇൻഫ്ളുവൻസയ്ക്കു ഫലപ്രദ മരുന്നായ ‘ഒസൾട്ടമാവിർ’ എന്ന ഗുളിക എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ആന്റിബയോട്ടിക്കുകൾ ഇതിനെതിരേ ഫലപ്രദമല്ല.
Content Highlights: Kottayam district sees a surge in fever cases post-monsoon.
Published: 05 Oct 2025, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented