തിരുവനന്തപുരം: ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടും കാരണം സംസ്ഥാനത്ത് ഡെങ്കി, എലിപ്പനി ബാധിതരുടെ എണ്ണം ഉയരുകയാണ്. ഒരിടവേളയ്ക്കുശേഷം വീണ്ടും കോവിഡും തലപൊക്കുന്നുണ്ട്.
ഡെങ്കിപ്പനിക്ക് ദിവസവും മുന്നൂറിലധികംപേർ ചികിത്സതേടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഈ വർഷം 15 പേർക്ക് ഡെങ്കിപ്പനിമൂലം ജീവൻ നഷ്ടമായിട്ടുണ്ട്. പാലക്കാട്, കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് രോഗബാധിതർ ഏറെയും. എലിപ്പനി സ്ഥിരീകരിച്ചശേഷം മരിച്ചവരുടെ എണ്ണം 33 ആണ്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് കേരളത്തിൽ 95 പേർ കോവിഡ് ബാധിതരായുണ്ട്. മേയ് 12-ന് ഇത് 68 ആയിരുന്നു. സംസ്ഥാനത്ത് കാര്യമായ വാക്സിനേഷൻ നടന്നിട്ടുള്ളതിനാൽത്തന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.
രോഗികളുടെ എണ്ണം ഉയരുന്നുണ്ടെന്നും സംശയമുള്ള എല്ലാവരുടെയും സാംപിളുകൾ പരിശോധനനടത്താൻ ജില്ലകൾക്ക് നിർദേശംനൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന പറഞ്ഞു. വൈറസിന് ജനിതകവ്യതിയാനമുണ്ടോയെന്ന് പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണത്തിൽ നിലവിൽ കാര്യമായ വർധനയോ, ആശുപത്രിചികിത്സ വേണ്ടിവരുന്ന സാഹചര്യമോ ഇല്ലെന്നതിനാൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടില്ല.
182 കോവിഡ് കേസുകൾ മേയ് മാസത്തിൽ റിപ്പോർട്ട് ചെയ്തു. വിവിധസംസ്ഥാനങ്ങളിലായി 257 പേർക്ക് കോവിഡ് ബാധയുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ജെഎൻ വൺ സിങ്കപ്പൂരിൽ ഇപ്പോൾ രോഗപ്പകർച്ചയുണ്ടാക്കുന്നുണ്ട്. തായ്‌ലാൻഡിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്.
Content Highlights: Kerala reports a surge in dengue, rat fever, and COVID-19 cases
Published: 22 May 2025, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented