ചിക്കൻ, ഫിഷ് കബാബുകളിൽ കൃത്രിമനിറം ചേർക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. പച്ചക്കറികൾ കൊണ്ടുണ്ടാക്കുന്ന കബാബുകളിലും കൃത്രിമനിറം ചേർക്കരുത്. ജനങ്ങളുടെ ആരോഗ്യത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ് കൃത്രിമനിറങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
എക്സിലൂടെ(മുൻപത്തെ ട്വിറ്റർ) ഇതുസംബന്ധിച്ച പ്രസ്താവനയും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുതനിർദേശം മറികടക്കുന്ന ഭക്ഷ്യനിർമാതാക്കൾക്കെതിരെ ഏഴുവർഷം തടവും പത്തുലക്ഷംരൂപ പിഴയും അടക്കമുള്ള കടുത്ത നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
കബാബുകളിൽ അമിതമായ അളവിൽ കൃത്രിമനിറങ്ങൾ ചേർക്കുന്നുവെന്നത് സംബന്ധിച്ച് കർണാടക ഭക്ഷ്യസുരക്ഷാവകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് കബാബുകളുടെ മുപ്പത്തിയൊമ്പത് സാമ്പിളുകൾ ലാബിൽ പരിശോധിക്കുകയും അവയിൽ നിരവധി കൃത്രിമനിറത്തിന്റെ ആധിക്യമുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. സൺസെറ്റ് യെല്ലോ, കാർമോയ്സിൻ എന്നീ നിറങ്ങളാണ് അമിതമായ അളവിൽ കണ്ടെത്തിയത്.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
2011-ലെ ഭക്ഷ്യസുരക്ഷാനിയമപ്രകാരം കബാബുകളുടെ നിർമാണത്തിൽ ഏതുതരത്തിലുള്ള കൃത്രിമനിറങ്ങളും ഉപയോഗിക്കരുതെന്ന നിർദേശമുണ്ട്.
ഈ വർഷം മാർച്ചിൽ ഗോബി മഞ്ചൂരിയൻ, കോട്ടൺ കാൻഡി എന്നിവയിൽ കൃത്രിമനിറം ചേർക്കുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. കുട്ടികളിൽ ഉൾപ്പെടെ ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെയാണത്. റൊഡാമിൻ-ബി പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറങ്ങളുടെ സാന്നിദ്ധ്യം ഈ ഭക്ഷണങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. തമിഴ്നാടും പുതുച്ചേരിയും പഞ്ഞിമിഠായി നിരോധിച്ചതും ഇതേ കാരണത്താലായിരുന്നു
Content Highlights: karnataka bans Use of artificial colours in kebabs
Published: 25 Jun 2024, 10:30 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented