കൊച്ചി: കോവിഡ് വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയാൻ മുൻകരുതൽ കൂടുതൽ ശക്തമാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കൊച്ചി ഘടകം. വായുസഞ്ചാരമില്ലാത്ത അടഞ്ഞ മുറികളിലുള്ള ഒത്തുചേരലുകൾ തത്‌കാലം ഒഴിവാക്കുകയോ, കുറയ്ക്കുകയോ ചെയ്യണം.
അനുബന്ധ രോഗമുള്ളവർ, പ്രായം ചെന്നവർ ഇത്തരം സാഹചര്യങ്ങളിൽപ്പെടാതെ സൂക്ഷിക്കണമെന്നും ഐ.എം.എ. കൊച്ചി പ്രസിഡന്റ് ഡോ. എസ്. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോർജ് തുകലൻ, സയന്റിഫിക് അഡ്വൈസർ ഡോ. രാജീവ് ജയദേവൻ എന്നിവർ പറഞ്ഞു.
ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 (XBB.1.16) ആണ് നിലവിൽ രാജ്യത്ത് വ്യാപിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. രോഗലക്ഷണമില്ലാത്തവർക്കും കോവിഡ് സ്ഥിരീകരിക്കപ്പെടുന്നുണ്ട്.
രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുന്നുണ്ടെങ്കിലും നിലവിൽ മിക്കവർക്കും ഗുരുതരമാകുന്നില്ല. വീട്ടിൽത്തന്നെ ചികിത്സിക്കാവുന്ന കേസുകളാണ് അധികവും. പ്രായം ചെന്നവർ, ഗുരുതര അനുബന്ധ രോഗമുള്ളവർ എന്നിവരിൽ കോവിഡ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലും സമാനമായ അവസ്ഥയാണുള്ളതെന്നും ഐ.എം.എ. ഭാരവാഹികൾ വ്യക്തമാക്കി. പനി, ജലദോഷം, തലവേദന, ശരീരവേദനയുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്തുക സാധ്യമല്ല. ഏതാനും ആഴ്ചകളിൽ മുൻകരുതൽ കൂടുതൽ ശക്തമാക്കണമെന്നും ഐ.എം.എ. ഭാരവാഹികൾ ആവശ്യപ്പെട്ടു.
അപകടസാധ്യത കൂടിയവർക്ക് അധിക ബൂസ്റ്റർ ഡോസ് നൽകണം
കണ്ണൂർ: ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് കോവിഡിൽനിന്ന് രക്ഷനേടാൻ അധിക ബൂസ്റ്റർ ഡോസ് നൽകണമെന്ന് ലോകാരോഗ്യസംഘടന നിർദേശിച്ചു. ഇവർക്ക് അവസാന ഡോസെടുത്ത് ആറ്/12 മാസത്തിനുശേഷം അധിക ബൂസ്റ്റർ ഡോസ് നൽകാമെന്നാണ് ഡബ്ല്യു.എച്ച്.ഒ. വിദഗ്ധ ഉപദേശകസമിതിയുടെ നിർദേശം.
പ്രായമുള്ളവർ, മറ്റ് അസുഖങ്ങളുള്ള യുവാക്കൾ, പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവരെയാണ് അപകടസാധ്യതകൂടിയ വിഭാഗമായി കണക്കാക്കുന്നത്.
രാജ്യത്ത് ശനിയാഴ്ച 2994 കേസുകൾകൂടി റിപ്പോർട്ടുചെയ്തു. ഇതോടെ മൊത്തം ആക്ടീവ് കേസുകൾ 16,354 ആയി.
ഏറ്റവുമധികം കേസുകളുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.
കോവിഡ് ബാധിതർക്ക് പ്രത്യേകം കിടക്ക സജ്ജമാക്കും
തിരുവനന്തപുരം: കോവിഡ് ബാധിതർ കൂടുന്നതിനാൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രത്യേകമായി കിടക്കകൾ സജ്ജമാക്കണമെന്ന് നിർദേശം. ചികിത്സയിൽ കഴിയുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ അതേ ആശുപത്രിയിൽത്തന്നെ പ്രത്യേകമായി തുടർച്ചികിത്സ ഉറപ്പാക്കണം. കഴിഞ്ഞദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശങ്ങളെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പ്രമേഹം, രക്താതിമർദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗം തുടങ്ങി മറ്റു അസുഖങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും നിർബന്ധമായും മാസ്ക് ധരിക്കണം. ആരോഗ്യപ്രവർത്തകരും ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്ക് ധരിക്കണം. ഇൻഫ്ളുവൻസ രോഗലക്ഷണങ്ങളുള്ള ഗർഭിണികൾക്ക് കോവിഡ് പരിശോധന നടത്തണം.
Content Highlights: ima advisory on covid, Rise in Covid cases in kerala
Published: 02 Apr 2023, 08:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented