കുടുംബത്തോടുള്ള അവധിയാഘോഷത്തിനിടയ്ക്ക് അമിതജലപാനം മൂലം ഇന്‍ഡ്യാന സ്വദേശിയായ യുവതി മരിച്ചത് കഴിഞ്ഞ ദിവസമാണ്. നിര്‍ജ്ജലീകരണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 20 മിനിട്ടില്‍ നാലുകുപ്പി വെള്ളമാണ് ആഷ്‌ലി കുടിച്ചത്. ഏകദേശം 1.89 ലിറ്റര്‍ വെള്ളം അവര്‍ കുടിക്കുകയുണ്ടായി. തുടര്‍ന്ന് യാത്രതിരിക്കവേ അവര്‍ കുഴഞ്ഞുവീഴുകയുണ്ടായി. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.

To advertise here,

അമിതജലപാനമുള്ള മരണമാണെന്ന്  ഇവരുടേതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമാം വിധം താഴുമ്പോഴാണ് ഹൈപോനാട്രേമിയ എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്. ശരീരം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണിത്.

ധാരാളം വെള്ളം കുടിക്കണമെന്ന് പൊതുവേ എല്ലാവരും പറയാറുണ്ട്. ഇത് ശരീരം നിര്‍ജ്ജലീകരിക്കപ്പെടാതിരിക്കാന്‍ സഹായിക്കും. എന്നാല്‍, വളരെ കുറഞ്ഞ സമയത്ത് വളരെയധികം വെള്ളം കുടിക്കുന്നത് ഒരുപക്ഷെ മരണകാരണമായേക്കാം എന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഒരു മണിക്കൂര്‍ സമയത്ത് 1.4 ലിറ്ററിലധികം വെള്ളം കുടിക്കരുതെന്നും പറയുന്നുണ്ട്. 

രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോള്‍ അധികജലം കോശങ്ങളില്‍ പ്രവേശിച്ച്  അവയുടെ വീക്കത്തിന് കാരണമാകും. ഇത് മസ്തിഷ്‌കത്തില്‍ സംഭവിച്ചാല്‍ അവസ്ഥ കൂടുതല്‍ ഗുരുതരമാകും. തലയോട്ടിയുള്ളതിനാല്‍ ഒരു പരിധിക്ക് അപ്പുറം കോശങ്ങളുടെ വീക്കം സാധ്യമാകാതെ വരും. അതേസമയം, അധികജലം കോശങ്ങളെ വീണ്ടും വലുതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഇത് ആളുകളെ അബോധാവസ്ഥയിലേക്കും ചിലപ്പോള്‍ മരണത്തിലേക്കും നയിക്കും.

ഛര്‍ദ്ദി, തലവേദന, ആശയക്കുഴപ്പം, തളര്‍ച്ച, കുറഞ്ഞ രക്തസമ്മര്‍ദ്ദം, മാംസപേശികള്‍ ദുര്‍ബലമാവുക, കോച്ചിപ്പിടിക്കുക തുടങ്ങിയവയാണ് ഹൈപോനാട്രേമിയയുടെ ലക്ഷണങ്ങള്‍. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു ലിറ്റര്‍ രക്തത്തില്‍ 135 മുതല്‍ 145 മില്ലി ഈക്വിവല്ന്റ്‌സ് വരെ സോഡിയം ആവശ്യമാണ്. 135 -ല്‍ താഴെയാകുമ്പോഴാണ് അപകടം സംഭവിക്കുന്നത്.