കോവിഡ് -19ന് മുമ്പ് ഹാൻഡ് സാനിറ്റൈസറുകൾ ബാഗിലോ പോക്കറ്റുകളിലോ നാം സൂക്ഷിക്കുന്ന ഒരത്യാവശ്യ വസ്തുവായിരുന്നില്ല. ശുചിത്വം പാലിക്കാനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും പിന്നീട് നമ്മളിൽ പലരും ഹാൻഡ് സാനിറ്റൈസറുകൾ പതിവായി ഉപയോഗിക്കാൻ ആരംഭിച്ചു. എന്നാൽ, മിക്ക ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളിലും എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?. ഈ എഥനോളിനെ അപകടകരമായ ഒരു വസ്തുവായി തരംതിരിക്കണമോ എന്ന് യൂറോപ്യൻ യൂണിയൻ (EU) പരിശോധിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതേസമയം, ലോകാരോഗ്യ സംഘടന ഇപ്പോഴും കൈകളുടെ ശുചിത്വത്തിന് എഥനോൾ സുരക്ഷിതമായി കണക്കാക്കുന്നു. ദീർഘകാലം ഉപയോഗിച്ചാൽ പോലും അത് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും WHO പറയുന്നു.

To advertise here,

യൂറോപ്യൻ യൂണിയൻ എഥനോൾ നിരോധിക്കുമോ?

യൂറോപ്യൻ കെമിക്കൽസ് ഏജൻസി (ECHA) സമർപ്പിച്ച ഒരു ആഭ്യന്തര റിപ്പോർട്ടിൽ എഥനോളിനെ ഒരു ടോക്സിക് വസ്തുവായി ചൂണ്ടിക്കാട്ടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അർബുദ സാധ്യതയും ഗർഭാവസ്ഥയിലെ സങ്കീർണ്ണതകളും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ശുചീകരണ, ശുചിത്വ ഉത്പ്പന്നങ്ങളിൽ എഥനോളിന് പകരം മറ്റ് വസ്തുക്കൾ ഉപയോഗിക്കേണ്ടി വന്നേക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 'എഥനോൾ മനുഷ്യർക്ക് ഹാനികരമാണെന്ന് കണ്ടെത്തിയാൽ, അതിന് പകരം മറ്റൊരു വസ്തു ഉപയോഗിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തേക്കാം', ECHA ഉദ്യോഗസ്ഥർ പറഞ്ഞു.

എന്താണ് എഥനോൾ?

ക്ലീനിങ്ങ് ഉത്പ്പന്നങ്ങളിൽ ഉപയോഗിക്കുന്ന തെളിഞ്ഞതും നിറമില്ലാത്തതുമായ ഒരു ദ്രാവകമാണ് എഥനോൾ. ബാക്ടീരിയകളെയും വൈറസുകളെയും ഫലപ്രദമായി നശിപ്പിക്കുന്നതിന് ഹാൻഡ് സാനിറ്റൈസറുകളിൽ കുറഞ്ഞത് 60% എഥനോൾ സാന്ദ്രത ആവശ്യമാണെന്നാണ് ശുപാർശ ചെയ്യുന്നത്. ശക്തമായ ആന്റിമൈക്രോബിയൽ ഗുണങ്ങൾ രോഗാണുക്കളുടെ വ്യാപനം തടയാൻ എഥനോളിനെ പ്രാപ്തമാക്കുന്നു. കൈകളുടെ ശുചിത്വത്തിന് ഏറ്റവും വിശ്വസനീയമായ മാർഗം എഥനോൾ അല്ലെങ്കിൽ ഐസോപ്രൊപൈൽ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറുകളാണെന്നാണ് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അഭിപ്രായപ്പെടുന്നു.