മുഖത്ത് കുരുക്കൾ വരുമ്പോൾ അത് കൈകൊണ്ട് പൊട്ടിച്ചു കളയുന്നവരുണ്ട്. എന്നാൽ അതത്ര നല്ല ശീലമല്ലെന്ന് മാത്രമല്ല ചില സാഹചര്യങ്ങളിൽ ​ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും കാരണമാകും. മുഖക്കുരു വരുന്ന സ്ഥാനം അനുസരിച്ച് ​ഗുരുതര സാഹചര്യം വർധിക്കുമെന്നാണ് പുതിയൊരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. ന്യൂയോർക്കിൽ നിന്നുള്ള ലിഷ് മേരി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. 

To advertise here,

നാസാദ്വാരത്തിന് തൊട്ടുതാഴെയുള്ള ഭാ​ഗത്തെ സിസ്റ്റിക് പിമ്പിളാണ് ലിഷ് പൊട്ടിച്ചത്. മണിക്കൂറുകൾക്കുള്ളിൽ മുഖത്തിന്റെ ഒരുവശം വീങ്ങിവരികയും അനക്കാൻ കഴിയാതെ വരികയും ചെയ്തു. മുഖത്തിന്റെ ഒരുവശം മാത്രമേ അനക്കാൻ കഴിയുമായിരുന്നുള്ളൂവെന്ന് ലിഷ് പറയുന്നു. കടുത്ത വേദനയും അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആന്റിബയോട്ടിക്കുകളും സ്റ്റിറോയ്ഡുകളും അടങ്ങിയ ചികിത്സാരീതിയാണ് ലിഷിന് നൽകിയത്. 

കൃത്യസമയത്ത് ചികിത്സ സ്വീകരിച്ചതുകൊണ്ടാണ് ​ഗുരുതരാവസ്ഥയിലേക്ക് പോകാതിരുന്നതെന്നും ലിഷ് പറഞ്ഞു. മൂന്നുദിവസത്തെ ചികിത്സയ്ക്കുപിന്നാലെ ലിഷിന്റെ അവസ്ഥ ഭേദമായി. 

മൂക്കിന്റെ പാലം മുതൽ വായയുടെ വശങ്ങൾ വരെയുള്ള ഭാ​ഗത്തെ 'ട്രയാങ്കിൾ ഓഫ് ഡെത്ത്' എന്നാണ് ചർമരോ​ഗ വിദ​ഗ്ധർ വിളിക്കുന്നത്. ഈ ഭാ​ഗങ്ങളിലെ ഞരമ്പുകൾ മസ്തിഷ്കവുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നവയാണ്. അതിനാൽ തന്നെ ഈ ഭാ​ഗങ്ങളിലുണ്ടാകുന്ന മുഖക്കുരു പൊട്ടിക്കുന്നത് മുറിവുണ്ടാവാൻ കാരണമാവുകയും ഈ മുറിവിലൂടെ ബാക്ടീരിയ രക്തപ്രവാഹത്തിൽ പ്രവേശിച്ച് ​അന്ധത, പക്ഷാഘാതം, തളർച്ച തുടങ്ങി മരണം വരെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദ​ഗ്ധർ പറയുന്നു. ഈ ഭാ​ഗങ്ങളിലുണ്ടാകുന്ന അണുബാധ രക്തം കട്ടപിടിക്കുന്നതിനും മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിനും കാരണമാകും. 

മുഖക്കുരു പൊട്ടിക്കുന്നതോടെ അതിലുള്ള അണുബാധയ്ക്ക് മസ്തിഷ്കത്തിലേക്ക് നേരിട്ടുള്ള പ്രവേശനം ലഭിക്കുകയാണ്. പനി, തലവേ​​ദന, കണ്ണിന്റെ പേശികളിൽ തളർച്ച, കണ്ണുകൾക്ക് ചുറ്റും വീക്കം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. 

കരുതൽ വേണ്ട ഇത്തരം ഭാ​ഗങ്ങളിൽ മുഖക്കുരുക്കൾ പ്രത്യക്ഷപ്പെട്ടാൽ അവ ഒരുകാരണവശാലും കൈകൾ കൊണ്ട് പൊട്ടിക്കരുതെന്നാണ് ചർമരോ​ഗ വിദ​ഗ്ധർ പറയുന്നത്. ഇനി അവ പൊട്ടിക്കണമെന്നു തന്നെയാണെങ്കിൽ അണുവിമുക്തമായ ഉപകരണങ്ങൾ ഉപയോ​ഗിച്ച് വിദ​ഗ്ധ സഹായത്തോടെ മാത്രമേ ചെയ്യാവൂ.