ആലപ്പുഴ: അന്തരീക്ഷതാപം ക്രമാതീതമായി ഉയരുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കെതിരേ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ്. വേനൽ കടുക്കുമ്പോൾ ശരീരത്തിൽ ചൂടുകുരു ഉണ്ടാകുക, പേശിവലിവ് എന്നിവ കണ്ടുവരുന്നു. അമിതമായ വിയർപ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം പേശിവലിവ്, ഓക്കാനം, ഛർദി തുടങ്ങിയവ താപശരീരശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നത് കൊണ്ടാണിത്.

To advertise here,

എന്നാൽ, അന്തരീക്ഷതാപം ഒരു പരിധിയിൽ കൂടുകയോ കഠിനമായ വെയിൽ നേരിട്ടേൽക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ശക്തി കുറഞ്ഞതും വേഗതയിലും ഉള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അബോധാവസ്ഥ എന്നിവ സൂര്യാഘാതത്തിനു ലക്ഷണങ്ങളാണെന്നും കൂടുതൽ ശ്രദ്ധ വേണമെന്നും ജില്ലാ ആരോഗ്യ വകുപ്പ് നിർദേശിച്ചു.

കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് പാനീയങ്ങൾ, വെള്ളം കൊടുക്കണം. കൃത്രിമ പാനീയങ്ങൾ ഒഴിവാക്കണം. വെയിലത്ത് ഇറങ്ങേണ്ടി വരുമ്പോൾ അസ്വസ്ഥത തോന്നിയാൽ പെട്ടെന്ന് തണലിലേക്കു മാറി കാറ്റുകൊള്ളണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

കുടിക്കാനുള്ള വെള്ളം അടച്ച് വൃത്തിയായി സൂക്ഷിക്കുക. വെള്ളം സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ വളർത്തുമൃഗങ്ങൾ കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന പാത്രം ആഴ്ചയിൽ ഒരിക്കലെങ്കിലും വൃത്തിയായി കഴുകണം.

എലിപ്പനി പ്രതിരോധിക്കാം

കുളങ്ങളിലെയും വെള്ളക്കെട്ടുകളിലെയും ജലനിരപ്പ് താഴുമ്പോൾ വരാൽ, കരട്ടി തുടങ്ങിയ കുളമത്സ്യങ്ങളെ പിടിക്കുന്നത് സാധാരണമാണ്. ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങളിലും വെള്ളക്കെട്ടിലും മറ്റുമിറങ്ങുമ്പോൾ എലിപ്പനി വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കുളത്തിൽ ഇറങ്ങുന്നവർ വെള്ളത്തിൽ ഇറങ്ങുന്നതിനു ഒരു ദിവസം മുമ്പ് എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ നിർദേശം അനുസരിച്ച് ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണം.

സൂര്യാഘാതം

അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തുകളയുന്നതിന് തടസ്സം നേരിടും. ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങൾ

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയോടൊപ്പം ചിലപ്പോൾ അബോധാവസ്ഥയും കാണപ്പെടാം. ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.

സൂര്യതാപം

സൂര്യാഘാതത്തെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം. കൂടുതൽ സമയം വെയിലത്ത് ജോലിചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്നുതടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവർ ഉടനടി ചികിത്സ തേടണം. പൊള്ളലേൽക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്.

ലക്ഷണങ്ങൾ

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

മുൻകരുതലുകൾ

  • ദാഹമില്ലെങ്കിലും ഓരോമണിക്കൂർ ഇടവിട്ട് ധാരാളം വെള്ളം കുടിക്കണം.
  • ഉപ്പിട്ട് നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം എന്നിവ ഉപയോഗിക്കാം.
  • സൂര്യാഘാതമേറ്റാൽ ഉടനടി തണലിലേക്ക്‌ മാറണം. ഉഷ്ണം മാറുന്നില്ലെങ്കിൽ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് തലോടാം.
  • കട്ടികുറഞ്ഞ വെളുത്തതോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം.
  • വെയിലത്ത് ജോലിചെയ്യേണ്ട സാഹചര്യങ്ങളിൽ ജോലിസമയം ക്രമീകരിക്കണം.
  • ചൂടുകൂടുന്ന സമയങ്ങളിൽ കുട്ടികൾ, പ്രായമായവർ, രോഗികൾ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങരുത്.
  • വെയിലത്ത് കാറുകളിലും ഇതരവാഹനങ്ങളിലും കുട്ടികളെ ഇരുത്തരുത്.
  • വീട്ടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുന്നതിന് വാതിലുകളും ജനലുകളും തുറന്നിടാം.
  • ചർമസംരക്ഷണത്തിനായി നിലവാരമുള്ള സൺ സ്‌ക്രീൻ ലോഷനുകൾ ഉപയോഗിക്കണം.
  • പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കണം.
  • യാത്രാവേളയിൽ തൊപ്പി, സൺഗ്ലാസ്, കൈലേസുകൾ എന്നിവ കരുതണം.
  • അസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ പ്രഥമശൂശ്രൂഷ നൽകി തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിക്കണം.