ൻകുടലിന്റെ ഭാഗമായ കോളനിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് കോളൻ കാൻസറിന് കാരണമാകുന്നത്. ലോകമാകെ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. ഇപ്പോഴിതാ, രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണെന്ന് പറയുകയാണ് ഡോ. ജോസഫ് സൽഹാബ്. എട്ട് ലക്ഷണങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

To advertise here,

സ്ഥിരമായ മലബന്ധം

സ്ഥിരമായ മലബന്ധം അല്ലെങ്കിൽ മലവിസർജ്ജന രീതികളിലെ തുടർച്ചയായ മാറ്റങ്ങൾ കോളൻ കാൻസറിൻ്റെ ആദ്യകാല സൂചനയാകാമെന്ന് ഡോക്ടർ പറയുന്നു. ഇവ അവഗണിക്കരുത്. തുടർച്ചയായുള്ള മലബന്ധം, അല്ലെങ്കിൽ മലത്തിൻ്റെ രൂപത്തിലുള്ള മാറ്റങ്ങൾ എന്നിവയും ശ്രദ്ധിക്കണം.

രക്തസ്രാവം

മലത്തിൽ രക്തം കാണുകയോ മലദ്വാരത്തിൽ നിന്ന് രക്തസ്രാവം ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധവേണം. പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങളിൽ ഒന്നാണിത്.

വയറുവേദന

ഗ്യാസ്, വീക്കം, അല്ലെങ്കിൽ വേദന എന്നിവ ഉൾപ്പെടെയുള്ള തുടർച്ചയായ വയറിലെ അസ്വസ്ഥത ശ്രദ്ധിക്കേണ്ട പ്രശ്നമാണ്.

കുടലിന്റെ ആരോഗ്യം

മലവിസർജ്ജനത്തിന് ശേഷം കുടൽ പൂർണ്ണമായി കാലിയായില്ല എന്ന തോന്നലും ഒരു പ്രധാന ലക്ഷണമാകാം. ട്യൂമറുകൾ കുടലിനെ ഭാഗികമായി തടസ്സപ്പെടുത്തിയേക്കാം. ഇത് കാരണമായിരിക്കാം ഇത്തരം തോന്നൽ അനുഭവപ്പെടുന്നതെന്നും ഡോക്ടർ പറയുന്നു.

എപ്പോഴും ക്ഷീണം

കാരണമില്ലാത്ത ക്ഷീണം അല്ലെങ്കിൽ പെട്ടെന്നുള്ള ബലഹീനത കോളൻ കാൻസറിൻ്റെ ആദ്യകാല ലക്ഷണങ്ങളാകാം. ഇവ ഒരുകാരണവശാലും അവഗണിക്കരുത്. വ്യക്തമായ കാരണമില്ലാതെ നിരന്തരമായ ക്ഷീണം അല്ലെങ്കിൽ ഊർജ്ജക്കുറവ് ഒരു അപകടസൂചനയാണെന്ന് ഡോക്ടർ പറയുന്നു.

ശരീരഭാരം കുറയുന്നത്

ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റങ്ങളില്ലാതെ ശരീരഭാരം കുറയുന്നത് ഒരു മുന്നറിയിപ്പ് ലക്ഷണമാകാം. കോളൻ കാൻസർ ശരീരഭാരം കുറയാൻ ഇടയാക്കിയേക്കുമെന്ന് ഡോക്ടർ പറയുന്നു.

വിളർച്ച

കോളൻ കാൻസർ മൂലമുണ്ടാകുന്ന രക്തസ്രാവം കാരണം ഇരുമ്പിൻ്റെ അളവ് കുറയുകയും അത് വിളർച്ചയ്ക്ക് കാരണമാക്കുകയും ചെയ്തേക്കും.

പുറംവേദന

സ്ഥിരമായ പുറം വേദന കോളൻ കാൻസറിൻ്റെ ഒരു മുന്നറിയിപ്പ് ലക്ഷണമാകാമെന്ന് ഡോക്ടർ പറയുന്നു. പലപ്പോഴും, ഇവ അവഗണിക്കപ്പെടാറുണ്ട്. രോഗം പടർന്നു കഴിഞ്ഞാലും പുറംവേദനയുണ്ടാകാം.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)