സിനിമാ ആരാധകരെ നിരാശയിലാഴ്ത്തിയാണ് വിഖ്യാത സംവിധായകനും നടനുമായ ഭാഗ്യരാജിന്റെ മരണവാർത്ത പുറത്തുവന്നത്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു ഭാഗ്യരാജിന്റെ അന്ത്യം. ഇപ്പോഴിതാ ഭാഗ്യരാജിന്റെ അവസാനത്തെ ആഗ്രഹമെന്നോണം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരിക്കുകയാണെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
മരിക്കുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹം തന്റെ കണ്ണുകൾ ദാനം ചെയ്യാൻ സമ്മതം അറിയിച്ചിരുന്നു. നടന്റെ മരണത്തിനുപിന്നാലെ കുടുംബം ഒരു നേത്രാശുപത്രിയെ വിവരം അറിയിച്ച് നേത്രദാനം നടത്തിയെന്നാണ് തന്തി ടിവി റിപ്പോർട്ട് ചെയ്തത്. ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ വസതിയിലെത്തി കോർണിയ ദാനം ചെയ്യുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി റിപ്പോർട്ടിലുണ്ട്.
ഭാഗ്യരാജിന്റെ നേത്രദാനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് തെലങ്കാനയുടെ മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ തന്റെ എക്സ് അക്കൗണ്ടിലൂടെ കുറിച്ചു. അദ്ദേഹം കണ്ണുകൾ ദാനം ചെയ്തു എന്ന വാർത്ത കേട്ടുവെന്നും സ്വന്തം മരണശേഷവും കാഴ്ച നഷ്ടപ്പെട്ടവർക്ക് വെളിച്ചം നൽകണം എന്ന ചിന്തയെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും തമിഴിസൈ സൗന്ദരരാജൻ കുറിച്ചു. പൊതുരംഗത്ത് അറിയപ്പെടുന്നവർ കണ്ണുകൾ ദാനം ചെയ്യുന്നതിലൂടെ പൊതുജനങ്ങളിൽ വലിയ അവബോധം സൃഷ്ടിക്കാനാകും. ഇന്ത്യയിൽ പ്രതിവർഷം ഒരുലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആളുകൾക്ക് നേത്രദാനത്തിലൂടെ കോർണിയ ആവശ്യമായി വരുന്നു. എന്നാൽ രാജ്യത്ത് 45,000 മുതൽ 50,000 കോർണിയ മാത്രമേ നേത്രദാനത്തിലൂടെ ലഭ്യമാകുന്നുള്ളൂ എന്നും തമിഴിസൈ സൗന്ദരരാജൻ കുറിച്ചു.
നേത്രദാനത്തേക്കുറിച്ച് അറിയാം
കൃഷ്ണമണിക്ക് മുകളിലെ സുതാര്യവും നേർത്തതുമായ നേത്രപടലം (കോർണിയ) എന്ന ഭാഗം ഒരു വ്യക്തിയുടെ മരണശേഷം കുടുംബത്തിന്റെ അനുവാദത്തോടെ മറ്റൊരാൾക്ക് ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ച് കാഴ്ച നൽകുന്നതാണ് നേത്രദാനം. കെരാറ്റോപ്ലാസ്റ്റി (കോർണിയൽ ഗ്രാഫ്റ്റിങ്) എന്ന ശസ്ത്രക്രിയ വഴിയാണ് നേത്രപടലം മാറ്റിവയ്ക്കുക.
നേത്രദാനം ചെയ്യുന്നതെങ്ങനെ?
മരണാനന്തര നേത്രദാനത്തിനുള്ള സമ്മതപത്രം പ്രായപൂർത്തിയായ ആർക്കും പൂരിപ്പിച്ച് നൽകാം. സമ്മതപത്രത്തിൽ പേര്, വയസ്സ്, വിലാസം, അടുത്ത ബന്ധുക്കളുടെ ഫോൺ നമ്പർ, രണ്ട് സാക്ഷികളുടെ പേര് എന്നിവ രേഖപ്പെടുത്തണം. തുടർന്ന് ഇവർക്ക് ഇതുസംബന്ധിച്ച് ഒരു സർട്ടിഫിക്കറ്റ് നൽകും. ഇത് വീട്ടിൽ എല്ലാവർക്കും അറിയുന്ന സ്ഥലത്ത് സൂക്ഷിക്കണം.
ഒരു വ്യക്തി നേത്രദാനത്തിന് സമ്മതപത്രം നൽകിയിട്ടുണ്ടെങ്കിലും ആ വ്യക്തിയുടെ അടുത്ത ബന്ധുക്കളുടെ (ഭാര്യ, ഭർത്താവ്, അച്ഛൻ, അമ്മ, മക്കൾ) രേഖാമൂലമുള്ള സമ്മതം വേണമെന്ന് കോർണിയ ട്രാൻസ് പ്ലാന്റേഷൻ ആക്ടിൽ വ്യവസ്ഥയുണ്ട്. ഈ ബന്ധുക്കളിൽ ആരെങ്കിലും എതിർത്താൽ നേത്രപടലം ദാനം ചെയ്യാനാവില്ല.
- സമ്മതപത്രം നൽകാത്തവർക്കും നേത്രദാനംചെയ്യാം. മരണശേഷം കണ്ണുകൾ ദാനംചെയ്യാൻ മരിച്ച വ്യക്തിയുടെ ബന്ധുക്കൾ സമ്മതം നൽകിയാൽ മതി.
- മരണശേഷം കുടുംബാംഗങ്ങൾ അടുത്തുള്ള നേത്രബാങ്കിൽ വിവരം അറിയിച്ചാൽ അവിടെനിന്ന് ഡോക്ടർ എത്തി നേത്രപടലം എടുക്കും. ആശുപത്രിയിൽവെച്ചാണ് മരണമെങ്കിൽ അവിടെ അറിയിച്ചാൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യും.
- മരണശേഷം രണ്ട് മുതൽ ആറ് മണിക്കൂറിനകം നേത്രപടലം എടുക്കണം. നേത്രപടലം ശേഖരിക്കാൻ പരമാവധി അരമണിക്കൂർ മാത്രമേ ആവശ്യമുള്ളൂ.
- മൃതദേഹത്തിന് സമീപം ഫാൻ ഇടരുത്.
- മൃതദേഹത്തിന്റെ തലഭാഗം തലയണ ഉപയോഗിച്ച് ഉയർത്തി വയ്ക്കണം.
- നേത്രപടലം എടുത്താൽ കണ്ണുകൾക്ക് വൈരൂപ്യമുണ്ടാവില്ല.
Content Highlights: Legendary director Bhagyaraj passes away due to cardiac arrest in Chennai., The director successfully donated his eyes posthumously, fulfilling his final wish
Published: 27 Jun 2026, 08:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented