
കൊല്ലം: സഹായഹസ്തങ്ങൾക്കെല്ലാം ഹൃദയംനിറഞ്ഞ നന്ദിയോടെ ആവണികൃഷ്ണ എറണാകുളത്തേക്ക്. അവളെ യാത്രയയയ്ക്കാൻ ഒരു നാടിന്റെ നന്മനിറഞ്ഞ മനസ്സ് ഒപ്പമുണ്ടായിരുന്നു. ഹൃദയം മാറ്റിവെച്ച് ആരോഗ്യവതിയായെത്തുന്ന ആവണിയെ കാത്ത് ഒരു നാടുണ്ടിവിടെ-അഞ്ചൽ കരുകോൺ. വെള്ളിയാഴ്ച കൊല്ലം റെയിൽവേ സ്റ്റേഷൻ സാക്ഷ്യംവഹിച്ചത് ആ നാടിന്റെ കരുതൽകൂടിയാണ്.
കരുകോൺ അമൽഭവനിൽ സന്തോഷിന്റെ മകൾ ആവണി മൂന്നുവർഷമായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു ചികിത്സ. ഹൃദയം മാറ്റിവെക്കൽ മാത്രമാണ് പോംവഴി എന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് എറണാകുളം ലിസി ഹോസ്പിറ്റിലിലും രജിസ്റ്റർ ചെയ്തിരുന്നു. അവിടെയും പരിശോധനകളെല്ലാം പൂർത്തിയായി അനുയോജ്യമായ ഹൃദയം വരുമ്പോൾ അറിയിക്കാം എന്നതിന്റെ അടിസ്ഥാനത്തിൽ കാത്തിരിക്കുകയായിരുന്നു കുടുംബം.
വെള്ളിയാഴ്ച ശ്രീചിത്രയിലെ പരിശോധന കഴിഞ്ഞ് തിരിച്ച് പോത്തൻകോട് എത്തിയപ്പോഴാണ് ലിസി ഹോസ്പിറ്റലിൽനിന്ന് ഫോൺ വന്നത്. ഏഴുമണിക്ക് എറണാകുളത്തെത്താനായിരുന്നു നിർദേശം. അതുപ്രകാരം കൊല്ലത്തുനിന്ന് 4.50-നുള്ള വന്ദേഭാരതിലെ ടിക്കറ്റിന് ശ്രമിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപി ഇടപെട്ട് അച്ഛൻ സന്തോഷിനും അമ്മ സിന്ധുവിനും ആവണിക്കുമുള്ള ടിക്കറ്റ് ശരിയാക്കിക്കൊടുത്തു. എയർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്താനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ അത് ആവശ്യമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വന്ദേഭാരതിൽ യാത്രചെയ്യാൻ തീരുമാനിച്ചതെന്ന് ആവണികൃഷ്ണ ചികിത്സാ സഹായസമിതി കൺവീനർ രാജശേഖരൻ പറഞ്ഞു.
സന്തോഷിന്റെ സഹോദരനും ഭാര്യയും തൊട്ടടുത്ത ട്രെയിനിലും എറണാകുളത്തേക്ക് പോയിട്ടുണ്ട്. ലിസി ഹോസ്പിറ്റലിൽ ചെന്ന് ഇനിയും ടെസ്റ്റുകൾക്കു ശേഷമായിരിക്കും ഹൃദയശസ്ത്രക്രിയ തീരുമാനിക്കുന്നത്. കരുകോൺ ഗവ. ഹൈസ്കൂൾ വിദ്യാർഥിനിയാണ് ആവണി. സഹോദരൻ അമൽകൃഷ്ണ നഴ്‌സിങ് വിദ്യാർഥിയാണ്. വന്ദേഭാരതിൽ യാത്രചെയ്യാനെത്തിയ പൊതുമരാമത്തുവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആവണിയെയും കുടുംബത്തെയും കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
Content Highlights: Avani, a heart patient from Kollam, travels to Ernakulam for a transplant.
Published: 13 Sept 2025, 07:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented