ന്യൂഡൽഹി: 14 മാസം പ്രായമുള്ള പെൺകുട്ടിയുടെ അന്നനാളത്തിൽ കുടുങ്ങിയ രണ്ട് ഇഞ്ച് നീളമുള്ള ലോഹ സ്പ്രിങ് എയിംസ് ഡോക്ടർമാർ വിജയകരമായി പുറത്തെടുത്തു. സങ്കീർണ്ണമായ എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചതെന്ന് എയിംസ് അധികൃതർ അറിയിച്ചു.

To advertise here,

ഒരാഴ്ചയായി ഛർദ്ദിയും ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ടും തുടുർന്നതിനു പിന്നാലെയാണ് യമുനാനഗർ സ്വദേശിയായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്സ്റേ പരിശോധനയിലാണ് ഭക്ഷണനാളത്തിന്റെ മുകൾ ഭാഗത്തായി വലിയൊരു സ്പ്രിങ് കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സാധാരണ പേനകളിൽ കാണുന്നതിനേക്കാൾ കനമുള്ളതും രണ്ട് ഇഞ്ചോളം നീളമുള്ളതുമായിരുന്നു സ്പ്രിങ്.

നേരത്തെ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിൽ സ്പ്രിങ് പുറത്തെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും അന്നനാളത്തിലെ വീക്കവും മുറിവുകളും കാരണം പരാജയപ്പെടുകയായിരുന്നു. തുടർന്നാണ്  ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഡൽഹി എയിംസിലേക്ക് മാറ്റിയത്.

എയിംസിലെ പീഡിയാട്രിക് സർജറി വിഭാഗത്തിലെ ഡോ. വിശേഷ് ജയിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അത്യാധുനിക എൻഡോസ്കോപ്പിക് വിദ്യകൾ ഉപയോഗിച്ച് സ്പ്രിങ് സാവധാനം കറക്കി ഭക്ഷണനാളത്തിൽ മുറിവുകൾ ഏൽപ്പിക്കാതെ പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യനില വേഗത്തിൽ മെച്ചപ്പെടുകയും അടുത്ത ദിവസം തന്നെ ആഹാരം നൽകിത്തുടങ്ങുകയും ചെയ്തു.