യുഎസിലാണ് ജനിച്ചതെങ്കിലും ഡോക്ടർ പ്രതിഭ വർക്കി വളർന്നത് രണ്ട് ഭൂഖണ്ഡങ്ങളിലായാണ്. അതുകൊണ്ടു തന്നെ, അവരുടെ കേരള പൈതൃകവും  വൈദ്യശാസ്ത്രരംഗത്തു പടുത്തുയർത്തിയ രാജ്യാന്തര കരിയറും നേടിയ ഉന്നതപദവികളുമെല്ലാം  ഇഴചേർന്നിരിക്കുകയാണെന്നു പറയാം. സിഎംസി വെല്ലൂരിലും ഹാർവാർഡിലുമായാണ് ഡോ. പ്രതിഭ തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഇന്ന് അവർ 16 ആശുപത്രികളും 40 മൾട്ടിസ്പെഷ്യാലിറ്റി ക്ലിനിക്കുകളും 14,000 ജീവനക്കാരും ഉൾപ്പെടുന്ന മയോ ക്ലിനിക് ഹെൽത്ത് സിസ്റ്റത്തിന്റെ പ്രസിഡന്റാണ്. അമേരിക്കയിലെ മിനസോട്ട, അയോവ, വിസ്കോൻസിൻ എന്നിവിടങ്ങളിലെ ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് പരിചരണം നൽകുന്ന ആരോഗ്യ ശൃംഖലയാണ് മയോ ക്ലിനിക് ഹെൽത്ത് സിസ്റ്റം. ലോകപ്രശസ്തമായ മയോ ക്ലിനിക്കിന്റെ ഭാഗമാണിത്. ന്യൂസ് വീക്ക് പ്രസിദ്ധീകരിച്ച 2025-ലെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മയോ ക്ലിനിക്. തുടർച്ചയായി ഏഴാം വർഷമാണ് അവർ ഈ നേട്ടം കൈവരിക്കുന്നത്.

To advertise here,

സിഎംസി വെല്ലൂരിലെ മെഡിക്കൽ പരിശീലനത്തിൽ  തുടങ്ങി ഹാർവാഡിലെ പൊതുജനാരോഗ്യപഠനത്തിലും ഇപ്പോൾ മയോ ക്ലിനിക്കിലെ നേതൃനിരയിലും എത്തിനിൽക്കുന്ന ഡോ. പ്രതിഭ വർക്കിയുടെ കർമപഥം രോഗീപരിചരണത്തിലുള്ള അവരുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. 

സങ്കീർണ്ണമായ രോഗാവസ്ഥകൾക്കും രോഗനിർണയത്തിനുമുള്ള ലോകോത്തര നിലവാരമുള്ള  ആശുപത്രിയായാണ് മയോ ക്ലിനിക്കിനെ പ്രതിഭ വിശേഷിപ്പിക്കുന്നത്. ഒപ്പം, രോഗികൾ അവരുടെ പരിചരണത്തിൽ അർപ്പിക്കുന്ന വിശ്വാസത്തിനും ഡോക്ടർ നന്ദി പറയുന്നു.
2021-ൽ സംഘടനയെ നയിക്കുന്ന വെള്ളക്കാരിയല്ലാത്ത ആദ്യത്തെ വനിതയായി ഡോ. പ്രതിഭ ചരിത്രം കുറിച്ചു. മോഡേൺ ഹെൽത്ത്കെയർ മാസിക തയ്യാറാക്കിയ അമേരിക്കൻ ആരോഗ്യരംഗത്തെ ഏറ്റവും മികച്ച 25 വനിതാ നേതാക്കളുടെ പട്ടികയിലും അവർ ഇടംപിടിച്ചു.

മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ, ഡോ പ്രതിഭ കേരളവുമായുള്ള ബന്ധത്തെക്കുറിച്ചും തന്റെ അമ്മയിൽനിന്നു പഠിച്ച പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവിനെക്കുറിച്ചും ഗ്രാമീണ ആരോഗ്യ മേഖലയിലെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ചും മനസ്സ് തുറക്കുന്നു.. അതോടൊപ്പം, വൈദ്യശാസ്ത്രരംഗത്ത് നേതൃനിരയിലേക്കുയരാൻ  ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി തന്റെ  ഉപദേശവും പങ്കുവയ്ക്കുന്നു.

കേരളത്തിലെ താങ്കളുടെ ബാല്യകാലത്തെക്കുറിച്ച് വിശദീകരിക്കാമോ? എങ്ങനെയുള്ള ചുറ്റുപാടുകളാണ് ബാല്യത്തെ രൂപപ്പെടുത്തിയത്? വൈദ്യശാസ്ത്രമേഖല തെരഞ്ഞെടുക്കാനുള്ള തീരുമാനത്തെ ഏതെങ്കിലും അധ്യാപകരോ സംഭവങ്ങളോ സ്വാധീനിച്ചിരുന്നോ

ഞാൻ ജനിച്ചത് അമേരിക്കയിലും വളർന്നത് അമേരിക്കയിലും ഇന്ത്യയിലുമായിട്ടാണ്. എന്റെ മുത്തശ്ശനും മുത്തശ്ശിയുമെല്ലാം അധ്യാപകരും സ്കൂൾ മേധാവികളുമൊക്കെയായിരുന്നു. എന്റെ മാതാപിതാക്കളാകട്ടെ, മുൻനിര ഡോക്ടർമാരും  മെഡിക്കൽ സ്കൂൾ അധ്യാപകരുമായിരുന്നു. ഞാൻ വളർന്നു വന്നത് നാം ജീവിക്കുന്ന സമൂഹത്തെ തിരികെ സേവിക്കണമെന്നും അവരിൽ നല്ല സ്വാധീനം ചെലുത്തണമെന്നുമുള്ള ശക്തമായ ബോധ്യത്തോടെയാണ്. ഓർമ്മ വച്ച നാൾ മുതൽ ഒരു ഡോക്ടറാകാനായിരുന്നു എൻ്റെ ആഗ്രഹം. ആ മേഖലയിൽ തന്നെ എത്തിപ്പെടാൻ അവസരം ലഭിച്ചതിൽ ഒരുപാട് നന്ദിയുണ്ട്. എന്റെ സഹോദരിയും കുറേ അടുത്ത ബന്ധുക്കളും ഡോക്ടർമാരാണ്.

placeholder
ഡോ. പ്രതിഭ സഹപ്രവർത്തകർക്കൊപ്പം

വിവിധ രാജ്യങ്ങളിൽനിന്ന് വ്യത്യസ്ത ബിരുദങ്ങൾ കരസ്ഥമാക്കികൊണ്ടുള്ള താങ്കളുടെ അക്കാദമിക് നേട്ടങ്ങളെക്കുറിച്ച് പറയാമോ? ഈ നേട്ടങ്ങൾ എങ്ങനെയാണ് വൈദ്യശാസ്ത്രത്തോടും നേതൃഗുണത്തോടുമുള്ള താങ്കളുടെ സമീപനത്തെ രൂപപ്പെടുത്തിയത്

ഭാഗ്യവശാൽ എനിക്ക് തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ (സിഎംസി) പഠിക്കാനുള്ള അവസരം ലഭിച്ചു. അവിടത്തെ അദ്ധ്യാപകർ പൊതുജനാരോഗ്യവും കമ്മ്യൂണിറ്റി മെഡിസിനും പഠിക്കാൻ പ്രചോദനമായി. പിന്നീട് ഇന്റേണൽ മെഡിസിനിൽ റെസിഡൻസി പൂർത്തിയാക്കാൻ ഞാൻ അമേരിക്കയിലേക്ക് പോയി. തുടർന്ന് ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ ഒരു വർഷത്തെ പഠനത്തിലൂടെ ഹെൽത്ത് കെയർ മാനേജ്‌മെന്റ് ആൻഡ് പോളിസി പ്രധാന വിഷയമായി പൊതുജനാരോഗ്യത്തിൽ (മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്) ബിരുദാനന്തര ബിരുദം നേടി. അതിനു ശേഷം പ്രതിരോധ ചികിത്സയിൽ (പ്രിവന്റീവ് മെഡിസിനിൽ) ഫെലോഷിപ്പിനായി ഞാൻ മയോ ക്ലിനിക്കിൽ ചേർന്നു. അവിടെ ജോലി ചെയ്യുന്നതിനിടയിൽ, മറ്റു രണ്ട് ബിരുദാനന്തര ബിരുദങ്ങൾ കൂടി ഞാൻ പൂർത്തിയാക്കി. അതിലൊന്നായ ഹെൽത്ത് പ്രൊഫഷൻസ് എഡ്യൂക്കേഷൻ നേടാൻ പ്രചോദനമായത് അക്കാലത്തെ വിദ്യാഭ്യാസ നേതൃത്വരംഗത്തെ എന്റെ ഇടപെടലുകൾ കൂടിയാണ്. മറ്റൊരെണ്ണം, സാമ്പത്തികവിഷയങ്ങളും നേതൃത്വപാടവവും കേന്ദ്രീകരിച്ചുള്ള മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനായിരുന്നു.

മയോ ക്ലിനിക് ഹെൽത്ത് സിസ്റ്റത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ, രോഗികളോടും ജീവനക്കാരോടും സമൂഹത്തോടുമുള്ള താങ്കളുടെ ഏറ്റവും വലിയ ഉത്തരവാദിത്തം എന്താണ്

മയോ ക്ലിനിക്കിന്റെ തന്നെ, പ്രാദേശിക ജനങ്ങൾക്കായുള്ള ശാഖയാണ് മയോ ക്ലിനിക് ഹെൽത്ത് സിസ്റ്റം. അതിന്റെ നയപരവും ചികിത്സാസംബന്ധവും സാമ്പത്തികപരവുമായ മേൽനോട്ടം നിർവഹിക്കുകയാണ് എന്റെയും  എന്റെ സഹപ്രവർത്തകരുടെയും കർത്തവ്യം. രോഗികളെ പരിചരിക്കുന്നതും ജീവനക്കാരെ പിന്തുണയ്ക്കുന്നതും സ്ഥാപനത്തെ നയിക്കുന്നതുമെല്ലാം ഇതിൽ പെടും.

കേരളത്തിൽ വളർന്നുവന്ന ചുറ്റുപാട് പൊതുജനാരോഗ്യത്തോടും പ്രതിരോധ ചികിത്സയോടുമുള്ള താങ്കളുടെ സമീപനത്തെ ഏതെങ്കിലും രീതിയിൽ സ്വാധീനിച്ചിട്ടുണ്ടോ

വെല്ലൂരിലെ സിഎംസിയിൽ നിന്നാണ് ഞാൻ പൊതുജനാരോഗ്യത്തെക്കുറിച്ചും പ്രതിരോധ ചികിത്സയെക്കുറിച്ചും പഠിച്ചത്. വെല്ലൂരിലെ കണിയമ്പാടി പ്രദേശത്തിന്റെ ആരോഗ്യവിഷയത്തിൽ, പ്രത്യേകിച്ച് അവിടുത്തെ ജനങ്ങളുടെ ആരോഗ്യത്തിലും സാമ്പത്തിക ഉന്നമനത്തിലും, ആശുപത്രിയിലെ പൊതുജനാരോഗ്യവകുപ്പിനു കൊണ്ടുവരാനായ മാറ്റങ്ങൾ എന്നെ വളരെയധികം സ്വാധീനിച്ചു.

സ്ത്രീകൾക്ക്  ആരോഗ്യരംഗത്തെ നേതൃനിരയിൽ ഒരു വ്യത്യസ്ത വീക്ഷണം കൊണ്ടുവരാനാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ

സ്ത്രീകളാണ് കുടുംബങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നവരിൽ ഭൂരിഭാഗവും. കൂടാതെ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. നേരെമറിച്ച് വളരെ കുറച്ച് സ്ത്രീകൾ മാത്രമേ സിഇഒമാരായും വിവിധ വകുപ്പുകളുടെ മേധാവികളായും പ്രവർത്തിക്കുന്നുള്ളൂ. ആരോഗ്യ സംരക്ഷണമേഖലയെയും വൈദ്യശാസ്ത്രരംഗത്തെയും  മുഴുവൻ ഉടച്ചുവാർക്കുന്നതിനു  ഉന്നത നേതൃസ്ഥാനങ്ങളിൽ കൂടുതൽ സ്ത്രീകൾ വരേണ്ടത് അനിവാര്യമാണ്.

താങ്കൾ സേവനമനുഷ്ഠിക്കുന്ന പ്രദേശങ്ങളിൽ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്? അതെല്ലാം എങ്ങനെയാണ് പരിഹരിക്കുന്നത്

ഞങ്ങൾ സേവനം നൽകുന്ന പ്രദേശങ്ങളിൽ 90 ശതമാനത്തിലധികവും ഗ്രാമീണ മേഖലകളാണ്. മയോ ക്ലിനിക്കിന്റെ സേവനങ്ങൾ വീടുകളിലേക്ക് എളുപ്പത്തിൽ ലഭ്യമാക്കുക, ദേശീയതലത്തിലെ ചർച്ചകളെയും ആരോഗ്യസംരക്ഷണരംഗത്തെ  മാറ്റങ്ങളെയും സ്വാധീനിക്കുക തുടങ്ങിയവയാണ് ഞങ്ങളുടെ മുൻ‌ഗണനകൾ. ദൂരക്കൂടുതൽ കാരണം പരിചരണം ലഭ്യമാക്കാനുള്ള ബുദ്ധിമുട്ട്, ആരോഗ്യ വിദഗ്ധരുടെ കുറവ്, ഗതാഗത തടസ്സങ്ങൾ, വയോധികർക്ക് ആവശ്യമായി വരുന്ന സങ്കീർണ്ണമായ പരിചരണരീതികൾ, കോവിഡ്-19-നു ശേഷം രൂപപ്പെട്ട സാമ്പത്തിക പ്രയാസങ്ങൾ മുതലായവയാണ്‌ ഇവിടുത്തെ ജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ.

ഇതെല്ലാം നേരിടുന്നതിനായി ആരോഗ്യവും ക്ഷേമവും മുൻനിർത്തിയുള്ള ഒരു സമീപനം സ്വീകരിക്കുന്നതോടൊപ്പം പ്രതിരോധത്തിലും മാരകരോഗ നിയന്ത്രണത്തിലുമൂന്നിയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ജനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സേവനരീതികൾ പിന്തുടരുകയും ജീവനക്കാരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഡിജിറ്റൽ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സുഗമമായ ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിനും, ദീർഘകാലത്തേക്കുതകുന്ന തരത്തിൽ പരിചരണ രീതികൾ രൂപകൽപന ചെയ്യുന്നതിനും, മികച്ച ആരോഗ്യ സംരക്ഷണം ഭാവിയിലേക്കും ഉറപ്പു വരുത്തുന്നതിനും ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു.

അമേരിക്കയിലെ ഉന്നത ആരോഗ്യ സംവിധാനങ്ങളിലൊന്നിന് നേതൃത്വം നൽകുന്ന വനിത എന്ന നിലയിൽ, താങ്കൾ ലിംഗവിവേചനപരമായ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, താങ്കൾ എങ്ങനെ അതിനെ നേരിട്ടു

ഒരാളുടെ മുന്നോട്ടുള്ള യാത്രയിൽ നേരിടുന്ന വെല്ലുവിളികളെല്ലാം ഒരൊറ്റ കാര്യത്തെ സംബന്ധിച്ചാണെന്നു  കരുതാൻ ബുദ്ധിമുട്ടാണ്. ആത്മപരിശോധനയിലൂടെയും വ്യത്യസ്ത കാഴ്ചപ്പാടുകൾ ശ്രദ്ധാപൂർവം മനസ്സിലാക്കികൊണ്ടുമാണ് ഞാൻ വെല്ലുവിളികളെ സമീപിക്കുന്നത്. എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇത് എന്നെ സഹായിക്കുന്നു - അത് അറിവു വർദ്ധിപ്പിക്കുന്നതിനെ  സംബന്ധിച്ചാവാം, ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാവാം, അല്ലെങ്കിൽ പ്രശ്നങ്ങളോടും അവസരങ്ങളോടുമുള്ള എന്റെ സമീപനത്തെ തന്നെ മാറ്റിച്ചിന്തിപ്പിക്കുന്നതുമാവാം. 

തുടർന്ന് ഞാൻ എന്നെത്തന്നെ മെച്ചപ്പെടുത്താനും എന്റെ സഹപ്രവർത്തകരുടെ വളർച്ചയെ അതേ രീതിയിൽ പിന്തുണയ്ക്കാനും ശ്രമിക്കുന്നു. ഞാൻ മനസ്സിലാക്കിയിടത്തോളം വെല്ലുവിളികൾ വരുമ്പോൾ നാം സമചിത്തതയോടെ, പോസിറ്റീവായി, നിശ്ചയദാർഢ്യത്തോടെ അവയെ നേരിടുകയാണ് വേണ്ടത്. കഠിനാധ്വാനം ചെയ്യുക, സാഹചര്യങ്ങളോട് പൊരുത്തപ്പെടുക, എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ തയ്യാറായിരിക്കുക എന്നിവയൊക്കെ സങ്കീർണ്ണമായ പ്രശ്നങ്ങൾ നേരിടുന്നതിനും അതിനു മികച്ച പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഏറ്റവും സഹായകമാകും.

ഉന്നതതലത്തിലുള്ള ഭരണപരമായ ഒരു ചുമതല നിർവഹിച്ചുകൊണ്ടിരിക്കെത്തന്നെ രോഗികളെ പരിചരിക്കുന്നതും സമചിത്തത കൈവിടാതെ എല്ലാം കൈകാര്യം ചെയ്യുന്നതുമെങ്ങനെയാണ്

 "രോഗിയുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുക" എന്നതാണ് മയോ ക്ലിനിക്കിൽ ഞങ്ങളുടെ പ്രധാന ആശയം.  ആഗോളതലത്തിൽ ആരോഗ്യ സംരക്ഷണരംഗത്തെ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നതിനൊപ്പം രോഗികൾക്ക് പ്രതീക്ഷയും രോഗശാന്തിയും നൽകാനും കൂടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞാൻ ക്ലിനിക്കൽ ചുമതലകൾക്കായി ഒരു സ്ഥിരം സമയക്രമം പിന്തുടരുന്നുണ്ട്. ഇത് ക്ലിനിക്കൽ പ്രാക്ടീസ് തുടരാനും രോഗിയുടെ മുൻഗണനകൾ നന്നായി മനസിലാക്കാനും സഹായിക്കുന്നു. പിന്നെ വീട്ടിൽ നാലു വയസ്സുകാരിയായ ഒരു മകളുളളതും വലിയൊരു ആശ്വാസമാണ്!

താങ്കൾക്ക് ഏറ്റവും പ്രചോദനമേകിയ, വൈദ്യശാസ്ത്രമേഖലയ്ക്കകത്തോ പുറത്തോ ഉള്ള വനിതാ നേതാക്കൾ ആരൊക്കെയാണ്

എന്റെ അമ്മ ഡോ. ലീലാമ്മ വർക്കി കോഴിക്കോട് മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം മേധാവിയും കേരള മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷന്റെ മുൻ പ്രസിഡന്റുമായിരുന്നു. എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച നേതാവ് അമ്മയാണെന്ന് നിസ്സംശയം പറയാം.  നല്ല ബുദ്ധി സാമർത്ഥ്യം, ആത്മീയതയിൽ അഗാധമായ താൽപര്യം, ദയ, ഉദാരത തുടങ്ങിയ ഗുണങ്ങളൊക്കെ അവർക്കുണ്ടായിരുന്നു. 

ജീവിതത്തിലുടനീളം പഠിക്കാനിഷ്ടപ്പെട്ട അമ്മ, 57-ാം വയസ്സിൽ തന്റെ പ്രധാന പ്രവർത്തന മേഖല ഫാമിലി മെഡിസിനിലേക്ക് മാറ്റി. വിവിധ തരം കാൻസറുകളെ അതിജീവിച്ചയാളായിരുന്നു അമ്മ. കുറഞ്ഞത് ഏഴ് തവണയെങ്കിലും അവർക്ക് വീണ്ടും രോഗബാധയുണ്ടായി. ഒടുവിൽ 76-ാം വയസ്സിൽ രോഗങ്ങളോട് പോരാടി കീഴടങ്ങി. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കീമോതെറാപ്പിയിലൂടെ പ്രതിസന്ധികളെ നേരിടാനുള്ള കഴിവ്, ശുഭാപ്തിവിശ്വാസം, മറ്റുള്ളവർക്ക് നന്മ ചെയ്യൽ എന്നിവയുടെയൊക്കെ ശക്തി അവർ എന്നെ പഠിപ്പിച്ചു. അവയാണ് ഇന്നും എന്നെ നയിക്കുന്ന പാഠങ്ങൾ.

തിരിഞ്ഞു നോക്കുമ്പോൾ, താങ്കളെ ഇപ്പോഴും മലയാളി എന്ന നിലയിൽ അടയാളപ്പെടുത്താവുന്ന എന്തെങ്കിലും പ്രത്യേകത - നിങ്ങളുടെ തൊഴിൽ സംബന്ധമായ മൂല്യങ്ങളിലോ, വ്യക്തിജീവിതത്തിലോ, അല്ലെങ്കിൽ താങ്കളുടെ നേതൃത്വ രീതിയിലോ - ഉണ്ടോ

ഞാൻ ഒന്നിലധികം സംസ്കാരങ്ങളുടെ ഒരു മിശ്രിതമാണെന്ന് പറയാം. എനിക്ക് വൈവിധ്യമാർന്ന സാംസ്‌കാരിക പശ്ചാത്തലങ്ങളിലൂടെ കടന്നു പോകാനുള്ള അവസരം ലഭിച്ചു. അതെല്ലാം തന്നെ ഞാനെന്റെ നെഞ്ചോട് ചേർത്തു പിടിക്കുന്നു. ഞാൻ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് കോഴിക്കോടായിരുന്നെങ്കിൽ, പ്രീഡിഗ്രി ചെയ്തത് തിരുവനന്തപുരത്തായിരുന്നു. വിദ്യാഭ്യാസത്തിനു നൽകുന്ന  പ്രാധാന്യം, ഉന്നത ലക്ഷ്യങ്ങൾ നേടാനുള്ള താൽപര്യം, പിന്നെ എരിവുള്ള ഭക്ഷണത്തോടുള്ള പ്രിയം! - ഇതെല്ലാം എന്റെ മലയാളി വേരുകൾ കാരണമാണെന്ന് ഞാൻ അഭിമാനത്തോടെ വിശ്വസിക്കുന്നു. ഞാൻ വർഷത്തിൽ ഒരിക്കലെങ്കിലും കേരളത്തിൽ വന്ന് തിരുവനന്തപുരത്തെ എന്റെ കുടുംബത്തെ സന്ദർശിക്കാറുണ്ട്. ഓരോ തവണയും തിരികെ പോകുന്നത് ആത്മീയതയിലൂന്നിയ, ആഴത്തിൽ വേരോടിയ ഈ സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്.

വൈദ്യശാസ്ത്രത്തിലും ആരോഗ്യസംരക്ഷണരംഗത്തും ഭരണനേതൃത്വപരമായ പദവികൾ സ്വന്തമാക്കാൻ ശ്രമിക്കുന്ന വനിതകൾക്കായി എന്ത് ഉപദേശമാണ് നൽകാനുള്ളത്

എല്ലാം ഏറ്റെടുക്കൂ! ധൈര്യവും സ്ഥിരോത്സാഹവും കൈമുതലാക്കുക. അവസരങ്ങളും പരാജയസാധ്യതകളും ഒരുപോലെ അഭിമുഖീകരിക്കുക. ഓരോ അനുഭവവും പഠിക്കാനും വളരാനുമുള്ള അവസരമായി ഉപയോഗിക്കുക. ഒരിക്കലും ഒരു നേർരേഖ പോലെ കരിയറിനെ മുന്നോട്ട് കൊണ്ടുപോകരുത്. സമൂഹത്തിൽ ഒരു മാറ്റമുണ്ടാക്കാൻ പറ്റുന്ന പല മികച്ച അവസരങ്ങളും നാം കാണാതെയോ തിരിച്ചറിയാതെയോ പോകുന്നുണ്ടാകാം. നമ്മുടെ സമൂഹത്തിനു തിരികെ സേവനം ചെയ്യൂ  - നിങ്ങൾ നേതൃനിരയിലേക്ക് വരണമെന്നാണ് ഞങ്ങളുടെ ആവശ്യം.