കാന്‍സര്‍ എന്ന മഹാമാരി പേടിപെടുത്തുന്നതാണെങ്കിലും ഒരു പരിധിവരെ ഇന്ന് ചികിത്സിച്ചു മാറ്റാനോ അല്ലെങ്കില്‍ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ടുപോകാനോ പറ്റുന്ന തരത്തില്‍ ചികിത്സാ സമ്പ്രദായങ്ങള്‍ മെച്ചപ്പെട്ടു വരുന്ന സമയത്താണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ ഈ അസുഖം ഉണ്ടാകുന്ന മാനസിക, ശാരീരിക, സാമ്പത്തിക പ്രയാസത്തില്‍ നിന്നും കരകയറാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാല്‍ ഏറ്റവും രസകരമായ കാര്യം ഇതില്‍ പല കാന്‍സറുകളും പ്രതിരോധിക്കാവുന്നതാണ് എന്നതാണ്. പലപ്പോഴും കാന്‍സര്‍ പ്രതിരോധത്തെ പറ്റി പറയുമ്പോള്‍ ഉണ്ടാകുന്ന പ്രധാന പ്രശ്‌നം, നാം ഭക്ഷിക്കുന്ന പലതിലും കാന്‍സറിന് കാരണമായ വസ്തുക്കളുണ്ട് അതിനാല്‍ എങ്ങനെ ഇവയെല്ലാം ഒഴിവാക്കാന്‍ സാധിക്കും എന്നതാണ്. അതില്‍ മൊബൈല്‍ ഉപയോഗം മുതല്‍ പ്ലാസ്റ്റിക് വരെ വരാം. കാന്‍സര്‍ റിസര്‍ച്ച് UK അടുത്ത കാലത്ത് പുറത്തുവിട്ട വിവരം പ്രകാരം, ജനങ്ങള്‍ പലപ്പോഴും കാന്‍സറിന് കാരണമാകാമെന്ന്  സംശയമുള്ള പല 'മിത്തു'കളും വിശ്വസിക്കുകയും, കാന്‍സറിന് കാരണമാകും എന്ന് ഉറപ്പുള്ള കാരണങ്ങളെ അവിശ്വസിക്കുകയും ചെയ്യുന്നു എന്നതാണ്. ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് കാന്‍സറിന് കാരണമാകും എന്ന് 100% ഉറപ്പുള്ള പുകയിലയെ പറ്റിയാണ്.

To advertise here,

പുകയിലയുടെ ഉപഭോഗം പല തരത്തിലുമുള്ള കാന്‍സറുകള്‍ക്കും കാരണമാകാം. ശ്വാസകോശം, സ്വനപേടകം, വായ, അന്നനാളം, തൊണ്ട, മൂത്രാശയം, വൃക്ക, കരള്‍, ഉദരം, പാന്‍ക്രിയാസ്, വന്‍കുടല്‍, മലദ്വാരം, ഗര്‍ഭാശയമുഖം എന്നിവയില്‍ ഉണ്ടാക്കുന്ന കാന്‍സറുകളിലെല്ലാം പുകയില ഉപഭോഗത്തിന്റെ സ്വാധീനം ഉണ്ടാകാവുന്നതാണെന്നു അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (NCI) അറിയിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ (World Health Organization)യുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം ജനങ്ങളില്‍ 50 കോടിപേര്‍ പുകയില ഉപഭോഗംമൂലമുള്ള കാന്‍സര്‍ ബാധിച്ച് മരിക്കാന്‍ സാധ്യതയുള്ളവരാണ്. ഇതില്‍ പുകവലി 90% ശ്വാസകോശ കാന്‍സറുകള്‍ക്കും കാരണമാകുന്നു. നേരിട്ടുള്ള പുകവലി മാത്രമല്ല നേരിട്ടല്ലാതെയുള്ള പുകവലിയും ഇതില്‍ ഉള്‍പ്പെടും. അതായത് നിങ്ങളുടെ പുകവലി നിങ്ങളില്‍ മാത്രമല്ല നിങ്ങളുമായി അടുത്തിടപഴകുന്നവരിലും കാന്‍സര്‍ ഉണ്ടാക്കാം.

എന്നാല്‍ ഇന്ത്യയിലെ സ്ഥിതി ഇതിലും ഭയാനകമാണ്. ഇവിടെ പുകയില ഉപഭോഗം രണ്ടു തരത്തിലാണ്, പുകവലിയും (Smoking) പുകയില ചവക്കലും (Smokeless).  ആഗോളതലത്തില്‍ എടുക്കുമ്പോള്‍ ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ നിരക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളെക്കാള്‍ പൊതുവെ കുറവായി കണക്കാക്കാം. ഇന്ത്യയിലെ വളരെ അധികം വരുന്ന ഗ്രാമീണ ജനസംഖ്യയും കാന്‍സര്‍ നിര്‍ണയത്തിലെ കുറവുമെല്ലാം ഇതിനു കാരണമാകാം. എന്നാല്‍ വായില്‍ ഉണ്ടാകുന്ന കാന്‍സറിന്റെ കാര്യത്തില്‍ മാത്രം ഇന്ത്യ മുന്നിലാണ്. 

ആഗോളതലത്തില്‍ വായിലെ കാന്‍സറിന് 16-ാം  സ്ഥാനം മാത്രമേയുള്ളൂ എങ്കില്‍ ഇന്ത്യയിലതിന് മൂന്നാം സ്ഥാനമാണ്. ഒരു ലക്ഷം പേരില്‍ 20 പേര്‍ക്കെന്ന നിലയിലാണ് ഇന്ത്യയിലെ വായിലെ കാന്‍സര്‍ കണക്ക്. രാജ്യത്തെ മൊത്തം കാന്‍സര്‍ രോഗികളില്‍ 3% വരും ഇത്. ഇതിനു കാരണം എന്താണ്? ഉത്തരം ലളിതം, പുകയില ചവക്കല്‍. ഇന്ത്യയിലുണ്ടാകുന്ന വായിലെ കാന്‍സര്‍ 90 ശതമാനവും പുകയില ചവക്കല്‍ മൂലം ഉണ്ടാകുന്നതാണ്. വിവിധതരം പാനുകളും പുകയില കൂട്ടി ഉള്ള വെറ്റിലയുടെ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. ഇന്ത്യയില്‍ 32.8% ആളുകള്‍ പുകയില ഉപയോഗിക്കുന്നുണ്ട്. 12.6% പുകവലിയും 24 .7% പുകയില ചവക്കലും. പുകയില ചവക്കലില്‍ ഗുഡ്ഖ, ഖൈനി, മിസ്ത്രി, സ്‌നുഫ്, വെറ്റില എന്നിവയും ഉള്‍പെടും.

പുകയിലയില്‍ 7000-ത്തോളം വിവിധ കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു. പുകയില കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയില്‍ 60 തോളം കാന്‍സറിന് കരണമാകാവുന്ന കെമിക്കലുകള്‍ (കാര്‍സിനോജന്‍സ്) ഉണ്ടാകാം. ഇതില്‍ നൈട്രോസമിന്‍സ് (Nitrosamines) നൈട്രോസോണോര്‍ണിക്കോട്ടിന്‍ (N-Nitrosonornicotine - NNN ) പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബോണ്‍സ്, ആരോമാറ്റിക് അമീന്‍സ് എന്നിവ കാന്‍സറുണ്ടാകുന്നതില്‍ വളരെയധികം പ്രധാനപ്പെട്ടവയാണ്. ഇത്തരം കെമിക്കലുകള്‍ DNA  യുമായി ചേര്‍ന്ന് DNA adducts ഉണ്ടാക്കുകയും, ഇത് DNA യില്‍ കേടുപാടുകള്‍ വരുത്തുകയും പ്രധാനപ്പെട്ട ജീനുകള്‍ക്കു മ്യൂറ്റേഷന്‍ ഉണ്ടാക്കുകയും ചെയ്യും. 

പ്രധാനപ്പെട്ട ജീനുകളായ RAS, MYC, TP53, CDKN2A എന്നിവയില്‍ വരുന്ന മ്യൂറ്റേഷനലുകള്‍ കോശങ്ങളുടെ വിഘടനപ്രക്രിയയുടെ നിയന്ത്രണത്തെ നഷ്ടപ്പെടുത്തുകയും അങ്ങനെ കാന്‍സര്‍ ആയി രൂപന്തരപ്പെടുകയും ചെയ്യും. നിക്കോട്ടിന്‍ പോലെ ഉള്ള കാര്‍സിനോജനുകള്‍ നേരിട്ട് കോശസ്തരത്തിലെ Receptor കളില്‍ കൂടിച്ചേര്‍ന്നു കാന്‍സറിന്റെ ആക്രമണോത്സുകത കൂട്ടുന്നു. ഈ പ്രക്രിയ AKT, PKB (Protein Kinase B), PKC (Protein Kinase C), PKA (Protein Kinase A),  AP1 (Activator protein 1),  RB (Retinoblastoma gene)  എന്നീ  പ്രോട്ടീനുകളെ സജീവമാക്കുകയും ചെയ്യും.

2012-ലെ ഒരു കണക്കു പ്രകാരം പുകവലി 30% കാന്‍സര്‍ മരണങ്ങള്‍ക്കും 80% ശ്വാസകോശ കാന്‍സര്‍ മൂലമുള്ള മരണങ്ങള്‍ക്കും കാരണമാകുന്നു. ലോകാരോഗ്യ സംഘടന  2021-ല്‍ പുറത്തുവിട്ട ഒരു പഠനം 2016 -2017-ല്‍ ഇന്ത്യക്കു പുകയില മൂലം ഉണ്ടായ നഷ്ടം കണക്കാക്കുകയുണ്ടായി. അതുപ്രകാരം ഇന്ത്യയില്‍ 29% ത്തോളം മുതിര്‍ന്നവര്‍ പുകയില ഉപയോഗിക്കുകയും, വര്‍ഷത്തില്‍ 13.5 ലക്ഷം ഒഴിവാക്കാമായിരുന്ന മരണങ്ങള്‍ക്കു കാരണമാകുകയും ചെയ്യുന്നു.  പുകയില ഉപഭോഗം കൊണ്ടുണ്ടായ ചെലവ് ഇന്ത്യയുടെ ജിഡിപിയുടെ 1% ആണ്. അതായതു ഏകദേശം US$ 27.5 billion (INR 1773.4 billion). അതില്‍ ചികിത്സാപരമായ ചെലവ് US$ 5.8 billion (INR 37 344 crore) ഉം, ചികിത്സാപരമാല്ലാത്ത ചെലവ് US$ 211 million (INR 1364 core)ഉം ആണ്. കാന്‍സര്‍ മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് 91% പുരുഷന്മാരും 9% സ്ത്രീകളും കാരണമാകുന്നതായും കണ്ടെത്തി. മൊത്തത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടിന്റെ 93%,  35വയസ്സിനും 69വയസ്സിനും  ഇടയിലുള്ളവരാനു കാരണമാകുന്നത്. എന്നാല്‍ പുകയിലയുടെ tax revenue പുകയില മൂലമുള്ള സാമ്പത്തിക ചെലവിന്റെ 12.2% മാത്രമാണ്. ഇന്ത്യയുടെ ടുബാക്കോ പോളിസി (Tobacco Policy) യില്‍ അടിയന്തരമായി വരുത്തേണ്ട പൊളിച്ചെഴുത്തിന്റെ ആവശ്യം ഈ കണക്കുകള്‍ അടിവരയിടുന്നു.

ഇത്തരം കണക്കുകള്‍ക്കും ശാസ്ത്രീയ വാദങ്ങള്‍ക്കുമപ്പുറം പുകയില ഉപഭോഗംകൊണ്ടുമാത്രം ഉണ്ടാകുന്ന, ഒഴിവാക്കാമായിരുന്ന മരണവും അതിലപ്പുറം മരണംവരെയുള്ള ജീവിതത്തില്‍ ഉണ്ടാകാവുന്ന മാനുഷിക ബുദ്ധിമുട്ടുകളും അതിഭീകരമാണ്. പലപ്പോഴും സര്‍ജറിയാണ് ഇവര്‍ക്കുള്ള പ്രധാന ചികിത്സാമാര്‍ഗം. കാന്‍സര്‍ വന്നു മുറിച്ചു മാറ്റിയ ചുണ്ടും, കവിളും, നാക്കുമായി ജീവിക്കുന്നത് നമ്മള്‍ കരുതുന്നതിലും ഭയാനകമാണ്. പലപ്പോഴും സാധാരണക്കാര്‍ ചോദിക്കുന്ന ഒരു കാര്യമാണ്, പുകയില ഉപയോഗിക്കാത്തവര്‍ക്കും കാന്‍സര്‍ വരുന്നുണ്ടല്ലോ എന്ന്. ഇത് സത്യം തന്നെയാണ്. നമുക്ക് കാന്‍സര്‍ വരാന്‍ അറിയുന്നതും അറിയാത്തതുമായ ഒട്ടനവധി കാരണങ്ങളുണ്ട്. 

പരിസ്ഥിതി മലിനീകരണം മുതല്‍ ജനറ്റിക് സെറ്റിങ്(Genetic Setting) വരെ അതിലുണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞപോലെ ഒരു പ്രശ്നവും ഇല്ലാത്ത ഒരാള്‍ക്ക് അറിഞ്ഞുകൊണ്ട് കാന്‍സര്‍ വരുത്തുന്ന നടപടിയാണ് പുകയില ഉപഭോഗത്തോടെ ചെയ്യുന്നത്. 13.5 ലക്ഷം മനുഷ്യജീവനുകളാണ് ഈ ദുശ്ശീലം ഓരോ വര്‍ഷത്തിലും ഇന്ത്യയില്‍ ഇല്ലാതാക്കുന്നത്. അനേകലക്ഷം മനുഷ്യര്‍ അതിന്റെ ദുരിതംപേറി ദുഷ്‌കരമായ ജീവിതം നയിക്കുകയും ചെയ്യുന്നു. മിഖായേല്‍ വാല്‍ഷ് (Michael Walsh) കാന്‍സര്‍ റിസര്‍ച്ച് UKയുടെ ബ്ലോഗില്‍ പറഞ്ഞതുപോലെ പലരും സത്യവുമായി ഒരു പുലബന്ധം പോലുമില്ലാത്ത, ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാത്ത പല കാര്യങ്ങളും വിശ്വസിക്കുകയും, കാന്‍സറിനു കാരണമാകും എന്ന് ശാസ്ത്രീയമായി ഉറപ്പിച്ചിട്ടുള്ള പുകയില, മദ്യം എന്നിവയുടെ ഉപഭോഗത്തിന്റെ കാര്യത്തില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു എന്നത് ഒരു വിരോധാഭാസമാണ്.

പുകയിലയിലെ കാന്‍സറിന് കാരണമായേക്കാവുന്ന പദാര്‍ഥങ്ങളും അവ ഉണ്ടാക്കുന്ന വിവിധ തരം കാന്‍സറുകളും

കാന്‍സര്‍ തരംകാരണമായേക്കാവുന്ന പദാര്‍ഥങ്ങള്‍ Likely carcinogen involvement*
ശ്വാസകോശം(Lung)PAH, NNK (major) 1,3-butadiene, isoprene, ethylene oxide, ethyl carbamate, aldehydes, benzene, metals
തൊണ്ട(Laryngeal Cancer)PAH
മൂക്ക് (Nasal Cancer)NNK, NNN, other nitrosamines, aldehydes
വായ(Oral Cavity Cancer)PAH, NNK, NNN
അന്നനാളം(Oesophageal Cancer)NNN, other nitrosamines
കരള്‍(Liver Cancer)NNN, other nitrosamines, furan
ആഗ്‌നേയഗ്രന്ഥി(Pancreatic Cancer)NNK, NNAL
ഗര്‍ഭാശയമുഖം (Cervical Cancer)PAH, NNK
മൂത്രസഞ്ചി (Bladder Cancer)4-Aminobiphenyl, other aromatic amines
രക്താര്‍ബുദം (Leukaemia)Benzene

*Based on carcinogenicity studies in laboratory animals, biochemical evidence from human tissues and fluids, and epidemiological data, where available. NNAL, 4-(methylnitrosamino)-1-(3-pyridyl) -1- butanol; NNK, 4-(methylnitrosamino)-1-(3-pyridyl)-1-butanone; NNN, N'-nitrosonornicotine; PAH, polycyclic aromatic hydrocarbons. (Hecht SS. Tobacco carcinogens, their biomarkers and tobacco-induced cancer. Nat Rev Cancer. 2003 Oct;3(10):733-44. doi: 10.1038/nrc1190. Erratum in: Nat Rev Cancer. 2004 Jan;4(1):84. PMID: 14570033)

Reference
(https://www.cancer.gov/about-cancer/causes-prevention/risk/tobacco)
(https://academic.oup.com/ntr/article/23/2/294/5893458?guestAccessKey=7837fa8e-ee35-4990-a529-9c052d9cf184&login=true)
(https://news.cancerresearchuk.org/2018/05/30/6-tips-to-spot-cancer-fake-news/)

(തൃശ്ശൂർ അമല കാൻസർ റിസർച്ച് സെൻ്ററിൽ ഇമ്മ്യൂണോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ് ലേഖകൻ)