മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ യാത്ര ചെയ്ത് തിരിച്ചെത്തുന്ന യുഎഇ താമസക്കാര്‍ ഐസൊലേഷനില്‍ പ്രവേശിക്കണമെന്ന് യുഎഇ നിര്‍ദേശം നല്‍കിയിരിക്കയാണ്. ഇക്വടോറിയല്‍ ഗിനിയ, ടാന്‍സാനിയ എന്നീ രണ്ട് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയാലാണ് ഐസൊലേഷനില്‍ പോകാന്‍ യുഎഇ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
ഈ രാജ്യങ്ങളിലെ യാത്രയുടെ വിവരങ്ങള്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെ അറിയിക്കാനും നിര്‍ദേശമുണ്ട്. 21 ദിവസത്തില്‍ കൂടുതലായി ഹെമറേജിക്ക് ഫീവര്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ മെഡിക്കല്‍ പരിശോധന നടത്തണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് ഇക്വടോറിയല്‍ ഗിനിയയിലും ടാന്‍സാനിയയിലും 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എബോളയ്ക്ക് സമാനമായ അതീവ മാരകമായ ഈ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇക്വടോറിയല്‍ ഗിനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഉണ്ടായതില്‍ വച്ച് നാലാമത്തെ ഏറ്റവും വലിയ വ്യാപനമാണ് ഇപ്പോഴത്തേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാസം മുതലാണ് ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസിന്റെ വ്യാപനം ആരംഭിച്ചത്. എന്നാല്‍ കരുതിയിരുന്നതിലും വലിയ തോതിലാണ് വൈറസ് പടരുന്നതെന്ന് അധികൃതര്‍ പറയുന്നു. രോഗം സ്ഥിരീകരിച്ച ഒമ്പതുരോഗികളില്‍ ഏഴുപേരും മരിച്ചു. രണ്ടുപേര്‍ നിലവില്‍ ചികിത്സയിലാണ്. രോഗമുണ്ടെന്ന് സംശയിച്ചിരുന്ന ഇരുപതു കേസുകളില്‍ മുഴുവന്‍ പേര്‍ക്കും ജീവഹാനി സംഭവിച്ചു.
ബാറ്റ, കീ ഇന്റെം തുടങ്ങിയ പ്രദേശങ്ങളില്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജനങ്ങള്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതാണ് വൈറസ് പ്രതിരോധത്തെ കുഴപ്പിക്കുന്നതെന്ന് ഗിനിയ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മാര്‍ബര്‍ഗ് രോഗത്തിനെ പ്രതിരോധിക്കാന്‍ പ്രാപ്തമായ വാക്‌സിനുകളോ ചികിത്സയോ നിലവില്‍ ലഭ്യമല്ല, അതിനാല്‍ തന്നെ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ ട്രാക്ക് ചെയ്ത് വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നത്- ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ വാക്‌സിനോളജി ആന്‍ഡ് ഇമ്മ്യൂണോളജി വിഭാഗം പ്രൊഫസറായ തെരേസ്സ ലാംബെ പറയുന്നു.
അയല്‍രാജ്യങ്ങളായ ഗാബണിലും കാമറൂണിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലും കഴിഞ്ഞ ആഴ്ച്ച മാര്‍ബര്‍ഗ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്താണ് മാര്‍ബര്‍ഗ് ഡിസീസ്
ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണിത്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967-ല്‍ ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി, ബെല്‍ഗ്രേഡ്, സെര്‍ബിയ എന്നിവിടങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പഴംതീനി വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുക വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലില്‍ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാല്‍ അയാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരുക ദ്രുതഗതിയിലായിരിക്കും. രോഗിയുടെ ശരീരത്തിലെ മുറിവുകള്‍, രക്തം, ശരീര സ്രവങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ രോഗം ബാധിക്കും. ഈ സ്രവങ്ങള്‍ പടര്‍ന്നിട്ടുള്ള ഉപരിതലം വഴിയും രോഗവ്യാപനമുണ്ടാകാം.
ലക്ഷണങ്ങള്‍
ഉയര്‍ന്ന പനി
അസഹ്യമായ തലവേദന
പേശിവേദന
ശരീരവേദന
ഛര്‍ദി
അടിവയര്‍ വേദന
വയറിളക്കം
രോഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകള്‍, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഏഴുദിവസത്തിനുള്ളില്‍ ബ്രെയിന്‍ ഹെമറേജും രക്തസ്രാവവും ഉണ്ടായാണ് മരണം സംഭവിക്കുന്നത്.
ചികിത്സ
മറ്റ് വൈറസ് രോഗങ്ങളില്‍ നിന്ന് മാര്‍ബര്‍ഗ് വൈറസിനെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മാര്‍ബര്‍ഗ് വൈറസിനായി മാത്രമുള്ള ചികിത്സാരീതി നിലവില്‍ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ക്ക് അനുയോജിച്ച ചികിത്സയാണ് നല്‍കുക. റീഹ്രൈഡ്രേഷന്‍ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോഗിക്ക് നല്‍കുക.
വാക്‌സിന്‍ ലഭ്യമാണോ?
നിലവില്‍ മാര്‍ബര്‍ഗ് വൈറസിന് അംഗീകൃതമായ വാക്‌സിന്‍ ലഭ്യമല്ല. പല വാക്‌സിനുകളും ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലാണ്.
Content Highlights: Marburg virus alert in UAE
Published: 04 Apr 2023, 08:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented