ലദ്വാരത്തിലെ ഏറ്റവും അഗ്രഭാഗത്ത് വിവിധ ഭാഗങ്ങളില്‍ രക്തക്കുഴലുകളും മറ്റ് കോശങ്ങളും ചേര്‍ന്ന കുഷ്യനുകള്‍ ഉണ്ട്. മലവിസര്‍ജനസമയത്ത് അഗ്രഭാഗത്ത് അനുഭവപ്പെടുന്ന കൂടിയ മര്‍ദം, ആ ഭാഗത്ത് മുറിവുകളുണ്ടാക്കാതെ നോക്കുന്നത് ഈ കുഷ്യനുകളാണ്. അതുപോലെ തന്നെ അനിയന്ത്രിതമായി മലമോ മറ്റോ ലീക്കാകാതെ സംരക്ഷിക്കുന്നതിനും ഏനല്‍ കുഷ്യന്‍ സഹായിക്കുന്നു. ഏനല്‍ കുഷ്യനുകള്‍ സാധാരണ ശരീരഘടനയുടെ ഭാഗമായുള്ളവ തന്നെയാണ്. വിവിധ കാരണങ്ങള്‍ കൊണ്ട് അത് പുറത്തേക്ക് തള്ളി വരികയോ വികസിച്ച് രക്തസ്രാവമുണ്ടാവുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പൈല്‍സ് അഥവ ഹെമറോയ്ഡ്‌സ് എന്ന രോഗാവസ്ഥ അനുഭവപ്പെടുന്നത്. 

To advertise here,

പ്രാരംഭഘട്ടത്തിലാണ് പൈല്‍സ് പ്രതിരോധിക്കാന്‍ ആരോഗ്യകരമായ ഭക്ഷണരീതികളും മരുന്നുകളും ഫലപ്രദമാണ്.  അതുവഴി പൈല്‍സ് ഗുരുതരമാകുന്നത് തടയാനും ശസ്ത്രക്രിയ ഒഴിവാക്കാനും കഴിയും. എന്നാല്‍ അനിയന്ത്രിതമായ രക്തസ്രാവം, രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കല്‍, അവസാനഘട്ടത്തിലെത്തിയ പൈല്‍സ് തുടങ്ങിയ സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്. 

പ്രാരംഭഘട്ടത്തിലുള്ള പൈല്‍സിന് ചിലപ്പോള്‍ ശസ്ത്രക്രിയ ഒഴിവാക്കി ബാന്റിങ്, സ്‌ക്ലീറോതെറാപ്പി തുടങ്ങിയ ചികിത്സാരീതികള്‍ നിലവിലുണ്ട്. ശസ്ത്രക്രിയയാണെങ്കില്‍, പതിറ്റാണ്ടുകളായി നിലവിലുള്ളത് മുതല്‍ ഏറ്റവും നൂതനമായ, മുറിവില്ലാതെ ചെയ്യാന്‍ കഴിയുന്ന ലേസര്‍ ഓപ്പറേഷനുകള്‍ വരെയുണ്ട്. 

എല്ലാ രോഗികളിലും ഒരേ ചികിത്സയോ ഓപ്പറേഷനോ അല്ല നിര്‍ദേശിക്കുക. രോഗലക്ഷണങ്ങളും ബുദ്ധിമുട്ടുകളും പരിഗണിച്ച്, വിശദമായ പരിശോധന കഴിഞ്ഞശേഷമേ ഏതിരീതിയാണ് കൂടുതല്‍ ഫലപ്രദമാവുകയെന്ന് പറയാനാകൂ. അതുകൊണ്ടുതന്നെ പരിചയസമ്പന്നനായ സര്‍ജന്റെ വിദഗ്‌ധോപദേശവും സേവനവും തേടുകയെന്നതാണ് ഉചിതം. കൃത്യസമയത്ത് ചികിത്സ ലഭ്യമായാല്‍ പൂര്‍ണരോഗമുക്തി കൈവരിക്കാനാകും. 

ചികിത്സ ഗ്രേഡുകള്‍ക്ക് അനുസരിച്ച്

മലദ്വാരത്തില്‍ നിന്ന് ഘട്ടമായി പുറത്തേക്ക് തള്ളി വരുന്ന പൈല്‍സിനെ ചികിത്സാ ആവശ്യാര്‍ഥം വിവിധ ഗ്രേഡുകളായി തരംതിരിക്കാവുന്നതാണ്. 

ഗ്രേഡ്1: മലവിസര്‍ജന സമയത്ത് രക്തസ്രാവമുണ്ടാകുന്നു. പൈല്‍സ് പുറത്തേക്ക് തള്ളിവരുന്നില്ല.

ഗ്രേഡ് 2: രക്തസ്രാവത്തോടൊപ്പം മലവിസര്‍ജന സമയത്ത് മാത്രം പൈല്‍സ് പുറത്തേക്ക് തള്ളിവരുകയും വിസര്‍ജനത്തിന് ശേഷം തനിയേ ഉള്ളിലേക്ക് വലിഞ്ഞിരിക്കുകയും ചെയ്യുന്നു. 

ഗ്രേഡ്3: മലദ്വാരത്തിന് പുറത്തേക്ക് തള്ളിവരുന്ന പൈല്‍സ് ഉള്ളിലേക്ക് തിരികെ കൈകള്‍ ഉപയോഗിച്ച് കയറ്റിവെക്കേണ്ടി വരുന്നു. രക്തസ്രാവമുണ്ടാകുന്നു. 

ഗ്രേഡ് 4: മലവിസര്‍ജന സമയത്ത് മാത്രമല്ലാതെ സ്ഥിരമായി തന്നെ പുറത്തേക്ക് തള്ളിനില്‍ക്കുന്നു. കൂടെ മലവിസര്‍ജന സമയത്ത് കടുത്ത രക്തസ്രാവവും ഉണ്ടാകുന്നു. കൈകള്‍ കൊണ്ട് തിരികെ ഉള്ളിലേക്ക് കയറ്റിവയ്ക്കാന്‍ സാധിക്കുകയുമില്ല. 

ചികിത്സകള്‍

ബാന്‍ഡിങ്

മരുന്നുകള്‍ കൊണ്ടും ജീവിതശൈലികളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കൊണ്ടും ഭേദമാകാത്ത, പ്രാരംഭഘട്ടത്തിലുള്ള പൈല്‍സിന്(ഗ്രേഡ് 1,2) ശസ്ത്രക്രിയയ്ക്ക് പകരമായി ലളിതമായ ചില ചികിത്സാരീതികള്‍ ഉണ്ട്. അവയില്‍ ഒന്നാണ് ബാന്‍ഡിങ്. രക്തക്കുഴലുകളിലേക്കുള്ള രക്തസ്രാവം ഇതുവഴി തടസ്സപ്പെടുത്തുകയും തത്ഫലമായി അവ കൊഴിഞ്ഞുപോവുന്നതുമാണ് ഇതിന്റെ തത്ത്വം. 

സ്‌ക്ലീറോതെറാപ്പി

രക്തക്കുഴലിലേക്ക് മരുന്നുകള്‍ കുത്തിവെച്ച് രക്തപ്രവാഹം തടസ്സപ്പെടുത്തുന്ന രീതിയാണ് സ്‌ക്ലീറോതെറാപ്പി. ഇവ രണ്ടും ലളിതമായ ചികിത്സാരീതികളാണെങ്കിലും പൈല്‍സ് വീണ്ടും വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഒന്നില്‍ കൂടുതല്‍ തവണ ഈ ചികിത്സകള്‍ ചെയ്യേണ്ടിവന്നേക്കാം. 

ലേസര്‍ ശസ്ത്രക്രിയ

പ്രത്യേക തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശരശ്മികള്‍ ഉപയോഗിച്ച് പൈല്‍സിലെ രക്തക്കുഴലുകളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുകയാണ് ഇതില്‍ ചെയ്യുന്നത്. ലേസര്‍രശ്മികള്‍ രക്തക്കുഴലുകളിലേക്ക് കടത്തിവിടുന്ന അതേസമയം തന്നെ രക്തക്കുഴലുകള്‍ പൂര്‍ണമായി ചുരുങ്ങിപ്പോവുകയും രക്തയോട്ടം മുഴുവനായിത്തന്നെ നിലയ്ക്കുകയും ചെയ്യുന്നു. തൊലിപ്പുറത്ത് മുറിവുണ്ടാക്കാതെ മലദ്വാരത്തിനുള്ളിലെ പൈല്‍സ് രക്തക്കുഴലുകളെ മാത്രമാണ് ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ചികിത്സിക്കുന്നത്. രക്തക്കുഴലുകളോ അനല്‍ കുഷ്യനോ മുറിച്ചുമാറ്റുന്നില്ല. 

ചിലപ്പോഴൊക്കെ പൈല്‍സിന്റെ ഗ്രേഡ് അനുസരിച്ച് രണ്ട് വ്യത്യസ്തരീതികള്‍ ഉപയോഗപ്പെടുത്താറുണ്ട്. പൈല്‍സിലേക്കുള്ള പ്രധാന രക്തക്കുഴലുകളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്ന ഹെമറോയ്ഡല്‍ ആര്‍ട്ടറി ലിഗേഷന്‍ എന്ന രീതി പലപ്പോഴും ലേസര്‍ ഓപ്പറേഷനുകളുടെ കൂടെ ചെയ്യാറുണ്ട്. ഇത് കൂടുതല്‍ ഫലപ്രാപ്തി ഉറപ്പാക്കാന്‍ സഹായിക്കുന്നു. 

ലേസര്‍ ശസ്ത്രക്രിയയുടെ ഗുണങ്ങള്‍

  • ഓപ്പറേഷന്‍ സമയത്ത് രക്തം നഷ്ടപ്പെടുന്നില്ല. 
  • മുറിവുണ്ടാക്കിയുള്ള ശസ്ത്രക്രിയയുടെ വേദന ഇല്ല. 
  • ഏത് ഗ്രേഡിലുള്ള പൈല്‍സും സുഖപ്പെടുത്താം. 
  • ഒരു ദിവസത്തെ ആശുപത്രിവാസം മതിയാകും. 
  • കൂടുതല്‍ വിശ്രമം ആവശ്യമില്ല. 

 (കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളേജിലെ ജനറല്‍& ലാപ്രോസ്‌കോപ്പിക് സര്‍ജനും സര്‍ജറി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറുമാണ് ലേഖകന്‍)

Content Highlights: Laser surgery for Piles treatment 

 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌