നമ്മൾ നടക്കുമ്പോഴും ഇരിക്കുമ്പോഴും തല ചലിപ്പിക്കുമ്പോഴും ശരീരത്തിന്‍റെ സ്ഥിരത ഉറപ്പാക്കുന്നത് ചെവിയുടെ ഉൾഭാഗത്താണ്. കേൾവി മാത്രമല്ല, ഇന്റർ ഇയർ (വെസ്റ്റിബുലാർ സിസ്റ്റം) ശരീരത്തിന്‍റെ ബാലൻസ് നിയന്ത്രിക്കുന്ന പ്രധാന കേന്ദ്രമാണ്. അതിനാൽ ചെവിയിൽ ചെറിയൊരു തകരാറുണ്ടായാലും, അത് തലകറക്കം, തല ചുറ്റുന്നതായി തോന്നൽ, വീഴാൻ പോകുന്നത് പോലെ തോന്നു പോലുള്ള പ്രശ്നങ്ങളായി പ്രകടമാകും. സാധാരണ ഗതിയിൽ ഇത്തരം ലക്ഷണങ്ങൾ പതിവ് ക്ഷീണം അല്ലെങ്കിൽ രക്തസമ്മർദ്ദ പ്രശ്നം എന്നു കരുതി അവഗണിക്കുക പതിവാണ്. എന്നാൽ, പലപ്പോഴും അത് ചെവിയുടെ ബാലൻസ് സംവിധാനവുമായി ബന്ധപ്പെട്ട രോഗാവസ്ഥകളായിരിക്കാം.

To advertise here,

സാധാരണ രോഗാവസ്ഥകൾ

  • BPPV - ബിനൈൻ പാരോക്സിസ്മൽ പൊസിഷനൽ വെർട്ടിഗോ (Benign Paroxysmal Positional Vertigol) : ചെവിയിലെ ചെറിയ കാൽസ്യം കണങ്ങൾ തെറ്റായ സ്ഥാനത്ത് എത്തുമ്പോൾ തലകറക്കം ഉണ്ടാകും.
  • മീനിയറീസ് ഡിസീസ് (Ménière’s Disease): ചെവിയിൽ ഫ്ലൂയിഡ് സമ്മർദ്ദം കൂടുമ്പോൾ കേൾവി കുറയുകയും, ടിനിറ്റസ്, വെർടിഗോ ഉണ്ടാകുകയും ചെയ്യും.
  • വെസ്റ്റിബുലർ ന്യൂറൈറ്റിസ്: വൈറൽ അണുബാധ മൂലം balance nerve അണുബാധ ഉണ്ടാ കുന്നു.
  • വാർധക്യസഹജമായ പ്രശ്നങ്ങൾ: മുതിർന്നവരിൽ വാർധക്യസഹജമായ പ്രശ്നങ്ങൾ മൂലവും സ്ഥിരത കുറയുകയും ബാലൻസ് നഷ്ടപ്പെടുകയും ചെയ്യുന്ന പ്രശ്നങ്ങൾ കണ്ടേക്കാം.

പരിശോധനകളും ചികിത്സകളും

വീഡിയോ നിസ്ടാഗ്മോ ഗ്രാഫി

(Videonystagmography -VNG), വീഡിയോ ഹെഡ് ഇമ്പൾസ് ടെസ്റ്റ് (Video Head Impulse Test -vHIT), പോസ്റ്ററോ ഗ്രാഫി (Posturography) പോലുള്ള പരിശോധനകൾ വഴി രോഗനിർണയം കൃത്യമായി നടത്താൻ നമുക്ക് ഇന്ന് കഴിയും.

ചികിത്സ

ചെവിയുടെ ബാലൻസ് പ്രശ്നങ്ങൾക്ക് ഇന്ന് പലവിധ ചികിത്സാ മാർഗങ്ങൾ ലഭ്യമാണ്.

Epley maneuver പോലുള്ള പ്രത്യേക വ്യായാമങ്ങൾ: BPPV പോലുള്ള തലകറക്കം പ്രശ്നങ്ങളിൽ വളരെ ഫലപ്രദമാണ്.

വേസ്റ്റിബുലർ റീഹാബിലിറ്റേഷൻ തെറാപ്പി  Vestibular Rehabilitation Therapy (VRT): ശരീരത്തിന് ബാലൻസ് തിരിച്ചു പിടിക്കാൻ സഹായിക്കുന്ന പ്രത്യേക പരിശീലനങ്ങൾ.

മരുന്നുകൾ: തലകറക്കം കുറയ്ക്കുന്ന മരുന്നുകളും, മീനിയറീസ്- രോഗത്തിൽ fluid കുറയ്ക്കാൻ diuretics പോലുള്ള മരുന്നുകളും ഉപയോഗിക്കുന്നു.

ജീവിതശൈലി മാറ്റങ്ങൾ: ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക, മാനസിക സമ്മർദ്ദം നിയന്ത്രിക്കുക.

കൗൺസിലിംഗ്/സിബിടി : അമിത ഉത്കണ്ഠയുമായി ബന്ധപ്പെട്ട imbalance പ്രശ്നങ്ങളിൽ മനശ്ശാസ്ത്രപരമായ സഹായം നൽകുന്നു.

ചെവിയുടെ ബാലൻസ് പ്രശ്നങ്ങൾ പലപ്പോഴും ജീവിത നിലവാരത്തെ ബാധിക്കുന്ന അവസ്ഥകളാണ്. തലകറക്കം, ക്ഷീണം, ബാലൻസ് നഷ്ടപ്പെടുക എന്നിവയെ പതിവ് പ്രശ്നമായി കാണാതെ, ENT അല്ലെങ്കിൽ Neurology വിദഗ്ധരെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. ശരിയായ പരിശോധനയും വ്യക്തിഗത ചികിത്സയും ലഭിക്കുമ്പോൾ, ഇത്തരം രോഗങ്ങൾ നിയന്ത്രിക്കാവുന്ന രോഗങ്ങളാണ്.

 

തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ ഇഎൻടി വിഭാഗം കൺസൾട്ടന്റ് ആണ് ലേഖിക.