മാരകമായ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) കൂടുതല്‍ പേരെ ബാധിക്കുകയാണ്. തിരുവനന്തപുരത്ത് രോഗം ബാധിച്ചവരുടെ എണ്ണം ആറായി. നേരത്തേ മരിച്ച ഒരാളെ കൂട്ടാതെയാണ് ഇത്. നെയ്യാറ്റിന്‍കര താലൂക്കില്‍ ആദ്യം കണ്ട രോഗം കഴിഞ്ഞ ദിവസം പേരൂര്‍ക്കടയിലെ ഒരാള്‍ക്കു കൂടി സ്ഥിരീകരിച്ചത് ഉത്കണ്ഠയ്ക്കു കാരണമായി. ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പ്രത്യേക നടപടിക്രമ (എസ്.ഒ.പി) പ്രകാരം തുടര്‍ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഐ.സി.എം.ആറും തലസ്ഥാനത്ത് എത്തുന്നുണ്ട്.

To advertise here,

അമീബ നെഗ്ലേരിയ ഫൗലേറി എന്ന ഇനം അമീബ മൂലമുണ്ടാകുന്ന ഈ രോഗത്തിന്റെ മരണനിരക്ക് 90 ശതമാനത്തിലധികമാണ്. അതിനാല്‍ രോഗബാധ ഉണ്ടാകാതെ നോക്കുന്നത് പ്രധാനമാണ്. പക്ഷേ, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരാത്ത ഈ രോഗം സാധാരണയായി നീന്തുമ്പോഴോ കുളിക്കുമ്പോഴോ മലിനജലത്തിലൂടെ തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഉണ്ടാവുന്നത്. തിരുവനന്തപുരത്ത് രോഗം ബാധിച്ചവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവര്‍ക്കും പായല്‍ പിടിച്ച കുളത്തിലെ വെള്ളവുമായി പല രീതിയില്‍ സമ്പര്‍ക്കമുണ്ടായിരുന്നു.

placeholder
ഡോ.ബി.പത്മകുമാര്‍

കേരളത്തില്‍ 2018-ലെ വെള്ളപ്പൊക്കത്തിനു ശേഷം നമ്മുടെ പ്രകൃതിയ്ക്കുണ്ടായ മാറ്റങ്ങളാവാം അടിക്കടി അപൂര്‍വരോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് കാരണമെന്ന് കൊല്ലം ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ബി.പത്മകുമാര്‍ പറഞ്ഞു. അണുബാധ പടരുന്നതില്‍ പ്രധാനമായ മൂന്നു കാര്യങ്ങളില്‍ ഒന്നാണ് പരിസ്ഥിതി. ഈ മാരകരോഗത്തെ ചെറുക്കാന്‍ ജലാശയങ്ങള്‍ മലിനമാകാതെ നോക്കുകയെന്നതാണു പ്രധാനം. ഭയാനകമായ മലിനീകരണമാണ് നമ്മുടെ നാട്ടില്‍. രാസികവും അല്ലാത്തതുമുണ്ട് ഇതില്‍. മാലിന്യ നിര്‍മാര്‍ജനത്തിലെ അപര്യാപ്തതകളും പ്രശ്‌നമാണ്. മഴക്കാലത്ത് മാലിന്യങ്ങള്‍ ഒഴുകി ജലാശയങ്ങളില്‍ ചെന്നു ചേരുന്നു. അവയുടെ അടിത്തട്ടിന് ഇളക്കം തട്ടുന്നു. കഴിയുന്നത്ര ജലാശയങ്ങളിലെ വെള്ളത്തിന്റെ സാംപിള്‍ പരിശോധിക്കണം, പറ്റുന്നവ ക്ലോറിനേറ്റു ചെയ്യണം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കാര്യമായ പങ്കു വഹിക്കാനാവും. ജലകായിക വിനോദങ്ങളിലേര്‍പ്പെടുന്നവരും തൊഴിലിനും മറ്റും ജലാശയങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരും മുന്‍കരുതലുകള്‍ സ്വീകരിക്കണം- ഡോ. പത്മകുമാര്‍ പറഞ്ഞു. ആഗോള താപനത്തെ തുടര്‍ന്ന് ജലാശയങ്ങളുടെ താപനില വര്‍ധിച്ചതായിരിക്കാം ഈ അപൂര്‍വരോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം. ജലാശയങ്ങളില്‍ വ്യവസായ മാലിന്യങ്ങള്‍ കലരുന്നതും അമീബ പെരുകാന്‍ കാരണമായേക്കും.

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

ഒരു വര്‍ഷം ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതിനെക്കുറിച്ച് പഠിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രൊഫസറും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.എ.അല്‍ത്താഫ് പറയുന്നു. മൂക്കിന്റെ ഉള്ളില്‍ മുകള്‍ഭാഗത്തായി തലയോട്ടിയുടെ ചുവട്ടിലെ അരിപ്പ പോലെയുള്ള ഭാഗം തുളക്കുന്ന രോഗാണുക്കള്‍ മണമറിയുന്ന നാഡികളിലൂടെയാണു മസ്തിഷ്‌കത്തിലെത്തുന്നത്. മലിനമായ ജലാശയങ്ങളില്‍ കുളിക്കുമ്പോഴും നീന്തുമ്പോഴും മറ്റും രോഗാണുക്കള്‍ മൂക്കിലെത്താം. കുട്ടികളിലും ചെറുപ്പക്കാരിലുമാണു രോഗസാധ്യത കൂടുതല്‍.

placeholder
ഡോ.അല്‍ത്താഫ്

ഈ രോഗത്തിന് പ്രത്യേകമായ ചികിത്സ ഇല്ല; വ്യത്യസ്ത മരുന്നുകളുടെ ഒരു സംയുക്തം രോഗിക്കു നല്‍കുകയാണ് ചെയ്യുക. ഇവയിലേതെങ്കിലും ഒന്ന് ഫലപ്രദമാവുന്നതായാണ് കാണുന്നത്. ചൂടു കൂടിയ കാലാവസ്ഥയിലാണ് ഈ ജ്വരബാധ കൂടുതലുണ്ടാവുന്നത് എന്നുകരുതി മറ്റു സമയങ്ങളില്‍ ഉണ്ടാവില്ല എന്നര്‍ത്ഥമില്ല. കാലാവസ്ഥാവ്യതിയാനവും ഈ അപൂര്‍വരോഗം പടരുന്നതിന് കാരണമായിരിക്കാം. എന്തായാലും ഒറ്റപ്പെട്ടതും മലിനവും ചേറു കലര്‍ന്നതുമായ ജലാശയങ്ങളിലും കുളിക്കുന്നവരും കളിക്കുന്നവരുമൊക്കെ സൂക്ഷിക്കണമെന്ന് ഡോ.അല്‍ത്താഫ് പറയുന്നു.

ഈ രോഗം പടരാതിരിക്കാന്‍ ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതാണ് ആദ്യം വേണ്ടതെന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. ടി.എസ്.അനീഷ് പറഞ്ഞു. അമേരിക്കയിലും മറ്റും കൃത്രിമ ജലാശയങ്ങളായ നീന്തല്‍ക്കുളങ്ങളില്‍ നിന്നും മറ്റുമാണ് അമീബിക് മസ്തിഷ്‌ക ജ്വരം പടര്‍ന്നത്. നമ്മുടെ നാട്ടില്‍ സ്വാഭാവിക ജലസ്രോതസ്സുകളില്‍ നിന്നായതിനാല്‍ ഇടപെടല്‍ ബുദ്ധിമുട്ടാണ്. കുളങ്ങളിലും മറ്റും രാസവസ്തു പ്രയോഗം നടത്തുന്നത് പരിസ്ഥിതിയെ ബാധിക്കും, ജലജീവികളുടെ മരണത്തിനു വഴിയൊരുക്കും എന്നതാണ് കാരണം. ആരോഗ്യവകുപ്പിന് ചെയ്യാവുന്ന കാര്യം നേരത്തേ രോഗം കണ്ടെത്തി ചികിത്സിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയുമാണ്. അതില്‍ നമ്മള്‍ വിജയിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. ഇനി ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം- അനീഷ് പറയുന്നു.

placeholder
ഡോ. ടി.എസ്.അനീഷ്

അന്തരീക്ഷ താപനില വര്‍ദ്ധിക്കുമ്പോള്‍ മലിനമായ ജലാശയങ്ങളില്‍ പായലും മറ്റും വളരുന്നു, സാധാരണ കാണുന്ന ബാക്ടീരിയകള്‍ കുറയുന്നു. അത് ലഭ്യമായ ഓക്‌സിജന്റെ അളവു കുറയ്ക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഓക്‌സിജന്‍ കുറച്ചു മാത്രം ആവശ്യമുള്ള അമീബ പോലുള്ള സൂക്ഷ്മജീവികള്‍ പെരുകുന്നു. മഴക്കാലത്തിനു മുമ്പുള്ള ശുചീകരണത്തിന് നാം കൂടുതല്‍ പ്രാധാന്യം കൊടുക്കണം. മൂക്കിലൂടെ മയക്കുമരുന്നു വലിച്ചുകേറ്റിയ ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം വന്നു എന്നു കേട്ടു. ശരിയാണെങ്കില്‍ ശ്രദ്ധിക്കണം. അതേ രീതി പിന്തുടരുന്ന വേറെയും ആള്‍ക്കാരുണ്ടാവാം- ഡോ. അനീഷ് പറയുന്നു.

പകര്‍ച്ചവ്യാധിയല്ല, തടയാന്‍ വേണ്ടത് കരുതല്‍

വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്; ഇതൊരു പകര്‍ച്ചവ്യാധിയല്ല.

പായല്‍ പിടിച്ചു കിടക്കുന്നതോ, മൃഗങ്ങളെ കുളിപ്പിക്കുന്നതോ, മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ട് മൂക്കിലേക്ക് വലിച്ചെടുക്കുന്ന ആളുകള്‍ക്കും ഈ രോഗം വരാന്‍ സാധ്യത കൂടുതലാണ്.

ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീംപാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്ക് കഴുകുകയോ വൃത്തിയാക്കുകയോ ചെയ്യാനായി ഒരു മിനിറ്റ് നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണം. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കണം.

രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ജലാശയങ്ങള്‍ ബ്ലിച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ചൂടുകാലത്തു ജലാശയങ്ങളുടെയും നിന്തല്‍ക്കുളത്തിന്റെയും അടിത്തട്ട് ഇളക്കുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം.