ചർമം ശരീരത്തിന്റെ കണ്ണാടി എന്നുപറഞ്ഞാൽ അതിശയോക്തിയല്ല. മനുഷ്യനെ ബാധിക്കുന്ന രോഗങ്ങളുടെ, പ്രത്യേകിച്ച് ഹോർമോൺ വ്യതിയാനങ്ങളുടെ പ്രതിഫലനം ചർമത്തിൽ ഉണ്ടാകുക സാധാരണമാണ്. ഇവയിൽ ചിലത് ഇവയാണ്.

To advertise here,

മുഖക്കുരു

പോളിസിസ്റ്റിക് ഓവറി, കുഷിങ്സ് സിൻഡ്രോംപോലെയുള്ള ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്ന അവസ്ഥകളിൽ മുഖക്കുരു കണ്ടുവരാറുണ്ട്. സാധാരണമായി കാണുന്നതിലും തീവ്രതയും മരുന്നുകളോട് പ്രതികരിക്കാത്ത തരത്തിലുള്ളതും ആകാം ഇക്കൂട്ടരിൽ കാണുന്ന മുഖക്കുരു.

കഴുത്തിന് ചുറ്റും കറുത്ത പാടുകൾ 

കഴുത്തിന് ചുറ്റും അഴുക്കു പറ്റിയപോലെ കറുത്ത് കാണപ്പെടുന്നതാണ് അക്കാന്തോസിസ് നൈഗ്രിക്കൻസ്. കഴുത്തിന് മാത്രമല്ല, കക്ഷത്തിലും കൈമടക്കിലും, തുടയിടുക്കിലും വിരളമായി മുഖത്തും കൈപ്പത്തിയിലും ഇത് കണ്ടുവരാറുണ്ട്. പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഹോർമോണിനോട് ശരീരം പ്രതികരിക്കാത്ത അവസ്ഥയായ പ്രമേഹം, അമിതവണ്ണം, പോളിസിസ്റ്റിക് ഓവറി എന്നിവയുള്ളവരിൽ ഇത് സാധാരണമാണ്. ഇത്തരം ആളുകളിൽ കണ്ടുവരുന്ന മറ്റൊരു ചർമപ്രശ്നമാണ് ചെറിയ പാലുണ്ണികൾ അഥവാ സ്കിൻ ടാഗ്‌സ്.

വരണ്ട ചർമം

വരണ്ട ചർമം പൊതുവേ പാരമ്പര്യമായി കണ്ടുവരുന്നതാണെങ്കിലും, ചുരുക്കം ചിലരിൽ ഇത് തൈറോയ്ഡ് തകരാറുകളുടെ ലക്ഷണമാകാം. പ്രമേഹരോഗികളിലും വരണ്ട ചർമം കണ്ടുവരാറുണ്ട്. വരണ്ട ചർമംമൂലം ചൊറിച്ചിൽ അനുഭവപ്പെടാം.

നേർത്ത ചർമം

കുഷിങ്സ് സിൻഡ്രോം എന്ന രോഗവസ്ഥയിൽ അമിതവണ്ണം, മുഖത്ത് വീക്കം എന്നിവയോടൊപ്പം നേർത്ത ചർമം കണ്ടുവരാറുണ്ട്. ചർമം വളരെ നേർത്തതാകുന്നതോടെ രക്തക്കുഴലുകൾ വ്യക്തമായി കാണാൻ സാധിച്ചേക്കാം, ഗർഭിണികളിൽ വയറിലെ ചർമം വലിഞ്ഞു പൊട്ടി വരകൾ (സ്ട്രെച്ച് മാർക്ക്) വീഴുംപോലെ, ഈ രോഗാവസ്ഥയിൽ ചർമത്തിൻ്റെ കട്ടിക്കുറവ് മൂലം സ്ട്രെച്ച് മാർക്ക് വീഴാം.

കറുപ്പ് നിറം

കരിമംഗല്യം (മെലാസ്മ) ഉൾപ്പടെ പല അവസ്ഥകളിലും കറുപ്പുനിറം കണ്ടുവരുന്നു. മുഖത്ത് പ്രധാനമായും കണ്ണിന് താഴെ കവിളുകളിൽ ആണ് കരിമംഗല്യം (മെലാസ്മ) സാധാരണമായി കണ്ടുവരുന്നത്. ആർത്തവവിരാമത്തിനോടടുത്തും ചിലരിൽ ഗർഭാവസ്ഥയിലും ഇത് കണ്ടുവരാറുണ്ട്. പാരമ്പര്യമായി കണ്ടുവരാറുണ്ടെങ്കിലും ഇതിന് പ്രധാന കാരണം സ്ത്രീഹോർമോണുകളിൽവരുന്ന വ്യതിയാനങ്ങളാണ്.

അഡ്രിനൽ ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതുമൂലം ഉണ്ടാകുന്ന അഡിസൻസ് ഡിസീസിൻ്റെ ലക്ഷണമായി ശരീരത്തിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടാം. വായയ്ക്കുള്ളിലെ ശ്ലേഷ്മസ്തരം, കൈയിലെ വരകൾ, ജനനേന്ദ്രിയം, മുലഞെട്ടുകൾ എന്നിങ്ങനെ സ്വഭാവികമായിത്തന്നെ കറുപ്പുനിറമുള്ള ഭാഗങ്ങൾ ആണ് ഇത്തരത്തിൽ കൂടുതൽ ഇരുണ്ടു പോകുന്നത്. വിറ്റാമിൻ ബി12-ൻ്റെ കുറവുമൂലം വിരൽ മടക്കുകളിൽ കറുപ്പുവരാം.

താരൻ

വിട്ടുമാറാത്ത, തീവ്രത കൂടിയ താരൻ വളരെ വിരളമായി ഹോർമോൺ ഉത്പാദിപ്പിക്കുന്ന ചിലയിനം ട്യൂമറുകളുടെയും ലക്ഷണമാകാം.

മുടികൊഴിച്ചിൽ

തൈറോയ്‌ഡ് തകരാറുകളുടെ ലക്ഷണമായി മുടികൊഴിച്ചിൽ ഉണ്ടാകാം, മുടിയിഴകൾ വരണ്ടതും ബലമില്ലാത്തതും ആകാം. പാരമ്പര്യമായി കഷണ്ടി സാധ്യതയുള്ള സ്ത്രീകളിൽ ആർത്തവവിരാമം മൂലമോ അണ്ഡാശയങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തത് മൂലമോ ഈസ്ട്രജൻ കുറയുന്നത് കഷണ്ടി തെളിയാൻ കാരണമാകാം.

ചർമപ്രശ്‌നങ്ങൾ

തൈറോയ്‌ഡ് ഗ്രന്ഥിയുടെ തകരാറുമായി ബന്ധമുള്ള മറ്റ് ചർമരോഗങ്ങളാണ് ഓട്ടോഇമ്യൂൺ രോഗങ്ങളായ വെള്ളപ്പാണ്ട്, ചെറിയ വൃത്താകൃതിയിൽ മുടികൊഴിയുന്ന അലോപേഷ്യ ഏരിയേറ്റ, ശരീരം ചൊറിഞ്ഞുതടിക്കുന്ന അർട്ടിക്കേരിയ എന്നിവ. നിരന്തരമായി ചർമത്തിൽ ഉണ്ടാകുന്ന അണുബാധ (പഴുപ്പോടുകൂടിയ ബാക്ടീരിയൽ അണുബാധ, തുടയിടുക്കിലും കക്ഷത്തിലും സ്ത്രീകളിൽ മാറിനടിയിലും വെള്ളപോ ക്കായും കാണുന്ന ഫംഗൽ അണുബാധ) ഉണങ്ങാത്ത മുറിവുകൾ എന്നിവ പ്രമേഹത്തിൻ്റെ ലക്ഷണങ്ങളാകാം. ഇത്തരം ചർമപ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഇവയുടെ അന്തർലീനമായ ഹോർമോൺ തകരാറ് കണ്ടെത്താനുള്ള പരിശോധനകൾ നടത്തുകയും, വേണ്ട ചികിത്സ സ്വീകരിക്കുകയും വേണം. അല്ലാത്തപക്ഷം ചർമപ്രശ്നത്തിനും ശാശ്വത പരിഹാരം ഉണ്ടാകില്ല.

അതിനാൽ, ചർമം നൽകുന്ന സൂചനകളെ അവഗണിക്കരുത്. ഒളിഞ്ഞിരിക്കുന്ന പല രോഗങ്ങളിലേക്കുമുള്ള ചൂണ്ടുപലകയാവാം ഇവ. ചർമരോഗ വിദഗ്‌ധൻ്റെ സേവനം ഉപയോഗപ്പെടുത്തി ശരിയായ രോഗനിർണയവും ചികിത്സയും ഉറപ്പ് വരുത്തണം.

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

കോട്ടയം ​ഗവ.മെഡിക്കൽ കോളേജിൽ ത്വക്ക്‌രോഗവിഭാ​ഗം അസിസ്റ്റന്റ് പ്രെഫസറാണ് ലേഖിക.