കൊല്ലം: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ 100 കിലോഗ്രാം പഴകിയ മാംസം പിടിച്ചു. ബുധനാഴ്ച വൈകീട്ട് ആറിന് പോളയത്തോട് ജങ്ഷനു സമീപത്തെ ഒരു കെട്ടിടത്തിനു പിന്നിലെ മുറിയില്‍നിന്നാണ് മാംസം കണ്ടെത്തിയത്.
ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെ, വൃത്തിഹീനമായ സാഹചര്യത്തില്‍ വെച്ചിരുന്ന മാംസം പ്ലാസ്റ്റിക് കവറുകളിലും രണ്ട് ഫ്രീസറുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു.
കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ സ്ക്വാഡിന്റെ നേതൃത്വത്തില്‍ 'ഷവര്‍മ' പരിശോധനകള്‍ നടക്കുകയാണ്.
ഇതിന്റെ ഭാഗമായാണ് പോളയത്തോട് മേഖലയിലെ ഹോട്ടലുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ഒരു ഹോട്ടലിന്റെ അടുക്കള പരിശോധിക്കുന്നതിനിടെ സമീപത്തെ കെട്ടിടത്തിലെ തുറന്നുകിടന്ന മുറി കണ്ട്, സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് പഴകിയ മാംസം കണ്ടെത്തിയത്. ഇവ പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍, മാംസം പൂര്‍ണമായി നശിപ്പിക്കാന്‍ കടയുടമയോട് നിര്‍ദേശിച്ചു.

പരിശോധനാസംഘത്തില്‍ കൊല്ലം ജില്ലാ ഫുഡ് സേഫ്റ്റി നോഡല്‍ ഓഫീസര്‍ എ. അനീഷ, ഇരവിപുരം സോണ്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ധന്യാ ശ്രീവത്സം, ഓഫീസ് സ്റ്റാഫ് എം.എ. സിനി, ഡ്രൈവര്‍ ജയചന്ദ്രബോസ് എന്നിവരുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയെ കണ്ടെത്തി കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തതായി അധികൃതര്‍ അറിയിച്ചു.
'ഷവര്‍മ പരിശോധന'
സംസ്ഥാനവ്യാപകമായി കഴിഞ്ഞ രണ്ടുദിവസമായി നടത്തുന്ന 'ഷവര്‍മ പരിശോധന'യുടെ ഭാഗമായി ജില്ലയിലും ശക്തമായ നിരീക്ഷണം തുടരുകയാണ്. കൊല്ലം ജില്ലയില്‍ മാത്രം 105 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ 23 സ്ഥാപനങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പിഴ ചുമത്തുകയും നാല് സ്ഥാപനങ്ങളുടെപേരില്‍ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.
Content Highlights: Spoiled Meat Seized in Kollam
Published: 07 Aug 2025, 08:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented