ആരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമായി ചിയാ സീഡ് കഴിക്കുന്നവരാണ് നമ്മളില്‍ പലരും. ഇതുവഴി പലവിധ ഗുണങ്ങളും ശരീരത്തിന് ലഭിക്കും. എന്നാല്‍ ചിയാ സീഡ് ശരിയായ രീതിയിലല്ല കഴിക്കുന്നതെങ്കില്‍  വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരിക. സാമൂഹികമാധ്യമങ്ങളില്‍ ആരോഗ്യവിഷയങ്ങളെ കുറിച്ച് വീഡിയോകള്‍ പങ്കുവെക്കുന്ന ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. സേഠിയാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. 

To advertise here,

'ജലാംശമില്ലാത്ത ചിയാ സീഡ് കഴിച്ച ശേഷം വെള്ളം കുടിക്കുന്നവരാണ് നിങ്ങളെങ്കില്‍ അവസാനം  ആശുപത്രിയിലാണെത്തുക' എന്ന് ഡോ. സേഠി വീഡിയോയില്‍ പറയുന്നു. വെള്ളം കുടിക്കുന്നതോടെ ചിയാ സീഡ് വികസിക്കുകയും അന്നനാളത്തില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുമെന്നും ഇത് നീക്കം ചെയ്യാനായി എന്‍ഡോസ്‌കോപ്പിക് പ്രൊസീജ്യര്‍ ആവശ്യമായി വരുമെന്നും ഡോ.സേഠി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. 

സ്വന്തം ഭാരത്തിന്റെ 27 ഇരട്ടിയോളം വെള്ളം ആഗിരണം ചെയ്യാന്‍ ചിയാ സീഡിന് കഴിയും. അതിനാല്‍ മേല്‍പ്പറഞ്ഞ പ്രശ്‌നം ഒഴിവാക്കാനായി ചിയാ സീഡ് വെള്ളത്തില്‍ കുതിര്‍ത്തുവെച്ചശേഷം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. രാത്രി മുഴുവന്‍ കുതിര്‍ക്കാന്‍ കഴിയില്ലെങ്കില്‍ കുറഞ്ഞത് 30 മിനുറ്റെങ്കിലും ചിയാ സീഡ്  കുതിര്‍ത്തശേഷം മാത്രമേ കഴിക്കാന്‍ പാടുള്ളൂവെന്നും ഡോ. സേഠി വ്യക്തമാക്കി. 

കുതിര്‍ന്ന ചിയാ സീഡ് ജെല്‍ രൂപത്തിലാകും. ഇത് ദഹനപ്രക്രിയയെ സഹായിക്കും. ആദ്യമായി ചിയാ സീഡ് കഴിക്കാന്‍ തുടങ്ങുന്നവരാണെങ്കില്‍ ഒരു ടീസ്പൂണ്‍ കഴിച്ചുകൊണ്ട് ആരംഭിക്കണമെന്നും പിന്നീട് ക്രമേണ അളവ് കൂട്ടിക്കൊണ്ടുവരണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)