മാസം, മത്സ്യം എന്നിവ പലരും ദിവസങ്ങളോളം ശീതീകരിച്ചു സൂക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോഴും മാംസം പാഴാകാതിരിക്കാനും ദീർഘനാൾ ഉപയോഗിക്കാനും ശരിയായ സംഭരണ രീതികൾ പിന്തുടരേണ്ടതുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് ഇറച്ചിയുടെ കാര്യത്തിലാണ്. വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ അണുബാധ കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് ഇവ കാരണമായേക്കാം. ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മുറിക്കുന്നതിലും വേണം ശുചിത്വം
കൈകൾ, കത്തി, കട്ടിംഗ് ബോർഡ് എന്നിവ നന്നായി കഴുകിയ ശേഷം മാത്രം ഇറച്ചി അരിയാം. വൃത്തിയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ബാക്ടീരിയയിലൂടെയുണ്ടാകുന്ന മലിനീകരണം തടയാൻ സഹായിക്കും. ഇറച്ചി വൃത്തിയാക്കി രക്തവും മറ്റും നീക്കം ചെയ്ത ശേഷം മാത്രം ഇവ സൂക്ഷിക്കാം.
ഭാഗങ്ങളായി വിഭജിക്കാം
മാംസം ചെറിയ ഭാഗങ്ങളായി മുറിച്ച് സംഭരിക്കുന്നത് ഉപയോഗിക്കാനും ഡിഫ്രോസ്റ്റ് ചെയ്യാനും എളുപ്പമാക്കും. ഒരു കുടുംബത്തിന്റെ ഒരു ദിവസത്തെ ഉപയോഗത്തിന് അനുയോജ്യമായ അളവിൽ മാംസം വേർതിരിക്കാം. ഇത് മാംസം പാഴാകുന്നത് കുറയ്ക്കും.
എയർടൈറ്റ് പാത്രങ്ങൾ ഉപയോഗിക്കാം
ഫ്രീസറിൽ -18°C-ന് താഴെയുള്ള താപനിലയിൽ എയർടൈറ്റ് പാത്രങ്ങളിലോ ഫ്രീസർ ബാഗുകളിലോ ഇറച്ചി സൂക്ഷിക്കുക. ഇത് ഫ്രീസർ ബേൺ തടയുകയും മാംസത്തിന്റെ രുചിയും ഗുണനിലവാരവും നിലനിർത്തുകയും ചെയ്യും. ഓരോ പാക്കറ്റിലും തീയതി എഴുതി വയ്ക്കുന്നത് എപ്പോൾ സംഭരിച്ചതാണെന്ന് തിരിച്ചറിയാൻ സഹായിക്കും.
ഉപയോഗിക്കാൻ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തണുത്തുറഞ്ഞ മാസം പെട്ടന്ന് ഉപയോഗിക്കാനായി എടുക്കുമ്പോൾ തണുപ്പ് മാറാൻ കൂടുതൽ സമയം വേണ്ടി വന്നേക്കാം. അതിനാൽ പാചകത്തിനായി എടുക്കുന്നതിന് 24 മണിക്കൂർ മുമ്പ് ഫ്രീസറിൽ നിന്ന് മാറ്റി വെക്കാം. പെട്ടെന്നുള്ള ഡിഫ്രോസ്റ്റിംഗിനായി, തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കാം, ചൂടുവെള്ളം ഒഴിവാക്കാം. മൈക്രോവേവ് ഉപയോഗിക്കുന്നതും ഒഴിവാക്കാം, ഇത് മാംസത്തിന്റെ ഗുണനിലവാരം കുറയ്ക്കും.
മാരിനേറ്റ് ചെയ്ത് സൂക്ഷിക്കാം
എണ്ണ, അല്ലെങ്കിൽ വിനാഗിരി ഉപയോഗിച്ച് മാരിനേറ്റ് ചെയ്ത് സൂക്ഷിക്കുന്നത് രുചി വർധിപ്പിക്കുക മാത്രമല്ല, ബാക്ടീരിയയുടെ വളർച്ച തടയാനും സഹായിക്കും. മാരിനേറ്റ് ചെയ്ത മാംസം വായുകടക്കാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഫ്രിഡ്ജിലും ഫ്രീസറിലും സംഭരണ കാലാവധി
മാംസം എങ്ങനെ എവിടെ സൂക്ഷിക്കുന്നുവെന്നതിനെ ആശ്രയിച്ച് അതിന്റെ സംഭരണ കാലാവധി വ്യത്യാസപ്പെടും. വലിയ മാംസ ഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ, ഏകദേശം മൂന്ന് മുതൽ അഞ്ച് ദിവസം വരെ ഉപയോഗിക്കാം. ഫ്രീസറിൽ ഇത് മാസങ്ങളോളം സൂക്ഷിക്കാം. ചെറിയ മാംസ ഭാഗങ്ങൾ ഫ്രിഡ്ജിൽ ഒന്ന് മുതൽ രണ്ട് ദിവസവും ഫ്രീസറിൽ മൂന്ന് മുതൽ നാല് മാസവും സൂക്ഷിക്കാം.
ശുചിത്വവും സുരക്ഷയും
മാംസം കൈകാര്യം ചെയ്യുമ്പോൾ, ഫ്രിഡ്ജിലെ മറ്റ് ഭക്ഷണവസ്തുക്കളുമായുള്ള സമ്പർക്കം ഒഴിവാക്കുക. അസംസ്കൃത മാംസം മറ്റ് ഭക്ഷണങ്ങളിൽ നിന്ന് വേർതിരിച്ച് സൂക്ഷിക്കുക.
Content Highlights: earn the best ways to store meat in the fridge and freezer
Published: 10 Jun 2025, 03:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented