
കോഴിക്കോട്: ‘ഇതുകണ്ടോ... നിനക്ക് കിട്ടീലേ...’, ബിരിയാണിയിലെ പുഴുങ്ങിയമുട്ട കൈയിലെടുത്ത് വെസ്റ്റ്ഹിൽ ഭട്ട് റോഡ് കരുണ അങ്കണവാടിയിലെ തനു, അപൂർവയെ നോക്കി. അതുകണ്ടപ്പോൾ വൈദിക് പറഞ്ഞു: ‘എനിക്കും ഇഷ്ടാ’. പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ആകെക്കൂടി നാണമായി. ബിരിയാണി തിന്നാൻകൂടി പറ്റാത്തത്ര നാണം. ഭട്ട് റോഡ് കരുണ അങ്കണവാടിയിലെ കുട്ടികളാണ് രുചിയോടെ ബിരിയാണികഴിച്ചത്.
അങ്കണവാടികളിലെ പരിഷ്കരിച്ച മെനു പ്രകാരം ബിരിയാണിവിളമ്പിയ ദിനമായിരുന്നു ചൊവ്വാഴ്ച. ‘കരുണ’യിലെ ആഗ്നവും തൃദേവും സമൃദ്ധിയും അഥർവുമെല്ലാം ബിരിയാണികഴിക്കുന്ന തിരക്കിലായി. അടുത്തിരിക്കുന്ന അരൂഷിന് ചെറിയൊരു ചിണുങ്ങൽ, ‘എനിക്ക് ബിരിയാണി ഇഷ്ടല്ല’. അധ്യാപിക സുജാതയും ഹെൽപ്പർ സ്വപ്നയുമെല്ലാം കുഞ്ഞുങ്ങളെ ഭക്ഷണംകഴിപ്പിക്കുന്ന തിരിക്കിലായി. അതിനിടെ എല്ലാവരും പറഞ്ഞു, ‘ബിരിയാണി സൂപ്പറാ...’.
അങ്കണവാടി ജീവനക്കാർക്ക് ഭക്ഷണമുണ്ടാക്കാൻ വെള്ളയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ പരിശീലനംനൽകിയിരുന്നു. ബിരിയാണിക്കുപുറമേ റാഗി ലഡുവും ഗോതമ്പുപായസവും നൂൽപ്പുട്ടും ഇഡ്ഡലിയും കൊഴുക്കട്ടയും ഉപ്പുമാവുമെല്ലാം പലനേരങ്ങളിലായി കുട്ടികൾക്ക് നൽകുന്നുണ്ട്. കടലക്കറിയും സാമ്പാറും മുട്ടക്കറിയുമെല്ലാം വിളമ്പും. ധാന്യങ്ങളും പച്ചക്കറികളുമെല്ലാം നിശ്ചിത അളവിൽ ചേർത്താണ് ഭക്ഷണമൊരുക്കുന്നത്. ഭക്ഷണത്തിലെ കലോറി, പ്രോട്ടീൻ, ഷുഗർ എന്നിവയുടെയെല്ലാം അളവ് കണക്കാക്കുന്നുണ്ട്.
അങ്കണവാടികളിൽ ‘ബിർണാണി’ വേണമെന്ന മൂന്നുവയസ്സുകാരന്റെ വീഡിയോ ശ്രദ്ധനേടിയതോടെയാണ് ഭക്ഷണമെനുവിൽ സർക്കാർ ബിരിയാണി ഉൾപ്പെടുത്തിയത്. എല്ലാഭാഗത്തെയും അങ്കണവാടികളിൽ ചൊവ്വാഴ്ച ബിരിയാണിയാണ് ഒരുക്കിയത്.
Content Highlights: Revised food menu in anganwadis
Published: 10 Sept 2025, 10:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented