കോലഞ്ചേരി : കാടുപിടിച്ചും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞും മലിനജലം ഒഴുകുന്ന തിരുവാണിയൂർ കുപ്പേത്താഴം-കുംഭപ്പിള്ളിത്തോട് വൃത്തിയാക്കൽ തുടങ്ങി. വണ്ടിപ്പേട്ട വാർഡ് മെംബർ അഡ്വ. പി.ആർ. രാജന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെയും കർഷകരെയും സഹകരിപ്പിച്ച് തോട് ശുചീകരിക്കുന്ന പ്രവൃത്തി തുടങ്ങി. മെഷീൻ വാൾ ഉൾപ്പെടെ ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തി ഒരുദിവസം 10 മീറ്റർ പോലും തീർക്കാൻ സാധിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. യാതൊരുവിധ ധനസഹായവും ലഭിക്കുന്നില്ലാത്തതുകൊണ്ട് നാട്ടുകാരുടെ സഹകരണത്തോടെ പദ്ധതി പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്.
നൂറുകണക്കിന് ടാങ്കർ ലോഡ് വെള്ളമാണ് പഞ്ചായത്തിൽനിന്നും ദിവസേന എറണാകുളം ഭാഗത്തേക്കും നഗരപ്രദേശങ്ങളിലേക്കും കയറ്റിപ്പോകുന്നത്. തോടിന്റെ ഇരുവശങ്ങളിലും മരങ്ങളും വള്ളിപ്പടർപ്പുകളും ഇഞ്ചമുള്ളും വളർന്ന് കാടുപിടിച്ച് തോട് കാണാൻപോലും സാധിക്കാത്ത വിധം കിടക്കുകയാണ്.
പ്ലാസ്റ്റിക് കുപ്പികൾ, തുണി, ചെരുപ്പ്, ബാഗ്, തെർമോക്കോൾ തുടങ്ങിയവ കൂമ്പാരമായിക്കിടന്ന് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയാണ്. കൂടാതെ ഇവ ജലത്തിൽ അലിഞ്ഞുചേർന്ന് കുളിക്കുവാൻപോലും വയ്യാത്ത നിലയിൽ ജലം മലിനമായിക്കിടക്കുകയാണ്. വാർഡ് മെംബർ പി.ആർ. രാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പദ്ധതി പരിസ്ഥിതിപ്രവർത്തകൻ പി.എ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ റെജി ഇല്ലിക്കപ്പറമ്പിൽ, എ.കെ. രമേശൻ, സി.പി.എം. ലോക്കൽ സെക്രട്ടറി ഐ.വി. ഷാജി, ശാസ്ത്ര-സാഹിത്യ പരിഷത്ത് പ്രവർത്തകൻ പ്രൊഫസർ പി.ആർ. രാഘവൻ, പ്രൊഫ. കെ.ആർ. നാരായണൻ, കെ.എ. ജോസ്, ഷീജാ വിശ്വനാഥൻ, സുഭദ്രാ രാമകൃഷ്ണൻ, സ്മിതാ ജോണി, അജി നാരായണൻ എന്നിവർ പ്രസംഗിച്ചു.
Published: 15 Nov 2026, 01:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented