കരുമാല്ലൂർ: വൈകിപ്പെയ്ത തുലാവർഷം കരുമാല്ലൂർ പാടശേഖരത്തിലെ കർഷകരെ കണ്ണീരിലാഴ്ത്തി. കൊയ്‌തെടുക്കാറായ നെൽക്കതിരുകൾ വെള്ളത്തിൽ അടിഞ്ഞു. കർഷകർക്കുണ്ടായിരിക്കുന്നത് ലക്ഷങ്ങളുടെ നഷ്ടം.

To advertise here,

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പെയ്ത മഴയാണ് കൃഷിക്ക് പ്രതികൂലമായി മാറിയത്. കാലംതെറ്റാതെതന്നെയാണ് ഇത്തവണയും കരുമാല്ലൂർ പാടത്ത് കർഷകർ വിരിപ്പുകൃഷിയിറക്കിയത്. മഴക്കാലത്ത് ഞാറുവളർന്ന് കതിരിടാനാണ് ലക്ഷ്യംവെച്ചത്. എല്ലാം നല്ലപോലെ വിളഞ്ഞു. ചില പാടങ്ങളിൽ കൊയ്ത്തും തുടങ്ങി. ഭൂരിഭാഗം കണ്ടങ്ങളിലും വിളവ് പൂർത്തിയാകാൻ കുറച്ചുദിവസംകൂടി വേണം. അപ്പോഴാണ് കാറ്റും മഴയുമെത്തിയത്. നെൽക്കതിരുകൾ പല ഭാഗങ്ങളിലായി മറിഞ്ഞ് നിലത്തടിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുമായി. കതിരുകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയുമുണ്ട്. അധികദിവസം ഇങ്ങനെ കിടന്നാൽ വിളവ് നാശമാകും. വിവരം കർഷകർ കൃഷിവകുപ്പിനെ അറിയിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ കൃഷിവകുപ്പ് സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.