ആലപ്പുഴ: പുഴകളുടെയും കൈവഴികളുടെയും തീരം കൈയേറിയതു കണ്ടുപിടിച്ചിട്ടും റവന്യൂവകുപ്പിന് ഒഴിപ്പിക്കാനാകുന്നില്ല. 44 നദിയിലും കൈവഴിയിലുമായി ഒട്ടേറെ കൈയേറ്റമുണ്ടെങ്കിലും കണ്ടുപിടിച്ചത് 1,382 എണ്ണം. ഇതിൽ ഒഴിപ്പിക്കാനായത് വെറും എഴുപതിടത്തു മാത്രം.
ജില്ലാതലത്തിൽ സർവേ സെൽ രൂപവത്കരിച്ചാണ് കൈയേറ്റം കണ്ടെത്തിയതും ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചതും. എന്നാൽ, ചില ജില്ലകളിൽ കളക്ടറുടെ അധ്യക്ഷതയിലുള്ള ഈ സെൽ നിർജീവമാണ്. കോട്ടയം, മലപ്പുറം, കാസർകോട് ജില്ലകളിലാണിത്. ഇവിടങ്ങളിലെ നദികളിൽ ഒരു കൈയേറ്റംപോലും കണ്ടെത്താൻ കഴിഞ്ഞില്ല.
ഏറ്റവുമധികം കൈയേറ്റം ഇടുക്കി ജില്ലയിലാണ്-581 ഇടത്ത്. ഇതിൽ 525-ഉം പെരിയാർ തീരത്താണ്. പീരുമേട് താലൂക്കിലെ പെരിയാർ വില്ലേജിൽ ഇതിനെതിരേ ഭൂസംരക്ഷണനിയമ പ്രകാരം 25 കേസ് രജിസ്റ്റർ ചെയ്തു.
ഇവിടെ മഞ്ചുമല വില്ലേജിലെ പെരിയാർ തീരത്ത് 500 കുടുംബം താമസിക്കുന്നതായി റിപ്പോർട്ട് ചെയ്തതല്ലാതെ നടപടി സ്വീകരിക്കാനായില്ല. എന്നാൽ, ഉടുമ്പൻചോല താലൂക്കിലെ പന്നിയാർ പുഴയുടെ മുക്കാൽ ഹെക്ടറോളം കൈയേറി നിർമാണം നടത്തിയ 56 പേരെയും ഒഴിപ്പിച്ചു. കണ്ണൂരിൽ രണ്ടു ഹെക്ടറോളം കൈയേറ്റം കണ്ടെത്തി. ഇതിനുപിന്നിൽ എത്രപേരുണ്ടെന്നതിൽ വ്യക്തതയില്ല. അതിനാൽ എല്ലാംചേർത്ത് ഒറ്റ കൈയേറ്റമായാണു രേഖപ്പെടുത്തിയിട്ടുള്ളത്.
പോലീസ്, റവന്യൂ, സർവേ, തദ്ദേശസ്ഥാപനം എന്നിവയുടെ സഹകരണത്തോടെയാണ് ഒഴിപ്പിക്കൽ നടത്തേണ്ടത്. ജില്ലാതലത്തിൽ ഇവരുൾപ്പെടെയുള്ളതാണ് കളക്ടർ അധ്യക്ഷനായ പ്രത്യേക സെല്ലും.തദ്ദേശസ്ഥാപനങ്ങളുടെ സമ്മർദം, രാഷ്ട്രീയ ഇടപെടൽ, ഉദ്യോഗസ്ഥരുടെ അനാസ്ഥ എന്നീ കാരണങ്ങളാൽ കാര്യങ്ങൾ മെല്ലെപ്പോക്കിലാണെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
Content Highlights: land river encroachment kerala
Published: 12 Oct 2024, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented