
സോലപ്പുര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സുശീല്‍കുമാര്‍ ഷിന്ദേയെ ലോക്സഭയിലേക്ക് ജയിപ്പിച്ച മണ്ഡലമാണ് സോലാപ്പുര്‍. അദ്ദേഹത്തിന്റെ മകള്‍ പ്രണിതി ഷിന്ദേ സോലാപ്പുര്‍ സിറ്റി സെന്‍ട്രലില്‍നിന്ന് മഹാരാഷ്ട്ര നിയമസഭയിലേക്കും. 83-ാം വയസ്സില്‍ തനിക്ക് ഇനി സജീവരാഷ്ട്രീയം വേണ്ടെന്ന സുശീല്‍കുമാര്‍ ഷിന്ദേയുടെ തീരുമാനമാണ് അച്ഛനു പകരം മകളെ സോലാപ്പുര്‍ ലോക്സഭയിലെ മത്സരരംഗത്തെത്തിച്ചത്.
കഴിഞ്ഞ രണ്ടുതവണ ബി.ജെ.പി. പിടിച്ചെടുത്ത ഈ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പ്രണിതി. നിലവിലെ ലോക്സഭാംഗം ഡോ. ജയ്സിദ്ധേശ്വര്‍ സ്വാമിക്ക് ബി.ജെ.പി. ടിക്കറ്റ് നല്‍കിയിട്ടില്ല. മാധ ലോക്സഭാ മണ്ഡലത്തിലെ മാല്‍ഷിറാസ് നിയമസഭാ മണ്ഡലത്തില്‍നിന്ന് ആദ്യമായി ബി.ജെ.പി. എം.എല്‍.എ.യായ മുപ്പത്തിയാറുകാരനായ രാം സത്പുതെയാണ് സ്ഥാനാര്‍ഥി.
ഇരുപാര്‍ട്ടികളും യുവ നിയമസഭാംഗങ്ങളെയാണ് രംഗത്തിറക്കിയിട്ടുള്ളതെന്ന പ്രത്യേകതയുമുണ്ട്.പ്രകാശ് അംബേദ്കറിന്റെ പാര്‍ട്ടി, ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടി എന്നിവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ഇതിനുപുറമേ സി.പി.എം. നേതാവ് നര്‍സയ്യ ആദം, പ്രണിതിയെ പിന്തുണച്ചിട്ടുണ്ട്. ബി.ജെ.പി.ക്കെതിരേ ശക്തമായ ഐക്യമുന്നണി രൂപവത്കരിക്കുന്നതില്‍ മഹാവികാസ് അഘാഡി സോലാപ്പൂരില്‍ വിജയിച്ചെന്നു കരുതാം.
ഡോംഖാവാല ഗ്രാമത്തിലെ പ്രചാരണത്തിനിടയിലാണ് പ്രണിതിയെ കാണുന്നത്. ബി.ജെ.പി. മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. വോട്ടര്‍മാരെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ധ്രുവീകരിക്കുകയാണെന്ന് പ്രണിതി പറഞ്ഞു.
ബീഡ് ജില്ലയില്‍ കരിമ്പ് കൊയ്ത്തുകാരുടെ കുടുംബത്തില്‍നിന്നുള്ളയാളാണ് ബി.ജെ.പി. സ്ഥാനാര്‍ഥി രാം സത്പുതെ. കരിമ്പുതൊഴിലാളിയുടെ മകനെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് ബി.ജെ.പി. ആരോപിക്കുന്നു. സോലാപ്പുര്‍ ലോക്സഭയിലെ ആറു നിയമസഭാ മണ്ഡലത്തില്‍ നാലും ബി.ജെ.പി.ക്കൊപ്പമാണ്.
മോദിസര്‍ക്കാരിന്റെ ഒട്ടേറെ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് താന്‍ പ്രചാരണം നയിക്കുന്നതെന്ന് രാം സത്പുരെ പറഞ്ഞു.മറാഠി, കന്നഡ ഭാഷകള്‍ സംസാരിക്കുന്ന മിശ്രിത ജനസംഖ്യയുള്ള സോലാപ്പുരില്‍ ഗണ്യമായ ലിംഗായത്ത് ജനസംഖ്യയുമുണ്ട്. തെലുഗു സംസാരിക്കുന്ന വലിയ ജനവിഭാഗവുമുണ്ട്. ദളിത്-മുസ്ലിം-ധന്‍ഗര്‍ എന്നിവയുടെ ശക്തമായ സാന്നിധ്യവുമുണ്ട്.
നഗരത്തിലെ ജലക്ഷാമത്തിലും ആഴ്ചയിലൊരിക്കല്‍മാത്രമുള്ള കുടിവെള്ളവിതരണത്തിലും രണ്ടു സ്ഥാനാര്‍ഥികളും വോട്ടര്‍മാരുടെ എതിര്‍പ്പ് നേരിടുന്നുണ്ട്. സിദ്ധേശ്വര പഞ്ചസാര ഫാക്ടറി അടച്ചുപൂട്ടല്‍, സോലാപ്പൂര്‍ വിമാനത്താവളം കമ്മിഷന്‍ ചെയ്യാത്തത്, ഉള്ളി കയറ്റുമതി നിരോധനം, സോയാബീന്‍, മറ്റു കാര്‍ഷികോത്പന്നങ്ങളുടെ വിലയിലെ ഇടിവ്, സോലാപ്പൂര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിലെ പരാജയം എന്നിവയാണ് രണ്ടു സ്ഥാനാര്‍ഥികളും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം അഭിസംബോധന ചെയ്യുമെന്ന് വാഗ്ദാനംചെയ്യുന്ന മറ്റു പ്രധാന പ്രശ്‌നങ്ങള്‍.
ദക്ഷിണകാശി എന്നു വിളിക്കപ്പെടുന്ന പണ്ഡര്‍പുരില്‍ വിത്തല്‍-രുക്മിണി മന്ദിര്‍ സ്ഥിതിചെയ്യുന്നതിനാല്‍ സോലാപ്പുര്‍ ജില്ല മഹാരാഷ്ട്രയുടെ ആത്മീയ തലസ്ഥാനമായി മാറിയിട്ടുണ്ട്. ഈ ആത്മീയ തലസ്ഥാനം ഇത്തവണ തങ്ങള്‍ക്കൊപ്പം ചേര്‍ത്തുനിര്‍ത്താനാണ് ഇരുപാര്‍ട്ടികളും മത്സരിക്കുന്നത്.
Content Highlights: solapur-Praniti Shinde-maharashtra-bjp-congress
Published: 05 May 2024, 09:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented