അമ്രാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി താരമ്യപ്പെടുത്തി വിമര്‍ശിച്ച്‌ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. മറ്റുള്ളവരെ കുറ്റപ്പെടുത്തുക മാത്രമാണ് മോദി ചെയ്യുന്നതെന്നും കഴിഞ്ഞ പത്ത് വര്‍ഷം ജനങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്തുവെന്നതിനെ കുറിച്ച് ഒരക്ഷരം മോദി പറയുന്നില്ലെന്നും പവാര്‍ വിമര്‍ശിച്ചു.

To advertise here,

പുതിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ ഉടലെടുക്കുമോ എന്ന് ഭയമാകുന്നു. പുതിനെ അനുകരിച്ച് ഭീതി സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്. ഭരണഘടന മാറ്റം വരുത്തുമെന്ന് ബി.ജെ.പി. പലയാവര്‍ത്തി പൊതുയിടങ്ങളില്‍ ആഹ്വാനം ചെയ്ത്കഴിഞ്ഞു. ഇന്ത്യയില്‍ ഏകാധിപത്യം ഉടലെടുക്കാന്‍ ജനങ്ങള്‍ അനുവദിക്കരുതെന്നും പവാര്‍ അഭ്യര്‍ഥിച്ചു.

ബി.ജെ.പി. എം.പി മാര്‍ പ്രധാനമന്ത്രിയുടെ സാനിധ്യത്തില്‍ പ്രതിപക്ഷ എം.പിമാരോട് സംസാരിക്കാന്‍ ഭയപ്പെടുന്നു. പ്രധാനമന്ത്രിയുമായുള്ള പാര്‍ട്ടി എം.പി മാരുടെ യോഗത്തില്‍ ആര്‍ക്കും ഒന്നും പറയാനുള്ള അനുമതിയില്ലായിരുന്നു. ഇത് ഏകാധിപത്യ ഭരണത്തിന് പേരുകേട്ട റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ്റേതിനു സമാനമായ രീതിയാണ്. പവാര്‍ പറഞ്ഞു. 

പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം വന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മന്‍മോഹന്‍ സിങ് തുടങ്ങി എല്ലാ പ്രധാന മന്ത്രിമാരുടെയും പ്രവര്‍ത്തന മികവിന് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.അവരെല്ലാവരും ഇന്ത്യയുടെ പുരോഗതിക്കുവേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ നിലവിലെ പ്രധാനമന്ത്രി കുറ്റപ്പെടുത്താന്‍ മാത്രം അറിയുന്നയാളാണെന്നും പവാർ കുറ്റപ്പെടുത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  അമ്രാവതി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന മഹാ വികാസ് അഘാഡി സ്ഥാനാര്‍ത്ഥി ബല്‍വാന്ത് വാങ്കഡെ്ക്ക് വേണ്ടി തിങ്കളാഴ്ച നടത്തിയ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. കോണ്‍ഗ്രസ് അനുകൂലിയായ വാങ്കഡെ ശിവസേന ഉദ്ധവ് താക്കറെ പക്ഷം, സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്.

2019-ലെ തിരഞ്ഞെടുപ്പില്‍ നവീന്‍ റാണയെ പിന്തുണച്ചതിന്  അമ്രാവതിയിലെ ജനങ്ങളോട് മാപ്പ് പറയാനാണ് താനെത്തിയതെന്നും ശരത് പവാര്‍ ഏറ്റുപറച്ചില്‍ നടത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ പിന്തുണ നല്‍കിയ സ്ഥാനാര്‍ത്ഥിയെ  അമ്രാവതിയിലെ ജനങ്ങള്‍ വിജയിപ്പിച്ചു. തെറ്റ് തിരുത്താനുള്ള സമയമടുത്തിരിക്കുന്നെന്നും കൂട്ടിച്ചേര്‍ത്തു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ  ത്രികോണ മത്സരം നടക്കുന്ന മഹാരാഷ്ടയിലെ സുപ്രധാന മണ്ഡലങ്ങളിലൊന്നാണ്‌  അമ്രാവതി. 2019-ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്ന് അമ്രാവതിയില്‍ വിജയിച്ച നവ്‌നീത് റാണയെയാണ് ഇക്കുറി ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പില്‍ റാണയെ എന്‍.സി.പി മത്സരിപ്പിച്ചെങ്കിലും വിജയിച്ചില്ല.
ഏപ്രില്‍ 26 നാണ് അമ്രാവതി വോട്ട് രേഖപ്പെടുത്തുന്നത്.