മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ സിറ്റിങ് എം.പിക്ക് ടിക്കറ്റ് നല്‍കാതെ ബി.ജെ.പി. പ്രമോദ് മാഹജന്റെ മകള്‍ പൂനം മഹാജന്‍ കഴിഞ്ഞ രണ്ടുതവണയായി പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ മുന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഉജ്ജ്വല്‍ നികമാണ് ഇത്തവണ ബി.ജെ.പി. സ്ഥാനാര്‍ഥി. 2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ സര്‍ക്കാര്‍ അഭിഭാഷകനായിരുന്നു ഉജ്ജ്വല്‍ നികം.

To advertise here,

പ്രമോദ് മഹാജന്‍ വധക്കേസിലും അദ്ദേഹം അഭിഭാഷകനായിരുന്നു. 2016-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നല്‍കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ ജള്‍ഗാവില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി. ശ്രമിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

പത്തുവര്‍ഷമായി പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ വിരുദ്ധവികാരമുണ്ടെന്ന സര്‍വേകളുടെ അടിസ്ഥാനത്തിലാണ് പൂനം മഹാജന് ബി.ജെ.പി. സീറ്റ് നിഷേധിച്ചത്. മുംബൈ ബി.ജെ.പി. അധ്യക്ഷന്‍ അശിഷ് ഷെലാറിനേയും മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു.

സിറ്റിങ് എം.പിയായിരുന്ന പ്രിയ ദത്തിനെ പരാജയപ്പെടുത്തിയാണ് പൂനം മഹാജാന്‍ 2014-ല്‍ മണ്ഡലം പിടിച്ചെടുത്തത്. 2019-ലും പൂനം ഇവരെ പരാജയപ്പെടുത്തി. മഹാരാഷ്ട്രയിലെ മുന്‍ മന്ത്രി വര്‍ഷ ഗെയ്ക്വാദാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ എം.പി. ഏക്‌നാഥ് ഗെയ്ക്വാദിന്റെ മകളാണ് വര്‍ഷ ഗെയ്ക്വാദ്.