
രണ്ടു പ്രധാന രാഷ്ട്രീയകക്ഷികളിലെ പിളർപ്പും കൂടുവിട്ടു കൂടുമാറ്റങ്ങളും കാരണം കുഴഞ്ഞുമറിഞ്ഞുകിടക്കുകയാണ് മഹാരാഷ്ട്ര രാഷ്ട്രീയം. സംസ്ഥാനത്തെ സഖ്യങ്ങൾ ദിവസേനയെന്നോണം മാറിമറിയുകയാണ്. കഴിഞ്ഞയാഴ്ചകണ്ട സഖ്യമല്ല ഇപ്പോൾ. ഏതു സഖ്യത്തിനാണ് ജനപിന്തുണ എന്നറിയണമെങ്കിൽ തിരഞ്ഞെടുപ്പുഫലം വരുന്നതുവരെ കാത്തിരിക്കേണ്ടിവരും.
ശിവസേനയെയും എൻ.സി.പി.യെയും പിളർത്തി ഒരു വിഭാഗത്തെ ഒപ്പംനിർത്തിയ ബി.ജെ.പി. ചെറുകക്ഷികളെ പിടിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. കുറച്ചുസമയം മഹാരാഷ്ട്രയിലെ പ്രതിപക്ഷത്തിനൊപ്പംനിന്ന രാഷ്ട്രീയ സമാജ് പക്ഷ് (ആർ.എസ്.പി.) കഴിഞ്ഞദിവസം ഭരണസഖ്യമായ മഹായുതിക്ക് പിന്തുണപ്രഖ്യാപിച്ച് രംഗത്തെത്തി. വികസനത്തിൽ മോദിക്കുകീഴിൽ രാജ്യം വലിയ മുന്നേറ്റങ്ങൾ നടത്തുന്നുണ്ടെന്നും അതിനാൽ മഹായുതിക്കൊപ്പം നിലകൊള്ളുമെന്നുമാണ് ആർ.എസ്.പി. സ്ഥാപകൻ മഹാദേവ് ജാങ്കർ പറഞ്ഞത്.
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെയും മറാത്ത്വാഡയിലെയും ധൻഗർ സമുദായത്തിൽ മഹാദേവ് ജാങ്കറിന് വലിയ സ്വാധീനമുണ്ട്. കാൻഷിറാമിന്റെ നേതൃത്വത്തിൽ ബി.എസ്.പി.യിൽ ചേർന്നുകൊണ്ടാണ് ജാങ്കർ തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ചത്. പല മുന്നണികളും മാറിമാറി പരീക്ഷണം നടത്തി ഒടുവിൽ ശരദ്പവാറിനൊപ്പം നിൽക്കുമ്പോഴാണ് ജാങ്കറിനെ ബി.ജെ.പി. വീണ്ടും റാഞ്ചിയത്. രാജ്താക്കറെയുടെ നവനിർമാൺസേനയെ സഖ്യത്തിലെത്തിക്കുന്നതിനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങളും വിജയത്തിലേക്കടുക്കുകയാണ്.
സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റിൽ 45 എങ്കിലും നേടിയെടുക്കണമെന്നതാണ് ബി.ജെ.പി. സഖ്യത്തിന്റെ ലക്ഷ്യം. പിളരാത്ത ശിവസേനയ്ക്കൊപ്പം മത്സരിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 41 സീറ്റാണ് എൻ.ഡി.എ. നേടിയത്. ഇപ്പോൾ ശിവസേനയിലെയും എൻ.സി.പി.യിലെയും ഒരു വിഭാഗമാണ് ഒപ്പമുള്ളത്. അതിനുപുറമേ എന്തുവിലകൊടുത്തും ചെറുകക്ഷികളെക്കൂടി ഒപ്പംനിർത്താനാണ് ശ്രമം. തങ്ങൾക്ക് 32 സീറ്റ് വേണമെന്ന ബി.ജെ.പി.യുടെ പിടിവാശിക്ക് ഏക്നാഥ് ഷിന്ദേയും അജിത്പവാറും ഏതാണ്ട് സമ്മതിച്ചുകഴിഞ്ഞു. സഖ്യകക്ഷികളെ സാവധാനം വിഴുങ്ങുകയെന്ന ബി.ജെ.പി. പദ്ധതിയുടെ ഭാഗമാണിത്. ‘ലോക്സഭയിൽ ഞങ്ങൾക്ക് പരമാവധി സീറ്റ് നൽകണം, നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് നിങ്ങളെ പരിഗണിക്കാ’മെന്നാണ് അമിത്ഷാ ഇരുവരോടും പറഞ്ഞത്. തങ്ങൾക്ക് 13 സീറ്റ് വേണമെന്ന് കരഞ്ഞുകേണപേക്ഷിച്ച ഏക്നാഥ് ഷിന്ദേയോട് എട്ടുസീറ്റ് തരാം, ബാക്കിസീറ്റിൽ ജയിക്കുന്ന സ്ഥാനാർഥികളെ നിശ്ചയിച്ച് താമരചിഹ്നത്തിൽ മത്സരിച്ചോ എന്നായിരുന്നു ഭീഷണി.
എൻ.സി.പി.യുടെ ശക്തികേന്ദ്രമായിരുന്ന ബാരാമതിയിൽ ഭാര്യ സുനേത്രയെ മാത്രമാണ് അജിത് പവാറിന് സ്ഥാനാർഥിയായി പ്രഖ്യാപിക്കാനായത്. ബാക്കി എത്രസീറ്റുകൾ നൽകുമെന്നു പറഞ്ഞിട്ടില്ല, മൂന്നിൽ ഒതുങ്ങുമെന്നാണ് അണിയറസംസാരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച 13 സ്ഥാനാർഥികൾ സീറ്റിനായി വരിവരിയായി നിൽക്കുന്നതുകാരണം ഷിന്ദേയും കടുത്ത പ്രതിസന്ധിയിലാണ്. സീറ്റ് കിട്ടാത്തവർ ഉദ്ധവ് പക്ഷത്തേക്ക് കുതിച്ചുചാടുമെന്നും റിപ്പോർട്ടുകളുണ്ട്. അജിത് പവാറും ഇതേ അവസ്ഥയിലാണ്. ചില എം.എൽ.എ.മാർ ശരദ്പവാർ പക്ഷത്തെത്തിക്കഴിഞ്ഞു.
ശരദ്പവാറിന്റെ എൻ.സി.പി.യും ഉദ്ധവ് താക്കറെയുടെ ശിവസേനയും കോൺഗ്രസും ചേരുന്ന മഹാവികാസ് അഘാഡി ബി.ജെ.പി. മുന്നണിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. പാർട്ടി പിളർന്നെങ്കിലും അണികൾ തങ്ങളോടൊപ്പമാണെന്നു തെളിയിക്കാനുള്ള ഭഗീരഥയത്നത്തിലാണ് പവാറും ഉദ്ധവും. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ മുംബൈയിലെ സമാപനറാലി ഇന്ത്യസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംകൂടിയായിരുന്നു. പ്രതിപക്ഷനേതാക്കളെല്ലാം വേദിയിലെത്തി. കോൺഗ്രസും ശരദ്പവാറിന്റെ എൻ.സി.പി.യും ഉദ്ധവ് ശിവസേനയും തമ്മിൽ സീറ്റുപങ്കിടൽ പൂർത്തിയായിട്ടുണ്ട്. എന്നാൽ, കഴിഞ്ഞതവണ ബി.ജെ.പി. പക്ഷത്താണോ എന്നുപറയാതെ ഫലത്തിൽ ബി.ജെ.പി.ക്ക് ഗുണകരമായി പ്രവർത്തിച്ച അംബേദ്കറിന്റെ കൊച്ചുമകൻ പ്രകാശ് അംബേദ്കറാണ് ഇവരുടെ മുന്നിലെ കീറാമുട്ടി. അംബേദ്കർ 2019-ലെ അതേ കളി ഇത്തവണയും തുടങ്ങിയിട്ടുണ്ട്. സ്വതന്ത്രരായി സ്ഥാനാർഥികളെ നിശ്ചയിച്ച് ദളിത് വോട്ടുകൾ സമാഹരിച്ച് പ്രതിപക്ഷത്തെ ഭംഗിയായി പരാജയപ്പെടുത്തും. ഒവൈസിയുടെ മജ്ലിസ് പാർട്ടിയും മുസ്ലിം സ്വാധീനമേഖലയിൽ തങ്ങളുടെ അഞ്ചോ ആറോ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മറാഠ സംവരണ പ്രക്ഷോഭനേതാവ് ജരാങ്കെ പാട്ടീൽ ഉയർത്തുന്ന ഭീഷണിയെ മറികടക്കാനാണ് കോൺഗ്രസിന്റെ കടയ്ക്കൽതന്നെ വെട്ടി അശോക് ചവാനെ ബി.ജെ.പി.യിലേക്ക് വീഴ്ത്തിയത്. ഇതിലൂടെ കോൺഗ്രസിന്റെ പക്ഷത്തുള്ള രണ്ട് ലോക്സഭാ സീറ്റുകളും ആറ്് നിയമസഭാ സീറ്റുകളും ബി.ജെ.പി. പക്ഷത്തെത്തിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. മറാഠകൾക്കു പ്രഖ്യാപിച്ച പത്തുശതമാനം സംവരണം ഉറപ്പിക്കാനായാൽ ലോക്സഭാ തിരഞ്ഞെടുപ്പിലും ആറുമാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി. മുന്നണിക്കു വൻനേട്ടമാകും.
ജരാങ്കെ പാട്ടീലിനെ അനുനയിപ്പിക്കാൻ അശോക് ചവാനെ അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചെങ്കിലും പാട്ടീൽ ഇപ്പോഴും കടുംപിടിത്തം തുടരുകയാണ്. പാട്ടീൽ തങ്ങൾക്ക് സ്വാധീനമുള്ള 18 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതോടെ, കോൺഗ്രസിന്റെയും എൻ.സി.പി.യുടെയും സ്വാധീനമേഖലയായ മറാഠവോട്ടുകളിലും വിള്ളലുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ബ്രാഹ്മണമുഖം മറാഠകൾക്ക് എത്ര പ്രിയങ്കരമാകുമെന്ന കാര്യമാണ് ഇപ്പോഴും ബി.ജെ.പി.യെ അങ്കലാപ്പിലാക്കുന്നത്.
മുമ്പ് ബി.ജെ.പി.യുടെ ദേശീയനേതാക്കൾ ബാൽതാക്കറെയുടെ മാതോശ്രീയിൽ എത്തിയാണ് സീറ്റുധാരണ ഉണ്ടാക്കിയതെങ്കിൽ, ഇന്ന് ‘മഹാരാഷ്ട്ര അസ്മിത’പറയുന്ന രാഷ്ട്രീയപ്പാർട്ടികൾ തങ്ങളുടെ അഭിമാനം സംരക്ഷിക്കാൻ ഡൽഹിയിലേക്ക് നിരന്തരം പറക്കുകയാണ്.
അവസാനം ബി.ജെ.പി. നൽകുന്ന ഔദാര്യത്തിൽ മത്സരിക്കേണ്ട അവസ്ഥയിലാണവർ. പണവും സഖ്യബലവും ഭരണപാർട്ടി സഖ്യത്തിനാണ്. അതോടൊപ്പം കേന്ദ്ര ഏജൻസികളുടെ ഭീഷണിയും ഭരണപക്ഷം ആയുധമാക്കുന്നു. അതുമാത്രം പോരെന്ന് തോന്നിയിട്ടാണ് മഹാരാഷ്ട്രയിലെ വിവിധ മേഖലകളിൽ ചെറുപാർട്ടികളെ തങ്ങൾക്കൊപ്പം നിർത്താൻ ശ്രമിക്കുന്നത്.
Content Highlights: lok sabha election different alliances parties maharashtra
Published: 04 Apr 2024, 07:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented