
ഏക്നാഥ് ഷിന്ദേ വലിയ തിരക്കിലാണ്. ശിവസേനയെ പിളർത്തി ബി.ജെ.പി.ക്കൊപ്പം ചേർന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ചില്ലെങ്കിൽ, മഹായുതിക്ക് നാല്‌പതിലധികം സീറ്റുകൾ നേടിക്കൊടുത്തില്ലെങ്കിൽ, ബി.ജെ.പി. എങ്ങനെ പെരുമാറുമെന്ന് ഷിന്ദേക്കറിയാം.
മുഖ്യമന്ത്രിയാണെങ്കിലും ഭാസ്കരപട്ടേലരുടെ സ്ഥാനത്ത് ഷിന്ദേയല്ല. ഇപ്പോഴും ബി.ജെ.പി.യാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കളെ കാണുമ്പോൾ വലിയ എളിമ പറന്നുവരും. ആ നിൽപ്പുകാണുമ്പോൾ തൊമ്മിപോലും തോറ്റുപോകും. കഴിഞ്ഞദിവസം നാഗ്പുരിൽ പ്രധാനമന്ത്രി എത്തിയപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ.
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദവിയിൽ എത്തിയെങ്കിലും താനെയിൽ മാത്രമാണ് ഷിന്ദേ ഇന്നും ശിവസേനയുടെ കരുത്തനായ നേതാവ്. മുഖ്യമന്ത്രിയായെങ്കിലും മഹാരാഷ്ട്രയുടെ മറ്റു മേഖലയിലേക്കു പടർന്നുകയറാൻ ഷിന്ദേക്കായില്ല. അതിനാലാണ് രാജ്താക്കറെയെ കൂടെനിർത്താൻ ബി.ജെ.പി. തുനിഞ്ഞത്.
ബാൽതാക്കറെയ്ക്ക് തുല്യതയാർന്ന് താനെയിൽ വിലസിയ ആനന്ദ് ദിഗെയുടെ മരണശേഷം പാർട്ടിയുടെ താണെ അനിഷേധ്യനേതാവായി ഷിന്ദേ ഉയരുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ ശ്രീകാന്ത് ഷിന്ദേ എം.പി.യാണ്. കല്യാണിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്നുണ്ട്. സഹോദരൻ നഗരസഭാംഗമാണ്.
ഓട്ടോ തൊഴിലാളിയായി തുടക്കം
മദ്യശാലയിൽ വിതരണക്കാരനായും ഓട്ടോറിക്ഷാ തൊഴിലാളിയായും ജോലിനോക്കി പാർട്ടിയുടെ സാധാരണപ്രവർത്തകനായി തുടക്കംകുറിച്ച ഷിന്ദേ ക്രമേണ തലപ്പത്തേക്ക് ഉയരുകയായിരുന്നു. ആനന്ദ് ദിഗെയാണ് ഷിന്ദേയെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നത്. പിന്നീട് ബാൽതാക്കറെയുടെ പ്രിയം പിടിച്ചുപറ്റി.
1990-കളിൽ നഗരസഭാംഗമായ ഷിന്ദേ പിന്നീട് തുടർച്ചയായി നാലുതവണ എം.എൽ.എ.യായി. ഫഡ്നവിസ് മന്ത്രിസഭയിൽ അംഗമായി. ശിവസേന ബി.ജെ.പി.യുമായി ബന്ധം ഉപേക്ഷിച്ചതോടെ പ്രതിപക്ഷ നേതാവായി. മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ പേരുയർന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതോടെ നഗരവികസനമെന്ന സുപ്രധാനവകുപ്പ് ലഭിച്ചു.
വിമതനീക്കം നടത്തി: ഇപ്പോൾ വിമതഭീഷണിയിൽ
ശിവസേന എം.എൽ.എ.മാർക്കുവേണ്ട പരിഗണന ഉദ്ധവ് താക്കറെയിൽനിന്നു ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഷിന്ദേ പാർട്ടിയിലെ ഭൂരിപക്ഷം എം.എൽ.എ.മാരെയും അടർത്തി വിമതനീക്കം നടത്തിയത്. അതിനുമുമ്പ് ഷിന്ദേയുടെ സാമ്പത്തിക ഇടപാടുകാരനായ സിനിമാനിർമാതാവിനെ ഇ.ഡി. ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു.
അത് അന്തർധാരയായി നിലനിൽക്കെയാണ് ബി.ജെ.പി. സഹായത്തോടെ ഉദ്ധവിനെ വലിച്ചുനിലത്തിട്ട് രൗദ്രഭീമനെപ്പോലെ ഷിന്ദേ അലറിവിളിച്ചത്.
ശിവസേനയിലെ ഭൂരിപക്ഷം എം.എൽ.എ.മാരെയും നേതാക്കളെയും കൂടെനിർത്താൻ ഷിന്ദേക്കായി. തിരഞ്ഞെടുപ്പു വന്നപ്പോൾ പാർട്ടിയെയോ കൂടെനിന്നവരെയോ രക്ഷപ്പെടുത്താൻ ഷിന്ദേയുടെ ശിവസേനയ്ക്കായിട്ടില്ല.
പണ്ട് ബി.ജെ.പി. നേതാക്കൾ ബാൽതാക്കറെയുടെ വസതിയിലെത്തിയാണ് സീറ്റുവിഭജന ചർച്ച നടത്തിയിരുന്നതെങ്കിൽ ഇന്ന് സീറ്റുവിഭജനം ചർച്ചചെയ്യാൻ ഷിന്ദേ ഡൽഹിയിലെത്തി അമിത് ഷായെ കാണണം.
പാർട്ടി പിളർത്തുമ്പോൾ 13 എം.പി.മാർ കൂടെയുണ്ടായിരുന്നു. അവർക്കെല്ലാവർക്കും സീറ്റ് കിട്ടിയിട്ടില്ല. കല്യാണിൽ മകന് സീറ്റുകിട്ടാൻ ഷിന്ദേ പെട്ടപാട് എല്ലാവർക്കുമറിയാം. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എത്രപേരാവും ബി.ജെ.പി. പക്ഷത്തേക്ക് ചായുകയെന്ന് ഉറപ്പില്ല. കോൺഗ്രസിൽനിന്ന് മിലിന്ദ് ദേവ്‌റയെ പാർട്ടിയിലെത്തിച്ചു. സഞ്ജയ് നിരുപം വരാൻ കാത്തിരിക്കുകയാണ്. എങ്കിലും ബി.ജെ.പി. വലിയ വായയുമായി ഇരിക്കുമ്പോൾ ഷിന്ദേയുടെ നെഞ്ചിൽ തീ കത്തുകയാണ്. അത് പുറത്തുകാണിക്കുന്നില്ലെന്നുമാത്രം.
Content Highlights: Role of Eknath Shinde in Lok sabha election 2024
Published: 13 Apr 2024, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented