
പവാറില്‍ പവര്‍ ആര്‍ക്കെന്ന് ബാരാമതിയുടെ ഫലം പറയും. അമേഠിയില്‍ രാഹുലിനെ വീഴ്ത്തിയതുപോലൊരു അങ്കമാണ് ബി.ജെ.പി. ബാരാമതിയില്‍ ലക്ഷ്യമിടുന്നത്. സുപ്രിയ സുലെ തോറ്റാല്‍ ശരദ് പവാര്‍ എന്ന അതികായന്റെ രാഷ്ട്രീയാസ്തമയം കൂടിയാകും. അതിന് ചുക്കാന്‍ പിടിക്കുന്നതോ മരുമകന്‍ അജിത് പവാര്‍ സ്വന്തം ഭാര്യയെ നിര്‍ത്തി. എന്‍.സി.പി.യും എന്‍.സി.പി.യും തമ്മിലുള്ള ശക്തി തെളിയിക്കാനുള്ള പോരാട്ടം. ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡങ്ങളിലൊന്നാവുകയാണ് മഹാരാഷ്ട്രയിലെ ബാരാമതി. പാര്‍ട്ടി പിടിക്കാനായെങ്കിലും പവാര്‍ കുടുംബത്തില്‍ അജിത്തിന്റെ സ്ഥാനം കൂടെ നിര്‍ണയിക്കുന്നതാവും ബാരാമതിയിലെ ഫലം. ഇതാദ്യമായാണ് പവാര്‍ കുടുംബത്തിലെ രണ്ടുപേര്‍ ബാരാമതിയില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത്.
മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തിനൊടുവില്‍ അജിത് പവാറിന്റെ എന്‍.സി.പിക്ക് ലഭിച്ച നാലുസീറ്റുകളില്‍ ഒന്നാണ് ബാരാമതി. ഇവിടെ സ്ഥാനാര്‍ഥി അജിത്തിന്റെ ഭാര്യ സുനേത്രയായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 1996 മുതല്‍ പവാര്‍ കുടുംബത്തെ, പ്രത്യേകിച്ച് പാര്‍ട്ടി സ്ഥാപകന്‍ ശരദ് പവാറിനേയും മകള്‍ സുപ്രിയയേയും മാത്രം വിജയിപ്പിച്ച മണ്ഡലത്തിന്റെ ചരിത്രം തിരുത്താനാണ് ബി.ജെ.പി. സഖ്യത്തിന്റെ ശ്രമം.
എന്നാല്‍, ശരദ് പവാറിന്റെ തട്ടകത്തില്‍ സിറ്റിങ് എം.പിയും എന്‍.സി.പി. (ശരദ് ചന്ദ്രപവാര്‍) വര്‍ക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെയെ പരാജയപ്പെടുത്തുക എളുപ്പമേയല്ല. എന്നാല്‍, കഴിഞ്ഞ മൂന്നു തവണ ക്ലോക്ക് ചിഹ്നത്തില്‍ മത്സരിച്ച സുപ്രിയാ സുലേയ്ക്ക് പക്ഷേ, പുതിയ ചിഹ്നവുമായി വോട്ടര്‍മാരെ അഭിമുഖീകരിക്കേണ്ടിവരുന്നുവെന്ന വെല്ലുവിളിയുണ്ട്.

1996 മുതല്‍ 2004 വരെ നാലുതവണ തുടര്‍ച്ചയായി ശരദ് പവാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അതിന് മുമ്പ് 1991-ലെ ഉപതിരഞ്ഞെടുപ്പിലും 1984-ലെ തിരഞ്ഞെടുപ്പിലും പവാര്‍ ബാരാമതിയില്‍നിന്ന് ലോക്‌സഭയിലെത്തി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് പി.എ. സാങ്മയ്ക്കും താരിഖ് അന്‍വറിനുമൊപ്പം പാര്‍ട്ടി രൂപവത്കരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട 1999-ലും ബാരാമതിയിലെ വോട്ടര്‍മാര്‍ പവാറിനൊപ്പം നിന്നു. അതിനുശേഷം ഇങ്ങോട്ട് ഒരിക്കലും മണ്ഡലത്തില്‍ പവാര്‍ കുടുംബം പരാജയമറിഞ്ഞിട്ടില്ല.
1957-ല്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബന്ധമില്ലാത്ത പാര്‍ട്ടികള്‍ ജയിക്കുന്നത് രണ്ടേ രണ്ടുതവണ മാത്രമാണ്. 1977-ലും 1985-ലും ജനതാപാര്‍ട്ടി. ശരദ് പവാറിനുശേഷം 2009-ല്‍ ആദ്യമായി എം.പി.യായ സുപ്രിയ സുലേ നിലവില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കി. 53 ശതമാനത്തോളം വോട്ടുനേടി ഒന്നരലക്ഷത്തിലേറെ ഭൂരിപക്ഷത്തിലാണ് 2019-ല്‍ ബി.ജെ.പിയുടെ രാഹുല്‍ കുലിനെ, സുപ്രിയ സുലെ പരാജയപ്പെടുത്തിയത്.
സുപ്രിയയുടെ ഈ അപരാജിത തേരോട്ടത്തിന് അന്ത്യം കുറിക്കാനാണ് അജിത് പവാറിന്റെ ഭാര്യയെ മഹായുതി (മഹാരാഷ്ട്രയിലെ എന്‍.ഡി.എ. സഖ്യം) രംഗത്തിറക്കിയത്. ബാരാമതിയില്‍ സുപ്രിയയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ എന്‍.ഡി.എ.ക്ക് അത് വലിയ നേട്ടമാവും.
മഹാവികാസ് അഘാഡിക്കെതിരെ മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്കിടയില്‍ വിരുദ്ധവികാരമുണ്ടെന്ന എന്‍.ഡി.എ.യുടെ അവകാശവാദത്തിന് സാധൂകരണം നല്‍കലാവും അത്. സീറ്റ് വിഭജനത്തിനിടെ പിരിഞ്ഞുപോയവരെ തിരിച്ചെത്തിക്കാനും ഇളകിനില്‍ക്കുന്നവരെ ഉറപ്പിച്ചുനിര്‍ത്താനും അജിത്തിന് അത്തരമൊരു ഫലം സഹായകമാവും.

പവാര്‍ കുടുംബത്തില്‍നിന്ന് രാഷ്ട്രീയത്തില്‍ സജീവമായവരില്‍ അജിത് പവാറും മക്കളും ഒഴിച്ചുള്ള എല്ലാവരും ശരദ് പവാറിന്റെ കൂടെയാണ്. ശരദ് പവാറിന്റെ മൂത്ത സഹോദരന്‍ അപ്പാസാഹേബ് പവാറിന്റെ ചെറുമകനും കര്‍ജാത്- ജാംഖേഡ് മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയുമായ രോഹിത് പവാര്‍ ശരദ് പവാറിന്റെ കൂടെയാണ്.
ഇ.ഡി. കേസ് നേരിടുന്ന രോഹിത്തിനുപിന്നില്‍ ശരദ് പവാര്‍ പക്ഷം ഒറ്റക്കെട്ടാണ്. അജിത് പവാറിന്റെ ഇളയസഹോദരന്‍ ശ്രീനിവാസ് പവാറിന്റെ മകന്‍ യുഗേന്ദ്ര പവാര്‍, ശരദ് പവാറിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. വിദേശപഠനം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തി കുടുംബബിസിനസ് നോക്കിനടത്തുന്ന യുഗേന്ദ്രയെ രാഷ്ട്രീയത്തില്‍ സജീവമാക്കി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാറിനെതിരേ മത്സരിപ്പിക്കാന്‍ ശരദ് പവാര്‍ നീക്കംനടത്തുന്നുണ്ട്.
അജിത് പവാറിന്റെ മകന്‍ പാര്‍ഥ് പവാര്‍ 2019-ല്‍ മാവല്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ അതേ സീറ്റില്‍നിന്ന് വീണ്ടും മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ബാരാമതിക്കുപുറമേ റായ്ഗഢ്, ശിരൂര്‍, മണ്ഡലങ്ങള്‍ മാത്രമാണ് അജിത് പവാറിന്റെ പാര്‍ട്ടിക്ക് സഖ്യത്തില്‍ അനുവദിച്ചത്. സത്രയില്‍ ചര്‍ച്ച തുടരുകയാണ്. അജിത് പവാറിന്റെ ഇളയമകന്‍ ജയ് പവാറും പിതാവിനൊപ്പം രാഷ്ട്രീയപരിപാടികളില്‍ സാന്നിധ്യം അറിയിച്ചിരുന്നു.
അതേസമയം, പവാര്‍ കുടുംബാംഗങ്ങള്‍ക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച്, അജിത് പവാറിനൊപ്പം സഖ്യത്തിലുള്ള ഏക്‌നാഥ് ഷിന്ദേപക്ഷ ശിവസേന നേതാവ് വിജയ് ശിവ്താരെ രംഗത്തെത്തിയിരുന്നു. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുരന്ദര്‍ മണ്ഡലത്തില്‍ ശിവ്താരെയെ പരാജയപ്പെടുത്താന്‍ അന്ന് അവിഭക്ത എന്‍.സി.പി.യിലായിരുന്ന സുപ്രിയ സുലെയും അജിത് പവാറും പ്രവര്‍ത്തിച്ചിരുന്നു.
ശിവസേനയിലെ പിളര്‍പ്പിനുശേഷം ഷിന്ദേയോടൊപ്പം ചേര്‍ന്ന ആദ്യനേതാക്കളില്‍ ഒരാളായ വിജയ് ശിവ്താരെ അന്നുമുതല്‍ അജിത് പവാറിന്റെ കടുത്ത എതിരാളിയായാണ് അറിയപ്പെടുന്നത്. എന്നാല്‍, ശിവ്താരെ പിന്നീട് മത്സരത്തില്‍നിന്ന് പിന്മാറി.
ദൗണ്ട്, ഇന്ദാപുര്‍, ബാരാമതി, പുരന്ദര്‍, ഭോര്‍, ഖഡക് വാസല എന്നീ ആറ് നിയമസഭാമണ്ഡലങ്ങളാണ് ബാരാമതി ലോക്സഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ ഇന്ദാപുര്‍, ബാരാമതി മണ്ഡലങ്ങള്‍ എന്‍.സി.പി.ക്കൊപ്പവും ദൗണ്ട്, ഖഡക് വാസല മണ്ഡലങ്ങള്‍ ബി.ജെ.പി.ക്കൊപ്പവും പുരന്ദര്‍, ഭോര്‍ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനൊപ്പവുമാണ്.
സുപ്രിയയെ വിജയിപ്പിക്കാനായി 83-ാം വയസ്സിലും ശരദ് പവാര്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 25 വര്‍ഷമായി കടുത്ത എതിരാളിയായിരുന്ന ഭോറിലെ കോണ്‍ഗ്രസ് നേതാവ് അനന്ത് റാവു തോപ്‌തെയുടെ വീട് ശരദ് പവാര്‍ സന്ദര്‍ശിച്ചു. സുലെയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.എല്‍എ.യും മുന്‍മന്ത്രി അനന്ത്റാവുവിന്റെ മകനുമായ സംഗ്രാം തോപ്തെ സംഘടിപ്പിച്ച പൊതുറാലിയില്‍ പങ്കെടുക്കുന്നതിനുമുമ്പായിരുന്നു സന്ദര്‍ശനം. പിന്നാലെ, ഇന്ദാപുരില്‍ ഒരു ചടങ്ങില്‍ ബി.ജെ.പി. നേതാവും അജിത് പവാറിന്റെ ദീര്‍ഘകാല എതിരാളിയുമായ ഹര്‍ഷവര്‍ധന്‍ പാട്ടീലുമായും ശരദ് പവാര്‍ വേദിപങ്കിട്ടു.

രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ പുണയിലെ പ്രമുഖ നേതാവ് വസന്ത് മോറെ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിന്തുണയും ശരദ് പവാര്‍ ഉറപ്പാക്കി. വിജയ് ശിവ്താരെ ബാരാമതിയില്‍നിന്ന് മത്സരിക്കുമെന്നുള്ള പ്രഖ്യാപനത്തിനുപിറകിലും പവാറിന്റെ കൈകളുണ്ടെന്ന് കരുതിയിരുന്നു.
ബാരാമതി ലോക്സഭാമണ്ഡലത്തില്‍പ്പെടുന്ന എല്ലാ നിയമസഭാമണ്ഡലങ്ങളിലെയും ഭരണ-പ്രതിപക്ഷ കക്ഷികളിലെ പ്രധാന നേതാക്കളുമായി രഹസ്യമായും പരസ്യമായും പവാര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കൂടാതെ ഹോളര്‍ സമുദായം, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, വ്യവസായികള്‍ എന്നിവരുടെ പ്രത്യേക യോഗങ്ങളെയും ബാരാമതിയിലെ സഹകരണ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തൊഴിലാളികളുമായും പ്രതിനിധികളുമായുള്ള യോഗങ്ങളെയും പവാര്‍ അഭിസംബോധന ചെയ്തിട്ടുണ്ട്.
സമീപകാലത്ത് ദേശീയ രാഷ്ട്രീയം കണ്ട കൗതുകപ്പോരിനാണ് ബാരാമതി സാക്ഷ്യം വഹിക്കുന്നത്. നേരിട്ട് വിജയിക്കാന്‍ കഴിയാത്ത സീറ്റുകളില്‍ ചെറുപാര്‍ട്ടികളെ നിര്‍ത്തിയും കക്ഷികളെ പിളര്‍ത്തിയും പിടിക്കുകയെന്ന ബി.ജെ.പി. തന്ത്രത്തിന്റെ ഒടുവിലത്തെ പരീക്ഷണശാലകൂടിയാണ്. പാര്‍ട്ടി സ്ഥാപകന്റെ മകള്‍ക്കെതിരെ, പാര്‍ട്ടി പിളര്‍ത്തി ചിഹ്നവും പേരും നേടിയെടുത്ത വിഭാഗം മത്സരിക്കുമ്പോള്‍ വാശിയേറിയപോരായിരിക്കും ഇവിടെ നടക്കുകയെന്ന് ഉറപ്പാണ്.
Content Highlights: Baramati Maharashtra Lok Sabha constituency election 2024
Published: 15 Apr 2024, 04:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented