മുംബൈ:  എന്‍.ഡി.എയില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് ക്ലീന്‍ചിറ്റ് കിട്ടിയിട്ടില്ലെന്നും നേരത്തേയും അഴിമതിക്കാരനായിരുന്നില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. പ്രതിപക്ഷത്തിരുന്നപ്പോള്‍ അവര്‍ക്ക് താന്‍ അഴിമതിക്കാരനായിരുന്നില്ല. എന്നാല്‍ എന്‍.ഡി.എയില്‍ ചേര്‍ന്നപ്പോള്‍ അവര്‍ക്ക് അഴിമതിക്കാരനായി മാറിയെന്നും അജിത് പവാര്‍ ഇന്ത്യ ടുഡെ ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ബി.ജെ.പിയുടെ വാഷിങ് മെഷീന്‍ തന്ത്രത്തില്‍  പെട്ടാണ് അജിത് പവാര്‍ എന്‍.ഡി.എയില്‍ ചേര്‍ന്നതെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അജിത് പവാര്‍. 

To advertise here,

ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയായിരുന്നു അജിത് പവാറിനെതിരേ പ്രതിപക്ഷം ഉന്നയിച്ചത്. ഇതില്‍ നിന്നും രക്ഷനേടാനായിരുന്നു എന്‍.ഡി.എയില്‍ ചേര്‍ന്നതെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ താന്‍ ബി.ജെ.പിയുടെ വാഷിങ് മെഷീനില്‍ പെട്ടിട്ടില്ലെന്നും കേസില്‍ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും അജിത് പവാര്‍ പറഞ്ഞു.

തനിക്കെതിരേ ഇപ്പോള്‍ അഴിമതിയുന്നയിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് താന്‍.  ഇ.ഡിയുടെ ഭീഷണികൊണ്ടല്ല എന്‍.സി.പി. ബി.ജെ.പിയില്‍ ചേര്‍ന്നത്. നേതാക്കള്‍ ഒറ്റക്കെട്ടായെടുത്ത തീരുമാനമായിരുന്നു. ഉദ്ധവ് സര്‍ക്കാരിന്റെ ഭാഗമായിരുന്ന സമയത്തുപോലും എം.എല്‍.എമാര്‍ക്കും എം.എല്‍.സിമാര്‍ക്കും ഈ വികാരമുണ്ടായിരുന്നുവെന്നും അജിത് പവാര്‍ പറഞ്ഞു.