ശ്രീനഗര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ് മുന്‍നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്. 
കശ്മീരിലെ അനന്തനാഗ്-രജൗരി മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുക. ആസാദിന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി(ഡി.പി.എ.പി) യാണ് വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

To advertise here,

ഡി.പി.എ.പി ചെയര്‍മാന്‍ ഗുലാം നബി ആസാദ് അനന്തനാഗ്-രജൗരി ലോക്സഭാ സീറ്റില്‍നിന്ന് മത്സരിക്കും. ഇന്ന് ചേര്‍ന്ന ഡി.പി.എ.പി വര്‍ക്കിങ് കമ്മിറ്റി മീറ്റിങ്ങിലാണ് തീരുമാനമെടുത്തത്.- പാര്‍ട്ടിയുടെ മുഖ്യവക്താവ് സല്‍മാന്‍ നിസാമി എക്സില്‍ കുറിച്ചു. കോണ്‍ഗ്രസ് വിട്ട് 2022-ലാണ് ഗുലാം നബി ആസാദ് ഡി.പി.എ.പി രൂപവത്കരിച്ചത്.

2014-ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉദംപുര്‍ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും ആസാദ് പരാജയപ്പെട്ടിരുന്നു. ഇക്കുറി ഇന്ത്യ മുന്നണിയുടെ ഭാഗമായ ജമ്മു ആന്‍ഡ് കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് മിയാന്‍ അല്‍ത്താപ് അഹമ്മദ് അനന്തനാഗ്-രജൗരി മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്നുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ ഹസ്നൈന്‍ മസൂദിയാണ് നിലവില്‍ മണ്ഡലത്തിലെ എം.പി.