വടകര: വടകരയിൽ കാഫിർ പരാമർശമുള്ള സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് വടകര എസ്പി ഓഫീസിലേക്ക് മുസ്‌ലിം യൂത്ത് ലീ​ഗ് മാർ‌ച്ച് നടത്തും. മെയ് ഒമ്പതിനാണ് മാർച്ച്. 

To advertise here,

സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും യൂത്ത് ലീ​ഗ് ഉന്നയിച്ചിട്ടുണ്ട്.  കൊടുത്ത പരാതിയിൽ കാര്യമായ അന്വേഷണം പൊലീസ് നടത്തുന്നില്ല. സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മുൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്നും തിരഞ്ഞെടുപ്പിന് ശേഷവും സിപിഎം തുടർച്ചയായി വെറുപ്പിന്റെ പ്രചരണം തുടരുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. 

നേരത്തേ പ്രചരിപ്പിക്കപ്പെട്ട വിവാദസന്ദേശം സത്യമാണെന്ന് തെളിയിക്കുന്നവർക്ക് മുസ്‌ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. വ്യാജമായി വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരിപ്പിച്ചതാണ് ഈ സന്ദേശമെന്നതിൽ സംശയമില്ല. ഇല്ലാത്ത പോസ്റ്റ് ഉണ്ടാക്കി സ്ക്രീൻഷോട്ടെടുത്ത് അത് സി.പി.എമ്മിന്റെ ഉയർന്ന നേതാക്കൾവരെ പ്രചരിപ്പിച്ചെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നും യൂത്ത് ലീഗ് പത്രസമ്മേളനത്തിൽ ആരോപിക്കുകയും ചെയ്തിരുന്നു.