തിരുവനന്തപുരം: സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ കെ.കെ. രമയ്ക്ക് പിന്നാലെ ആര്‍.എം.പി. കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. ഹരിഹരനെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും. ഹരിഹരന്റെ വിവാദ പ്രസ്താവന യു.ഡി.എഫ്. അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്ത്രീവിരുദ്ധമായ പരാമര്‍ശം പൂര്‍ണ്ണമായും തെറ്റാണ്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി.ഡി. സതീശനടക്കം വേദിയില്‍ ഉള്ളപ്പോഴായിരുന്നു കെ.എസ്. ഹരിഹരന്റെ വിവാദപരാമര്‍ശം. 

To advertise here,

പരാമര്‍ശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിഴവ് ബോധ്യപ്പെട്ട് നിര്‍വാജ്യം ഖേദപ്രകടനം നടത്തിയ ഹരിഹരന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ സംഘാടകരെന്ന നിലയില്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വി.ഡി. സതീശന്‍ അറിയിച്ചു.

തെറ്റ് പറ്റിയാല്‍ തിരുത്തുകയെന്നത് അനിവാര്യതയാണ്. വിവാദ പരാമര്‍ശം തള്ളിപ്പറഞ്ഞ ആര്‍.എം.പി. നേതൃത്വത്തിന്റെ സമീപനവും ഉചിതമായി. രാഷ്ട്രീയ ആരോപണങ്ങള്‍ മുന കൂര്‍പ്പിച്ച് ഉന്നയിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വടകരയിലെ വിവാദ അശ്ലീലവീഡിയോ വിഷയത്തില്‍ കെ.കെ. ശൈലജ, മഞ്ജു വാര്യര്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു ആര്‍.എം.പി. കേന്ദ്രകമ്മിറ്റി അംഗമായ കെ.എസ്. ഹരിഹരന്റെ വിവാദപരാമര്‍ശം. യു.ഡി.എഫ്- ആര്‍.എം.പി.ഐ. ജനകീയ കാമ്പയില്‍ ഉദ്ഘാടനച്ചടങ്ങിലെ പരാമര്‍ശം തീര്‍ത്തും സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ ഹരിഹരന്‍ ഫെയ്സ്ബുക്കില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചു. വടകരയില്‍ നടത്തിയ പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നാണ് ഹരിഹരന്റെ കുറിപ്പ്.