കോഴിക്കോട്: വടകരയിലെ വിവാദ അശ്ലീലവീഡിയോ വിഷയത്തില്‍ കെ.കെ. ശൈലജ, മഞ്ജു വാര്യര്‍ എന്നിവരുടെ പേരെടുത്തുപറഞ്ഞ് നടത്തിയ ആര്.എം.പി. കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്റെ സ്ത്രീവിരുദ്ധപരാമര്ശത്തെ തള്ളി കെ.കെ. രമ എം.എല്‍.എ.
യു.ഡി.എഫ്.- ആര്.എം.പി.ഐ. ജനകീയ കാമ്പയിന് ഉദ്ഘാടനച്ചടങ്ങിലെ വിവാദപരാമര്‍ശത്തെ പൂര്‍ണ്ണമായും തള്ളുന്നുവെന്ന് ആര്‍എംപി നേതാവായ രമ പറഞ്ഞു. പ്രസംഗമധ്യേ ഹരിഹരന്റെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും അവര്‍ വ്യക്തമാക്കി.
'ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒരാളുടേയും ഭാഗത്തുനിന്ന് ഉണ്ടാവരുത്. ആ നിലപാട് തന്നെയാണ് എക്കാലത്തുമുള്ളത്, ഈ വിഷയത്തിലും ഇപ്പോഴും ആ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ഒരു കാരണവശാലം അംഗീകരിക്കുകയില്ല, ന്യായീകരിക്കുകയില്ല. അതിനെ തള്ളിപ്പറയുന്നു. ഹരിഹരന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അതിനെ തള്ളിപ്പറയാന്‍ തയ്യാറായി എന്നതും നിര്‍വ്യാജം ഖേദംപ്രകടിപ്പിച്ചതും പോസിറ്റീവായ കാര്യമാണ്', കെ.കെ. രമ അഭിപ്രായപ്പെട്ടു.
ഹരിഹരന്റെ പരാര്‍ശം തീര്‍ത്തും സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ ഹരിഹരന് ഫെയ്സ്ബുക്കില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചു. വടകരയില്‍ നടത്തിയ പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നാണ് ഹരിഹരന്റെ കുറിപ്പ്.
Content Highlights: KK Rema against KS Hariharan on UDF- RMP controversial statement
Published: 12 May 2024, 09:22 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented